മോട്ടോര്‍ വാഹന വകുപ്പിന്റെ എം – പരിവാഹന്‍ ആപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ.ഐ ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാന്‍ എന്ന വ്യാജേന മെസേജുകളും വാട്‌സ്ആപ് സന്ദേശങ്ങളും പ്രചരിക്കുകയാണ്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റുമൊക്കെ ധരിച്ചു വാഹനം ഓടിച്ചവര്‍ക്ക് നിയമം ലംഘിച്ചെന്ന് പറഞ്ഞ് വാട്‌സ് ആപ്പില്‍ മെസേജ് അയച്ചും മോട്ടോര്‍ വാഹന വകുപ്പിന്റെ ലിങ്ക് എന്ന വ്യാജേന അയച്ചുമാണ് തട്ടിപ്പ്.
പിഴത്തുക അടയ്‌ക്കാന്‍ ആപ്ലിക്കേഷന്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെടും. എന്നാല്‍ ഇത്തരത്തില്‍ എം-പരിവാഹന് ആപ്ലിക്കേഷന്‍ ഫയല്‍ ഇല്ലെന്നും പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവ വഴി മാത്രമേ പരിവാഹന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒറ്റനോട്ടത്തില്‍ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തില്‍ ചലാന്‍ നമ്പര്‍ 14 അക്കമാണ്. എന്നാല്‍ യഥാര്‍ത്ഥ ചലാനില്‍ 19 അക്കമുണ്ട്. ഈ സൈബര്‍ തട്ടിപ്പിനെതിരെ മോട്ടോര്‍ വാഹന വകുപ്പും പോലീസും സമൂഹമാധ്യമങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ വകുപ്പ് വാട്‌സ്ആപ് വഴി സന്ദേശം അയയ്‌ക്കാറുണ്ടെങ്കിലും കേരളത്തില്‍ ആരംഭിച്ചിട്ടില്ലെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്തു പണം അടയ്‌ക്കാന്‍ പറയില്ലെന്നും അധികൃതര്‍ അറിയിച്ചു.
മോട്ടോര്‍ വാഹന വകുപ്പും പോലീസും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍:
- ആരെങ്കിലും വാട്‌സ് ആപ്പില്‍ അയച്ചു തരുന്ന ആപ്ലിക്കേഷന്‍ ഫയര്‍ ക്ലിക്ക് ചെയ്യരുത്.
- ഇ- ചലാന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക. പിഴ അടയ്‌ക്കാനുള്ള ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, അത് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടും ഉറപ്പാക്കാം.
- വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഒരു വ്യാജ സന്ദേശത്തില്‍ നല്‍കരുത്. ഇത്തരത്തില്‍ വരുന്ന സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടാല്‍, അത് തട്ടിപ്പാണ്. ഇത്തരം വിവരങ്ങള്‍ ഔദ്യോഗിക സന്ദേശങ്ങളില്‍ ആവശ്യപ്പെടില്ല.
- ലഭിക്കുന്ന മെസേജ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഇ-ചലാന്‍ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക.
- ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന നമ്പറില്‍ ഒരു മണിക്കൂറിനകം പരാതി രജിസ്റ്റര്‍ ചെയ്യണം. ര്യയലൃരൃശാല.ഴീ്.ശി എന്ന സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
ഇ-ചലാന്‍ ഉപഭോക്തൃ സേവന വിഭാഗം ഫോണ്‍: 0120-4925505.
വെബ് വിലാസം:
https://echallan.parivahan.gov.in
ഇ-മെയില്‍:
[email protected]
















