ബെംഗളൂരു: ജിഎസ്ടി നോട്ടീസുകള്‍ക്കെതിരെ ചെറുകിട വ്യാപാരികളും കച്ചവടക്കാരും 25 ന് വെള്ളിയാഴ്ച നടത്താനിരുന്ന ബെംഗളൂരു ബന്ദ് പിന്‍വലിച്ചു. ബെംഗളൂരുവിലെ ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കടകള്‍ എന്നിവയുള്‍പ്പെടെ എല്ലാ സേവനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കും. ചെറുകിട വ്യാപാരികളും മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ബന്ദ് പിന്‍വലിച്ചത്.
യുപിഐ വഴി വാര്‍ഷിക ഇടപാടുകള്‍ 40 ലക്ഷം രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ക്ക് സംസ്ഥാന വാണിജ്യ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ബന്ദ് പ്രഖ്യാപിച്ചത്. മുന്‍കാല നികുതി ഈടാക്കുമെന്ന് ഭയന്ന് പല കച്ചവടക്കാരും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നിര്‍ത്തിയിരുന്നു.
















