ബെംഗളൂരു: കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തിന് പുറത്തും നേത്രാവതി നദിയുടെ തീരത്തും സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേരെ കഴിച്ചുമൂടിയിട്ടുണ്ടെന്ന ക്ഷേത്രത്തില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നയാള്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിജസ്ഥിതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിജിപി പ്രൊണബ് മൊഹന്തിയുടെ നേതൃത്വത്തിലാണ് നാലംഗ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. എംഎന്‍ അനുജേത് (ഡിഐജി-റിക്രൂട്ട്മെന്‍റ്), സൗമ്യലത (സിറ്റി ആംഡ് റിസര്‍വ്വ്), ജിതേന്ദ്രകുമാര്‍ ദയാമ (എസ് പി) എന്നിവരാണ് അന്വേഷണസംഘത്തിലുള്ള മറ്റു മൂന്ന് പേര്‍.
വനിതാ കമ്മീഷനും ആക്ഷന്‍ കൗണ്‍സിലും നടത്തിയ സമരങ്ങളും സമ്മര്‍ദ്ദങ്ങലും യൂട്യൂബര്‍മാരും വാര്‍ത്താചാലനുകളും നടത്തിയ വെളിപ്പെടുത്തലുകളും ചേര്‍ന്നുണ്ടായ സമ്മര്‍ദ്ദാന്തരീക്ഷത്തില്‍ പെട്ടെന്ന് തന്നെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആക്ഷന്‍ കൗണ്‍സിലിന് കൂടി സ്വീകാര്യനായ ഉദ്യോഗസ്ഥനാണ് പ്രൊണബ് മൊഹന്തി.
ധര്‍മ്മസ്ഥലയിലെ കൊലപാതകവിവാദം പലപ്പോഴായി കര്‍ണ്ണാടകത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ 2012ല്‍ സൗജന്യ എന്ന കോളെജ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തോടെയാണ് ഇത് വലിയ പ്രതിഷേധസമരങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിച്ചത്. അന്ന് മഞ്ജുനാഥ ക്ഷേത്രത്തിലെ ഒരു ജീവനക്കാരനായ സന്തോഷ് റാവുവിനെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയതോടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് സന്തോഷ് റാവുവിനെ വിട്ടയച്ചു. ഇതോടെ ചില ക്ഷേത്രഭാരവാഹികള്‍ കൊലപാതകികളെ സംരക്ഷിക്കുന്നു എന്ന ചില ആരോപണങ്ങള്‍ ഉണ്ടായത്.
അതിന്ശേഷം സമീര്‍ എ.ഡി. എന്ന യൂട്യൂബര്‍ ആണ് ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍ സംബന്ധിച്ച് ഒരു യൂട്യൂബ് വീഡിയോ പങ്കുവെയ്‌ക്കുന്നത്. കുറച്ചുനാള്‍ അന്വേഷണങ്ങള്‍ നടത്തിയതിന്റെ ഫലായാണ് ഇയാള്‍ ഈ വീഡിയോ ചെയ്തത്. എഐ സഹായത്തോടെ സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ട ഈ വീഡിയോ ഏകദേശം ഒന്നേമുക്കാല്‍ കോടി പേര്‍ വീക്ഷിച്ചിരുന്നു. ഈ വീഡിയോ വീണ്ടും ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍ ചര്‍ച്ചാവിഷയമാക്കി. ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി അരുണ്‍ കെ ഒരു മികച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. ഒന്നേമുക്കാല്‍ കോടി പ്രേക്ഷകര്‍ കണ്ടു എന്ന് പറയപ്പെടുന്ന സമീര്‍ എം.ഡിയുടെ വീഡിയോ എസ് പി അരുണ്‍ കെയുടെ നിര്‍ദേശപ്രകാരം യൂട്യൂബില്‍ നിന്നും പിന്‍വലിച്ചിരുന്നു. സമീറിന്റെ വീഡിയോ എഐ ചിത്രങ്ങളുടെ സഹായത്തോടെ ഊതിപ്പെരുപ്പിച്ച, വലിയ ഭീതി ഉളവാക്കുന്ന വീഡിയോ ആണെന്നായിരുന്നു ജില്ല പൊലീസ് മേധാവി അരുണ്‍ കെയുടെ വാദം. യഥാര്‍ത്ഥസംഭവത്തെ അതിനേക്കാള്‍ പതിന്മടങ്ങ് പെരുപ്പിച്ച് കാണിക്കുന്ന രീതിയിലായിരുന്നു സമീറിന്റെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ പേരില്‍ ഈ യൂട്യൂബ് വീഡിയോ പിന്‍വലിക്കുകയും സമീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം കൂടുതല്‍ വിവാദമായി.
