ലക്നൗ : ബംഗ്ലാദേശിൽ നിന്ന് കുടിയിറക്കപ്പെട്ട 10,000 ത്തിലധികം ഹിന്ദു കുടുംബങ്ങൾക്ക് നിയമപരമായി ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാൻ തീരുമാനിച്ച് ഉത്തർപ്രദേശ് . ഇതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വമ്പൻ പദ്ധതിയും ആസൂത്രണം ചെയ്തു.
മതപരമായ പീഡനം, വംശഹത്യ, കുടിയിറക്കം എന്നിവയുടെ ഇരകളായ ഈ കുടുംബങ്ങൾ ആറ് പതിറ്റാണ്ടിലേറെയായി പിലിഭിത്ത്, റാംപൂർ, ബിജ്‌നോർ, ലഖിംപൂർ ഖേരി ജില്ലകളിലാണ് കഴിയുന്നത്. 1960 നും 1975 നും ഇടയിൽ ഭൂമി അനുവദിച്ചിരുന്നെങ്കിലും, ഭരണപരമായ കുഴപ്പങ്ങൾ, കാലഹരണപ്പെട്ട നിയമങ്ങൾ എന്നിവ കാരണം അവർക്ക് ഒരിക്കലും ഈ ഭൂമി നൽകിയിരുന്നില്ല .
ഇപ്പോൾ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ, ഈ ചരിത്രപരമായ അനീതി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ബംഗ്ലാദേശിൽ ഇസ്ലാമിക പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് ഭാരതത്തിൽ അഭയം കണ്ടെത്തിയ ഈ ഹിന്ദു അഭയാർത്ഥി കുടുംബങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ക്രമപ്പെടുത്തുന്നതിനും ഔപചാരികമാക്കുന്നതിനും മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിച്ചുവെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു.
“ ഇത് ഭൂമി കൈമാറ്റത്തിന്റെ മാത്രം കാര്യമല്ല. നീതിയുടെയും മനുഷ്യത്വത്തിന്റെയും ദേശീയ ഉത്തരവാദിത്തത്തിന്റെയും പ്രശ്നമാണ്. ഈ ആളുകൾ പുറത്തുനിന്നുള്ളവരല്ല. ഭാരതത്തിന്റെ പുത്രന്മാരും പുത്രിമാരുമാണ് അവർ. അവരുടെ ജീവിതത്തിന് അന്തസ്സ് പുനഃസ്ഥാപിക്കുക എന്നത് നമ്മുടെ ധാർമ്മിക കടമയാണ്.” – യോഗി പറഞ്ഞു.
60 വർഷത്തിലേറെയായി ഇത്തരത്തിൽ കഴിയുന്ന എല്ലാ കുടുംബങ്ങളെയും തിരിച്ചറിയാനും, ഉടമസ്ഥാവകാശം പരിശോധിക്കാനും, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകാനും, റവന്യൂ രേഖകൾ പുതുക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു
















