ന്യൂദൽഹി ; ഒബിസികളുടെ രണ്ടാമത്തെ അംബേദ്കറാണ് രാഹുൽ ഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് . രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ഒബിസി ഔട്ട്റീച്ച് പ്രോഗ്രാമിനെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് ഉദിത് രാജിന്റെ എക്സ് പോസ്റ്റ്.
“ചരിത്രം വീണ്ടും വീണ്ടും പുരോഗതിക്ക് അവസരങ്ങൾ നൽകുന്നില്ലെന്ന് ഒബിസികൾ ചിന്തിക്കേണ്ടിവരും. തൽക്കത്തോറ സ്റ്റേഡിയം സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് അവർ പിന്തുടരുകയും പിന്തുണയ്‌ക്കുകയും വേണം. അവർ അങ്ങനെ ചെയ്താൽ, രാഹുൽ ഗാന്ധി അവർക്ക് രണ്ടാമത്തെ അംബേദ്കറാണെന്ന് തെളിയിക്കപ്പെടും,” ഉദിത് രാജ് എക്‌സിൽ പോസ്റ്റ് ചെയ്തു.
ഒബിസി സമൂഹം നേരിടുന്ന വെല്ലുവിളികൾ പൂർണ്ണമായി മനസ്സിലാക്കുന്നതിൽ കോൺഗ്രസ് ചരിത്രപരമായി പരാജയപ്പെട്ടുവെന്ന് രാഹുൽ തുറന്നു സമ്മതിച്ചിരുന്നു. “ദളിതരുടെയും ആദിവാസികളുടെയും വേദന എനിക്ക് എപ്പോഴും മനസ്സിലായിരുന്നു, പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലാകുന്നത് ഒബിസികളുടെ ആശങ്കകൾ എനിക്ക് വേണ്ടത്ര ആഴത്തിൽ മനസ്സിലായിട്ടില്ല എന്നാണ്. അതാണ് എന്റെ പോരായ്‌മ,” എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
അതേസമയം ഉദിത് രാജിന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല രംഗത്തെത്തി . “യഥാർത്ഥ അംബേദ്കറെ ഒരിക്കലും ബഹുമാനിക്കാത്ത കോൺഗ്രസ് ഇപ്പോൾ രണ്ടാമത്തെ ബിആർ അംബേദ്കറിനെക്കുറിച്ച് സംസാരിക്കുകയാണെന്ന് “ ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
ദലിതുകളെയും ബിആർ അംബേദ്കറെയും അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയിരിക്കുന്നു… ആരാണ് “ഒറിജിനൽ” അംബേദ്കറെ അപമാനിച്ചത്? ആരാണ് അദ്ദേഹത്തിന് ഭാരതരത്നം നൽകാത്തത്? ജമ്മു കശ്മീരിൽ അദ്ദേഹത്തിന്റെ ഭരണഘടന നടപ്പിലാക്കാൻ ആരാണ് അനുവദിക്കാത്തത്? മുസ്ലീം സംവരണത്തെക്കുറിച്ച് ആരാണ് സംസാരിച്ചത്?
ആരാണ് സംവരണം മോശമാണെന്ന് പറഞ്ഞത്… ജവഹർലാൽ നെഹ്‌റു തന്നെ . എന്നിട്ട് ഇപ്പോൾ അവർ നെഹ്‌റുവോ ഇന്ദിരാഗാന്ധിയോ അല്ല, രണ്ടാമത്തെ അംബേദ്കറാകാൻ ആഗ്രഹിക്കുന്നു? ഇതിനർത്ഥം ഗാന്ധി കുടുംബം നെഹ്‌റുവും ഇന്ദിരാഗാന്ധിയും തെറ്റായ പാതയിലാണെന്ന് സമ്മതിക്കുന്നു എന്നാണ്… കോൺഗ്രസ് ഒരു കുടുംബത്തെ മാത്രം ആരാധിക്കുന്നതിൽ വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
