അതിനിടെയാണ് മഞ്ജുനാഥക്ഷേത്രത്തില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഒരു ദളിത് ജീവനക്കാരന്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഈ ക്ഷേത്രത്തിലെ ജീവനക്കാരനായി ജോലി ചെയ്യുമ്പോള്‍ നൂറില്‍പ്പരം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജഡങ്ങള്‍ തന്നെക്കൊണ്ട് ചിലര്‍ മറവ് ചെയ്യുകയും കത്തിച്ചുകളയുകയും ചെയ്തിട്ടുണ്ടെന്നും ഇതില്‍ പലരും ബലാത്സംഗത്തിന് ഇരയായവരാണെന്നും ആയിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടികള്‍ പലര്‍ക്കും അടിവസ്ത്രങ്ങള്‍ ഇല്ലായിരുന്നെന്നും സ്വകാര്യഭാഗങ്ങളില്‍ മണ്ണ് കയറ്റി ക്രൂരമായി മുറിവേല്‍പിച്ചിട്ടുണ്ടെന്നും ചിലരുടെ കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയതിന്റെ പാടുകള്‍ ഉണ്ടായിരുന്നെന്നും ഇയാള്‍ അവകാശപ്പെട്ടു. ചെറിയ പെണ്‍കുട്ടികളുടെ ജഡം സ്കൂള്‍ ബാഗോടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്നും ഇയാള്‍ അഭിഭാഷകരുടെ സഹായത്തോടെ പ്രത്യേകം എഴുതിയ കത്തില്‍ പറയുന്നു. ഏകദേശം നൂറോളം പേരെ താന്‍ മഞ്ജുനാഥക്ഷേത്രത്തിന് പുറത്തുള്ള മരങ്ങള്‍ നിറഞ്ഞ കാടുപോലെ കിടക്കുന്ന പ്രദേശങ്ങളിലും അതിനടുത്തുകൂടെ ഒഴുകുന്ന നേത്രാവതി നദിയുടെ തീരത്തുമായാണ് താന്‍ കുഴിച്ചുമൂടിയതെന്നും അയാള്‍ പറയുന്നു. തന്റെ തന്നെ ബന്ധുവായ 12 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുടെ ജഡം കൂടി കുഴിച്ചിടേണ്ടി വന്നപ്പോഴാണ് തനിക്ക് ഭയമായതെന്നും അതോടെ താന്‍ ക്ഷേത്രജോലി വിട്ടു മറ്റൊരു സംസ്ഥാനത്തേക്ക് പോയെന്നും ഇയാള്‍ പറയുന്നു. പിന്നീട് കര്‍ണ്ണാടകയിലെ ഓജസി ഗൗഡ, സച്ചിന്‍ ദേശ് പാണ്ഡെ എന്നീ രണ്ട് യുവ അഭിഭാഷകരുടെ സംരക്ഷണത്തിള്‍ ഈ ശുചീകരണത്തൊഴിലാളി മജിസ്ട്രേറ്റിന് മുന്‍പാകെ തനിക്കറിയാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇനിയും സത്യം വെളിപ്പെടുത്തിയില്ലെങ്കില്‍ തനിക്ക് ഭ്രാന്ത് വരുമെന്നും കുഴിച്ചിട്ട ജഡങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ തനിക്ക് കര്‍മ്മങ്ങള്‍ ചെയ്യണമെന്നും ശുചീകരണത്തൊഴിലാളി പറയുന്നു. സത്യം വെളിപ്പെടുത്തുന്ന സാക്ഷിക്ക് 164ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം അനുവദിക്കുമെന്ന വ്യവസ്ഥയിലാണ് കാര്യങ്ങള്‍ എല്ലാം ഇയാള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. 1995 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ താന്‍ നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നും ഇത് വെളിയില്‍പ്പറഞ്ഞാല്‍ കഷണം കഷണമായി മുറിക്കുമെന്ന് ഇതിന് പിന്നിലുള്ളവര്‍ ഭീഷണിപ്പെടുത്തിയതായും ശുചീകരണത്തൊഴിലാളി പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവരാണ് ഉത്തരവാദികള്‍ എന്ന് അവകാശപ്പെട്ട് ഈ തൊഴിലാളി തന്നെക്കൊണ്ട് ജഡങ്ങള്‍ കുഴിച്ചിടാനും കത്തിച്ചുകളയാനും പ്രേരിപ്പിച്ച കുറ്റവാളികളായവരുടെ പേരുകള്‍ സുപ്രീംകോടതിയ്‌ക്ക് നല്‍കാനായി സീല്‍ വെച്ച കവറില്‍ ഈ ശുജീകരണത്തൊഴിലാളിക്ക് വേണ്ടി വാദിക്കുന്ന അഡ്വ. കെ.