തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്. മുൻകൂട്ടി നിശ്ചയിച്ചതുപോലെ ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിൽ പ്രിയ നേതാവിന് അന്തിമോപചാരമർപ്പിക്കാൻ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെത്തി.
രാവിലെ 9 മുതൽ ദർബാർ ഹാളിൽ നടന്ന പൊതുദർശനമാണ് രണ്ടോടെ അവസാനിച്ചത്. പതിനായിരങ്ങളാണ് പ്രായഭേദമന്യേ പ്രിയ സഖാവിനെ അവസാനനോക്ക് കാണാനായി ദർബാർ ഹാളിലെത്തിയത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. പ്രത്യേകം തയാറാക്കിയ കെ എസ് ആർ ടി സി ബസിലാണ് വി എസിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കുന്നത്.
ഇന്നു രാത്രി ഒൻപതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. പിന്നെ, വിഎസ് ജനമനസ്സുകളിൽ മായാത്ത ഓർമ. തിരുവനന്തപുരം നഗരത്തിലെ പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങൂംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, ആറ്റിങ്ങൽ മൂന്നുമുക്ക്, ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്, കച്ചേരി നട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28ാം മൈൽ, കടമ്പാട്ടുകോണം എന്നിവിടങ്ങൾ വഴിയാണ് വിലാപയാത്ര കടന്നുപോകുന്നത്.















