മോഹൻലാലിനെ മോഡലാക്കി പുറത്തിറക്കിയ വിൻസ്മേര ജ്വല്ലറിയുടെ പരസ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സുന്ദരിമാരായ മോഡലുകൾ തിളങ്ങുന്ന ജ്വല്ലറി പരസ്യങ്ങളുടെ ലോകത്തേക്കാണ്, പരസ്യ ചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യത്തിലൂടെ ഡയമണ്ട് നെക്ലേസ് അണിഞ്ഞ് സ്ത്രൈണഭാവത്തിൽ മോഹൻലാൽ എത്തിയത്. അതാവട്ടെ, പരമ്പരാഗതമായ പല രീതികളെയുംപൊളിച്ചെഴുതുകയായിരുന്നു.
സ്ത്രൈണ ഭാവത്തിൽ ജ്വല്ലറിയണിഞ്ഞ് സന്തോഷത്തിൽ കുളിച്ചു നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ ഭാവാഭിനയം ആരാധകരെ വിസ്മയിപ്പിക്കുകയാണ്. മോഹൻലാൽ ഏതു വേഷത്തിൽ വന്നാലും അത് കാഴ്ചാവിരുന്നായി മാറും എന്നാണ് ആരാധകരുടെ കമന്റുകൾ.ഇപ്പോഴിതാ നടി ഖുശ്ബുവും മോഹൻലാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് . ആ ജ്വല്ലറി പരസ്യം തന്നെ പ്രലോഭിപ്പിച്ചു കളഞ്ഞുവെന്നാണ് നടി ഖുശ്‌ബു സുന്ദർ പറയുന്നത്. ഇത്തരമൊരു പരസ്യം ചെയ്യാൻ ചെറിയ ധൈര്യമൊന്നും പോരെന്നും മോഹൻലാലിനെ കുറിച്ച് അഭിമാനിക്കുന്നു എന്നും ഖുശ്ബു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.
‘‘എന്തൊരു മനോഹരമായ പരസ്യമാണിത്. ഇത് ചെയ്യാൻ ചില്ലറ ധൈര്യമൊന്നും പോര. നമ്മുടെ പവർഹൗസ് ആയ ലാലേട്ടൻ എത്ര ധൈര്യത്തോടെയാണ് ഇത് ചെയ്തത്. ഓരോ പുരുഷനിലുമുള്ള സ്വാഭാവികമായ സ്ത്രൈണതയെ അംഗീകരിക്കുകായും അത് വളരെ മനോഹരമായി പുറത്തുകൊണ്ടുവരികയും ചെയ്തിരിക്കുന്നു. ജെൻഡർ എന്ന വിഷയത്തിന് ഏറെ സ്വീകാര്യതയും പ്രാധാന്യവും കൊടുത്തുകൊണ്ട് സൂക്ഷ്മതയോടെയും കരുതലോടെയും വിഷയത്തെ സമീപിച്ചിരിക്കുന്നു. ചിന്തനീയമായ ഈ ആശയം മുന്നോട്ട് വച്ചതിന് പ്രകാശ് വർമയ്‌ക്കും സംഘത്തിനും അഭിനന്ദനങ്ങൾ. മോഹൻലാൽ സർ, നിങ്ങൾ തകർത്തു. നിങ്ങൾക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലർത്താൻ കഴിയൂ. നിങ്ങളെ ഓർത്ത് വളരെ അഭിമാനമുണ്ട്,” ഖുശ്ബുവിന്റെ വാക്കുകളിങ്ങനെ.
