വി. ധനഞ്ജയ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ ഏല്‍പിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ ആയിരക്കണക്കിന് യുട്യൂബര്‍മാര്‍ വീഡിയോകളുമായി രംഗത്തെത്തിയതോടെ പ്രശ്നം കൂടുതല്‍ വിവാദമായി ഇതിന് പുറമെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദേശത്തുള്ളവര്‍ സമരവും ശക്തമാക്കി. കര്‍ണ്ണാടക വനിതാകമ്മീഷന്‍ ഈ പ്രദേശത്തെ പെണ്‍കുട്ടികളുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തതോടെ സിദ്ധരാമയ്യ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കൂടി. ശുചീകരണത്തൊഴിലാളി തന്നെ ചിലയിടങ്ങള്‍ കുഴിച്ചപ്പോള്‍ എല്ലു കിട്ടിയതായും പറയുന്നു.
ഇതിനിടെ ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ മണിപ്പാല്‍ മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന അനന്യഭട്ടിന്റെ തിരോധാനം വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അന്ന് ബംഗാളില്‍ സിബിഐയില്‍ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുന്ന സുജാതാഭട്ട് ധര്‍മ്മസ്ഥലയില്‍ മകളെ അന്വേഷിക്കാന്‍ എത്തിയിരുന്നു. ഇവര്‍ ബെല്‍തങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അനങ്ങിയില്ല. അതിന് ശേഷം ഇവര്‍ പരാതിയുമായി മഞ്ജുനാഥക്ഷേത്രത്തിലെ ഭാരവാഹികളെ കാണാന്‍ ചെന്നപ്പോള്‍ തനിക്ക് ദുരനുഭവമുണ്ടായതായി സുജാതഭട്ട് നടത്തിയ വെളിപ്പെടുത്തലും നാടിനെ ഞെട്ടിച്ചിരുന്നു. സുജാതാഭട്ടും ഇപ്പോള്‍ വിവാദം പുറത്തുവന്നതോടെ ശക്തമായി ആക്ഷന്‍ കൗണ്‍സിലിന് മുന്‍പില്‍ നിലകൊള്ളുന്നുണ്ട്.
1995 മുതലുള്ള കൊലപാതകങ്ങളും ശവം മറവുചെയ്യലുമാണ് ശുചീകരണത്തൊഴിലാളി പറഞ്ഞതെങ്കില്‍ 1979ല്‍ വേദവല്ലി ടീച്ചര്‍ എന്ന യുവതിയുടെ കൊലപാതകത്തോടെയാണ് ധര്‍മ്മസ്ഥലയിലെ കൊലപാതകപരമ്പര തുടങ്ങുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അവകാശപ്പെടുന്നു. 2021ല്‍ സില്‍ജറാണി എന്ന പെണ്‍കുട്ടിയെ ഈ പ്രദേശത്ത് നിന്നും കാണാതായിരുന്നു. ഇത് ലവ് ജിഹാദാണെന്ന് പറഞ്ഞ് അവരുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സില്‍ജാറാണിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മഞ്ജുനാഥക്ഷേത്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പല തരത്തിലുള്ള സംഘങ്ങള്‍ ചിലന്തിവല പോലെ ഇവിടെ പ്രാര്‍ത്ഥിക്കാനെത്തുന്ന സ്ത്രീകളെ ചിലന്തിവല പോലെ കുടുക്കി ബലാത്സംഗം ചെയ്ത് കൊല്ലുകയാണെന്ന ചില സാധാരണബുദ്ധിക്ക് നിരക്കാത്ത ചില ആരോപണങ്ങള്‍ ആക്ഷന്‍ കൗണ്‍സിലില്‍ ഉള്ളവര്‍ തന്നെ യുട്യൂബുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ദിവസേന 50000 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്കുന്ന ഈ ക്ഷേത്രത്തില്‍, ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും തീര്‍ത്ഥാടകര്‍ എത്തുന്ന പുണ്യസ്ഥലത്ത് പരസ്യമായി അങ്ങിനെ ചെയ്യാന്‍ കഴിയുന്ന ഒരു അന്തരീക്ഷമില്ലാതിരിക്കെ ഇത്തരം അവകാശവാദങ്ങള്‍ എല്ലാം ഊതിപ്പെരുപ്പിക്കലാണ്.
