സൂററ്റ് : ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) നടത്തിയ വലിയ ഓപ്പറേഷനിൽ നാല് അൽ-ഖ്വയ്ദ ഭീകരർ പിടിയിൽ. ദൽഹിയിൽ നിന്നും നോയിഡയിൽ നിന്നുമായി ഓരോരുത്തർ വീതവും രണ്ട് പേരെ ഗുജറാത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ നാല് ഭീകരർ 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളെയും നിരവധി സ്ഥലങ്ങളെയും ആക്രമിക്കാനുള്ള പദ്ധതി ഇവർ ഇട്ടിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. സോഷ്യൽ മീഡിയ ആപ്പുകൾ വഴിയാണ് ഈ നാല് ഭീകരരും പരസ്പരം ബന്ധപ്പെട്ടിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇതിനുപുറമെ ഇവരുടെ അതിർത്തി കടന്നുള്ള ബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓപ്പറേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എടിഎസ് പിന്നീട് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2023-ൽ ഈ ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഹമ്മദാബാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാല് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ ഭീകരർ
- ദൽഹിയിലെ ഫറാഷ്ഖാനയിലെ മിർ മദാരി ഗാലിയിൽ താമസിക്കുന്ന മുഹമ്മദ് റിസ്വാന്റെ മകൻ മുഹമ്മദ് ഫായിഖ്
- ഗുജറാത്തിലെ അഹമ്മദാബാദിലെ ഫത്തേവാഡിയിലെ ഗുൽമോഹർ ടെനമെന്റ്സിൽ താമസിക്കുന്ന മുഹമ്മദ് റയീസിന്റെ മകൻ മുഹമ്മദ് ഫുർദിൻ
- ഗുജറാത്തിലെ മൊഡാസയിലെ വിനായക് സിനിമയിലെ ഭോയ് വാഡയ്‌ക്ക് സമീപം ഖതകിവാഡയിൽ താമസിക്കുന്ന മുഹമ്മദ് റഫീഖിന്റെ മകൻ സൈഫുല്ല ഖുറേഷി
- ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 63 ലെ എച്ച്. നമ്പർ 77 ഛജാർസി കോളനിയിൽ താമസിക്കുന്ന ആസിഫ് അലിയുടെ മകൻ സീഷൻ അലി
അതേ സമയം ലോകത്തിലെ ഏറ്റവും അപകടകരമായ ഭീകര സംഘടനകളിൽ ഒന്നായി അൽ-ഖ്വയ്ദ കണക്കാക്കപ്പെടുന്നു. ഐക്യരാഷ്‌ട്രസഭ, നാറ്റോ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്. 1988-ൽ ഒസാമ ബിൻ ലാദൻ, അബ്ദുള്ള അസം തുടങ്ങിയവർ ചേർന്നാണ് ഇത് സ്ഥാപിച്ചത്.
സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശത്തെ ചെറുക്കുന്ന പോരാളികളെ പിന്തുണയ്‌ക്കുന്നതിനായാണ് ഈ സംഘടന രൂപീകരിച്ചത്. 2011-ൽ ഒസാമ ബിൻ ലാദന്റെ മരണശേഷം, അയ്‌മാൻ അൽ-സവാഹിരി അതിന്റെ നേതൃത്വം ഏറ്റെടുത്തു. 2022 ജൂലൈയിൽ സവാഹിരിയുടെ മരണശേഷം, അൽ-ഖ്വയ്ദ ഇതുവരെ പുതിയ നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല,
എന്നാൽ സെയ്ഫ് അൽ-അദലിനെ യാണ് അതിന്റെ അടുത്ത നേതാവായി കണക്കാക്കുന്നത്.
















