ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ വരുന്നു പുതിയ ബാച്ച് ഏകെ-203 അസോൾട്ട് റൈഫിളുകൾ . കലാഷ്നിക്കോവ് പരമ്പരയിലെ ഏറ്റവും മാരകമായ റൈഫിളുകളിൽ ഒന്നാണിത്. കാലഹരണപ്പെട്ട ഇൻസാസ് റൈഫിളുകൾക്ക് പകരം ഇനി ഒരു മിനിറ്റിൽ 700 റൗണ്ടുകൾ വരെ വെടിയുണ്ടകൾ പായിക്കാൻ കഴിയുന്ന റൈഫിളുകളാകും സൈനികർ ഉപയോഗിക്കുക.800 മീറ്റർ ദൂരപരിധിയുള്ളതാണിത് . ഇന്ത്യൻ സൈന്യത്തിന്റെ ആയുധ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് AK-203 റൈഫിളുകൾ എത്തുന്നത്
ഉത്തർപ്രദേശിലെ അമേഠി ജില്ലയിലുള്ള കോർവയിലെ അത്യാധുനിക പ്ലാന്റിലാണ് ഉത്പാദനം നടക്കുന്നത്. ഇന്ത്യയും റഷ്യയും ചേർന്നുള്ള സംയുക്ത സംരംഭമായ ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (IRRPL) ആണ് ഇന്ത്യയിൽ ഇത് നിർമ്മിക്കുന്നത്.
മെച്ചപ്പെട്ട എർഗണോമിക്സ് (ഉപയോഗിക്കാനുള്ള സൗകര്യം), ആധുനിക കാഴ്ച സംവിധാനങ്ങൾ ഘടിപ്പിക്കാനുള്ള കഴിവ് (Picatinny rail), ക്രമീകരിക്കാവുന്ന ഫോൾഡിങ് ബട്ട്സ്റ്റോക്ക് (തോൾഭാഗം) തുടങ്ങിയ പുതിയ ഫീച്ചറുകളോടെയാണ് AK-203 എത്തുന്നത്.
കലാഷ്നിക്കോവ് സീരീസിന്റെ ഏറ്റവും പുതിയതും ആധുനികവുമായ വകഭേദമാണ് ഏകെ 203. 7.62x39mm കാട്രിഡ്ജുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതിന് ഇന്ത്യയിൽ ‘ഷെർ’ (Sher – സിംഹം) എന്നും പേരുണ്ട്.ഇന്ത്യൻ സായുധ സേനയ്‌ക്ക് 6 ലക്ഷത്തിലധികം AK-203 റൈഫിളുകൾ 5,200 കോടി രൂപയുടെ കരാറിലാണ് വിതരണം ചെയ്യുന്നത്.
