ലോറി മനാഫ് പോലെയുള്ള വ്യക്തികള്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഇവിടെ കൊല ചെയ്യപ്പെട്ടു എന്ന രീതിയില്‍ ഊതിപ്പെരുപ്പിച്ച മരണക്കണക്കുകള്‍ നല്‍കുന്നുണ്ട്. കര്‍ണ്ണാടകയില്‍ നിന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഏകദേശം 22,000 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ടെന്നും ഈ തിരോധാനമെല്ലാം ധര്‍മ്മസ്ഥയിലെ ഗൂണ്ടാസംഘങ്ങളാണെന്ന മട്ടിലും ചില വീഡിയോകളും വരുന്നുണ്ട്. വ്യൂസ് കൂട്ടാന്‍ വേണ്ടി ധര്‍മ്മസ്ഥല കൊലപാതകം യുട്യൂബര്‍മാര്‍ പല രീതിയില്‍ മസാല പുരട്ടി ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്. ഇതെല്ലാം സംഭവത്തെക്കുറിച്ച് കൂടുതല്‍ ഭീതി പരത്താന്‍ മാത്രമേ ഉപകരിക്കൂ.
മറവുചെയ്യപ്പെട്ടവരുടെ എല്ലുകളും തലയോട്ടികളും പുറത്തെടുത്ത് ഫോറന്‍സിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചാല്‍ ഡിഎന്‍എ ലഭിക്കുമെന്നും ഇതില്‍ നിന്നും കൊല്ലപ്പെട്ടവര്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ചില കുറ്റാന്വേഷണവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും പ്രത്യേക അന്വേഷണസംഘം എത്തിയതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ഏകദേശം 50000 പേര്‍ക്ക് ദിവസേന സൗജന്യ ഭക്ഷണം നല്‍കുന്ന പുണ്യസ്ഥലം കൂടിയാണ് ധര്‍മ്മസ്ഥല. ഇന്ത്യയുടെ പലഭാഗത്ത് നിന്നും ഇവിടേക്ക് തീര്‍ത്ഥാടകര്‍ എത്തുകയും ചെയ്യുന്ന സുപ്രസിദ്ധസ്ഥലം കൂടിയാണ്. മൂകാംബികയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മലയാളികള്‍ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലും ധര്‍മ്മസ്ഥലയിലും പോവുകയും പതിവാണ്. ദുരുദ്ദേശ്യപരമായി കേരളത്തില്‍ എത്ര പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട് കേസ് അന്വേഷിക്കാന്‍ സത്യസന്ധരായ പൊലീസുകാരുടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഈ സംഭവത്തിന്റെ പേരില്‍ ഒരു മുതലെടുപ്പും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
ധര്‍മ്മസ്ഥലയിലെ മരണങ്ങള്‍ ചില യൂട്യൂബര്‍മാര്‍ ഊതിപ്പെരുപ്പിച്ച് ഭീതി പരത്തുന്നതിന് പിന്നില്‍ ചിലര്‍ വര്‍ഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. ബിജെപിയ്‌ക്ക് മേല്‍ക്കൈയുള്ള ഒരു സ്ഥലമാണ് ധര്‍മ്മസ്ഥല ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ല. ഇവിടെ ഇസ്ലാമിക ശക്തികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനും ശ്രമിച്ചുവരുന്ന പ്രദേശമാണ്. ഇതിന്റെ ഭാഗമായി പ്രവീണ്‍ നെട്ടാരു ഉള്‍പ്പെടെ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈ കൊലപാതകത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള സംഘങ്ങളായിരുന്നു. അവരെ എന്‍ഐഎ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനാല്‍ ധര്‍മ്മസ്ഥല കൂട്ടക്കൊലയ്‌ക്ക് പിന്നിലെ കൊലപാതകികളെ തേടുമ്പോള്‍ തന്നെ വര്‍ഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും ആവശ്യം ഉയരുന്നുണ്ട്.
