വ്യത്യസ്തമാർന്ന വസ്ത്രധാരണം കൊണ്ടും ഫാഷൻ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്ന വ്യക്തിയാണ് ഉർഫി ജാവേദ്. എന്നാൽ, ഇപ്പോൾ ശ്രദ്ധനേടുന്നത് ചുണ്ടുകൾക്ക് നടത്തിയ മാറ്റം കൊണ്ടാണ്. തന്റെ ലിപ് ഫില്ലറുകൾ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്നാണ് താരം പറയുന്നത്. ഇത് ശരിയാക്കാൻ തീരുമാനിച്ചതായും ഇതിന്റെ വിഡിയോ പങ്കുവച്ച് ഉർഫി വ്യക്തമാക്കി.
ചുണ്ടുകളിൽ ഉണ്ടായിരുന്ന ഫില്ലർ അലിയിക്കുന്നതിനായി ഡോക്ടർ കുത്തിവയ്‌ക്കുന്നതിന്റെയും ഇതിനെ തുടർന്ന് വേദനയോടെ നീരുവച്ച് ചുവന്നു തടിച്ച ചുണ്ടുകളുടെയും കവിളുകളുടെയും ദൃശ്യങ്ങൾ വിഡിയോയിൽ ഉണ്ട്. ഇതിലൂടെ, തന്റെ ചുണ്ടുകളുടെ ഭംഗി വർദ്ധിപ്പിക്കാൻ താൻ അനുഭവിച്ച ബുദ്ധിമുട്ട് അവർ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു കുത്തിവെപ്പിലൂടെ ചുണ്ടുകൾക്ക് കൂടുതൽ വലുപ്പം ലഭിക്കാൻ ചെയ്യുന്ന സൗന്ദര്യവർധക ചികിത്സയാണ് ലിപ് ഫില്ലറുകൾ. ലാഫ് ലൈനുകൾ പോലുള്ള ചുളിവുകൾ കുറയ്‌ക്കാനും ഫില്ലറുകൾ സഹായിക്കും.
സൗന്ദര്യം വർദ്ധിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ശരിയായ വിദഗ്‌ദ്ധർക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ. വ്യാജന്മാരുടെ കൈകളിൽ അകപ്പെട്ടാൽ, ഉർഫി ജാവേദിന് സംഭവിച്ച അതേ അവസ്ഥ മറ്റുള്ളവർക്കും സംഭവിക്കാം. ആ സന്ദേശം നൽകാനാണ് ഉർഫി ജാവേദ് ഈ വീഡിയോ പങ്കിട്ടത്.













