കൊല്ലം: പ്രധാനാധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് പരാതി.കൊട്ടാരക്കര ഓടനാവട്ടം കെ ആര്‍ ജി പി എം എച്ച് എസ് എസിലെ 17 കാരന്‍ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഗുരുതരവസ്ഥയിലുളള വിദ്യാര്‍ത്ഥി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
ജൂണ്‍ 19 ന് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റമേല്‍ക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്.സ്ഥലത്തെ സിസിടിവി പരിശോധിക്കണമെന്ന കുട്ടിയുടെ ആവശ്യവും പ്രിന്‍സിപ്പാള്‍ തളളി. വിദ്യാര്‍ത്ഥി തെറ്റുകാരന്‍ അല്ലെന്ന് സഹപാഠികളും സാക്ഷ്യപ്പെടുത്തിയതായി വീട്ടുകാര്‍ പറയുന്നു.
കുറ്റം ഏല്‍ക്കാതിരുന്ന വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. നിരപരാധിത്വം ബോധിപ്പിക്കാന്‍ ക്ലാസ്ടീച്ചറെയടക്കം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതോടെയാണ് അമിതമായി ഗുളികകള്‍ കഴിച്ച് കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
മകന്റെ ടി സി ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. പ്രിന്‍സിപ്പാളിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിലും വീട്ടുകാര്‍ പരാതി നല്‍കി.
















