പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചാത്തനൂര്‍ ഗവ.സ്‌കൂള്‍ അധ്യാപകന്‍ കെ സി വിപിനെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐനല്‍കിയ പരാതിയിലാണ് ചാലിശേരി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രകടനം നടത്തിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ വിഎസിനെ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസിന്‍ അഹമ്മദിനെ വണ്ടൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വിഎസിനെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട അധ്യാപകന്‍ തിരുവനന്തപുരം നഗരൂര്‍ സ്വദേശിയായ അനൂപിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ച് പോസ്റ്റിട്ട എറണാകുളം ഏലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക വൃന്ദ വിമ്മിക്കെതിരെയും പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വിഎസ് ദ്രോഹിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറക്കരുത് എന്ന് പറഞ്ഞായിരുന്നു വിഎസിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പോസ്റ്റ്.
വിഎസ് അച്യുതാനന്ദനെതിരെ വര്‍ഗീയ പോസ്റ്റിട്ട അധ്യാപകനും ജമാ അത്തൈ പ്രവര്‍ത്തകനുമായ പി എസ് അബ്ദുള്‍ റഹിം ഉമരിക്കെതിരെയും പരാതി ഉയര്‍ന്നു. ഇതില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ ആലുവ റൂറല്‍ പൊലീസ് അന്വേഷണം തുടങ്ങി. ജെഎന്‍യുവില്‍ നിന്ന് ഇന്റിര്‍നാഷണല്‍ പോളിറ്റിക്‌സില്‍ പിഎച്ച്ഡി ബിരുദധാരിയാണ് പി എസ് അബ്ദുള്‍ റഹിം ഉമരി. വി എസ് മുസ്ലീം വിരുദ്ധനെന്ന് പറഞ്ഞാണ് വര്‍ഗീയ പോസ്റ്റ്.
