എന്താണ് ധര്‍മ്മസ്ഥല?
കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങടി താലൂക്കിൽ നേത്രാവതി നദിക്ക് സമീപമായുള്ള ഒരു ക്ഷേത്രനഗരമാണ് ധർമ്മസ്ഥല . ധർമ്മസ്ഥലയിലെ ശ്രീമഞ്ജുനാഥ ക്ഷേത്രം പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രമാണ്.
ശ്രീമഞ്ജുനാഥ ക്ഷേത്രം
800 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. ശൈവപാരമ്പര്യത്തിലുള്ള ഈ ക്ഷേത്രത്തിലെ പൂജാരിമാർ വൈഷ്ണവരായ മാധ്വ ബ്രാഹ്മണരാണെന്നതും ക്ഷേത്രനടത്തിപ്പ് ജൈനമതസ്ഥരായ ഒരു ബന്ത് കുടുംബവുമാണെന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇപ്പോഴത്തെ ക്ഷേത്രം ഭരണാധികാരി വീരേന്ദ്ര ഹെഗ്ഗഡെ ആണ്. തന്റെ 19ാം വയസ്സില്‍ ക്ഷേത്രഭരണാധികാരിയ ഇദ്ദേഹം മാറി. 1968ല്‍ ഈ പദവിയില്‍ എത്തിയ ശേഷം ഇദ്ദേഹം തന്നെയാണ് ഇവിടം ഭരിയ്‌ക്കുന്നത്. ഇദ്ദേഹത്തിന് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ കാലത്ത് പത്മഭൂഷണ്‍ നല്‍കിയിട്ടുണ്ട്. 2022ല്‍ ഇദ്ദേഹം രാജ്യസഭാംഗമായി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് തന്നെയാണ് ഈ ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രത്തില്‍ അന്നപൂര്‍ണ്ണ കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. സൗജന്യമായി 50000 പേര്‍ക്ക് വരെ ദിവസേന ഭക്ഷണം നല്‍കുന്നതാണ് അന്നപൂര്‍ണ്ണകിച്ചന്‍. ആയിരക്കണക്കിന് ഭക്തര്‍ ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും സന്ദര്‍ശിക്കുന്ന ഇത് കോടികളുടെ വരുമാനമുള്ള ക്ഷേത്രമാണ്.
ഉത്സവകാലത്ത് ഒരു ലക്ഷം ആളുകളിലേറെപ്പേർക്കും ഇവിടെ ഭക്ഷണം നൽകാറുണ്ട്.
ബാഹുബലി പ്രതിമ
ഗോമതേശ്വര (ബാഹുബലി) പ്രതിമയാണ് ധർമ്മസ്ഥലയിലെ മറ്റൊരു പ്രധാന ആകർഷണം. 1973-ൽ ഒറ്റക്കല്ലിൽ പണികഴിപ്പിച്ച ബാഹുബലി ഭഗവാന്റെ ഒരു പ്രതിമ മഞ്ജുനാഥ ക്ഷേത്രത്തിന് സമീപമുള്ള ഒരു ചെറിയ കുന്നിൽ സ്ഥാപിച്ചു. ഈ 39 അടി ഉയരമുള്ള പ്രതിമക്കും 13 അടിയുള്ള പീഠത്തിനും ഏകദേശം 175 ടൺ ഭാരമുണ്ട്.കർണാടകയിലെ കല്ലിൽ തീർത്ത അഞ്ച് ബാഹുബലി പ്രതിമകളിലൊന്നാണ് ധർമ്മസ്ഥലയിലേത്.എങ്കിലും ശിവഭഗവാനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.















