എണ്ണ ഇറക്കുമതി സംബന്ധിച്ച അമേരിക്കയുടെ ഭീഷണിക്ക് കൂസലില്ലാതെ മറുപടി നല്‍കിയ ഭാരതം, ആഗോള തലത്തില്‍ നാം എവിടെ നില്‍ക്കുന്നു എന്ന വ്യക്തമായ സന്ദേശമാണു നല്‍കിയത്. ഭാരതം എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും തീരുമാനിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും ആരുടേയും നിര്‍ദേശങ്ങളും ഭീഷണിയും വേണ്ടെന്നുമുള്ള ഉറച്ച മറുപടിയാണ് ഭാരതത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ ഭാരതത്തിന് അധിക ഇറക്കുമതി ചുങ്കം ചുമത്തുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. ഇതിനു മറുപടിയായാണ് ആവശ്യമുള്ള എണ്ണ എവിടെ നിന്നും വാങ്ങാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും അതു തുടരുകതന്നെ ചെയ്യുമെന്നും പെട്രോളിയം മന്ത്രി ഹര്‍ദിപ് സിങ് പുരി പറഞ്ഞത്. മുന്‍പ് നാലു രാജ്യങ്ങളില്‍ നിന്നു മാത്രം എണ്ണ വാങ്ങിയിരുന്ന ഭാരതം, ഒരു പതിറ്റാണ്ടിനിടെ പ്രതിസന്ധികളിലൂടെ ഏറെ സഞ്ചരിച്ചാണ് മുന്നോട്ടു നീങ്ങിയത്. ഇന്ന് 27 രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. ഈ നയം തുടരുക തന്നെ ചെയ്യുമെന്നാണു സൂചിപ്പിച്ചത്. ഭാരതത്തിനു പ്രതിബദ്ധത ഭാരതത്തോടു തന്നെയാണ്. ശക്തമായ ആത്മവിശ്വാസത്തില്‍ നിന്നാണ് ഈ ഉറച്ച ശബ്ദം. ആഗോള ഊര്‍ജ വിപണിയിലെ വളര്‍ച്ചയില്‍ ഭാരതം 16 ശതമാനത്തിന് അവകാശികളായത് കഴിഞ്ഞ ഒരു ദശകംകൊണ്ടാണ്. വരും കാലത്ത് അത് 25 ശതമാനമായി ഉയരും. രാജ്യാന്തര തലത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി ഉയരുകയാണ് നാം എന്നര്‍ത്ഥം.
രാജ്യത്തിന് അകത്തും പുറത്തുമുള്ള പലര്‍ക്കുമുള്ള മറുപടി ഈ നിലപാടിലുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തേത്തുടര്‍ന്നു ഭാരതം പാകിസ്ഥാനു നല്‍കിയ തിരിച്ചടിയും തുടര്‍ന്നു നടന്ന പോരാട്ടവും ആഭ്യന്തര-രാജ്യാന്തര തലങ്ങളില്‍ ഭാരതത്തെ ഇകഴ്‌ത്തിക്കാട്ടാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഉപയോഗിക്കുമ്പോഴാണ്, ഈ കരുത്തുറ്റ പ്രതികരണം. അമേരിക്കയ്‌ക്കു മുന്നില്‍ മുട്ടുമടക്കിയെന്നും ട്രംപിന്റെ നിര്‍ദേശത്തിനു വഴങ്ങിയാണ് യുദ്ധം അവസാനി
പ്പിച്ചതെന്നും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും ആരോപിച്ചിരുന്നു. നട്ടെല്ലില്ലാത്ത ഭരണകൂടമാണ് കേന്ദ്രത്തിലേതെന്ന് ആക്ഷേപിക്കുകയും ചെയ്തു. അതിനു വാക്കാല്‍ മറുപടി പറയാത്ത കേന്ദ്ര ഭരണകൂടം പ്രവര്‍ത്തിയിലൂടെ നല്‍കിയ മറുപടി കൂടിയാണ് ഇത്. താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഭാരതവും പാകിസ്ഥാനും വെടിനിര്‍ത്താന്‍ സമ്മതിച്ചതെന്ന് അന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു. സ്വന്തം രാഷ്‌ട്രത്തേക്കാള്‍ അമേരിക്കയടക്കമുള്ള വിദേശീയരെ വിശ്വസിക്കുന്ന രാഹുലും കൂട്ടരും അത് ഏറ്റുപിടിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരും സൈനിക തലവനും പറയുന്നതുപോലും ഉള്‍ക്കൊള്ളാന്‍ തയ്യാറായുമില്ല. പാകിസ്ഥാന്റെ അഭ്യര്‍ഥന പ്രകാരം താത്ക്കാലികമായി മാത്രമാണ് വെടിനിര്‍ത്തിയതെന്നും ഇത് അവസാനമല്ല എന്നും കേന്ദ്രം അന്നുതന്നെ വ്യക്തമാക്കിയിരുന്നു. പിന്നീടു ട്രംപിനു തന്നെ സ്വന്തം വാക്കുകള്‍ തിരുത്തിപ്പറയേണ്ടി വരികയും ചെയ്തു. പാകിസ്ഥാന്‍ സൈനിക വൃത്തങ്ങളും ഭാരതത്തിന്റെ നിലപാടു സ്ഥിരീകരിച്ചു.
അവിടെനിന്ന് ഇങ്ങോട്ട് അമേരിക്കയുടെ അപ്രമാദിത്തത്തെ അംഗീകരിക്കാത്ത നിലയ്‌ക്കാണ് ഭാരതം നീങ്ങുന്നത്. ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലും ഇതു പ്രകടമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും മുന്‍പു മടങ്ങിപ്പോയ ട്രംപ്, തുടര്‍ന്ന് അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ചെങ്കിലും നിശ്ചയിക്കപ്പെട്ട പരിപാടിയുടെ പേരില്‍ മോദി അത് ഒഴിവാക്കുകയാണ് ചെയ്തത്. സൗഹൃദത്തിനപ്പുറം കയറി ഭരിക്കാന്‍ വരേണ്ട എന്ന സന്ദേശമാണ് മോദി ഇതിലൂടെ അമേരിക്കയ്‌ക്കു നല്‍കിയത്.
എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഭാരതത്തിന്റെ നിലപാട് വെറും പിടിവാശിയല്ല. വ്യക്തമായ ധാരണയോടും നയത്തോടും കൂടിയുള്ള തീരുമാനമാണ് മന്ത്രി പ്രഖ്യാപിച്ചത്. ഭീഷണിക്കു വഴങ്ങി റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്താന്‍ രാജ്യങ്ങള്‍ തയ്യാറായാല്‍ അത് ആഗോള തലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു മന്ത്രി വിശദീകരിച്ചു. നിലവില്‍ ലോകത്താകെയുള്ള എണ്ണ ഉപയോഗത്തിന്റെ പത്തു ശതമാനം റഷ്യയുടെ സംഭാവനയാണ്. എണ്ണ ഉല്‍പ്പാദകരായ ഒപെക് രാജ്യങ്ങളില്‍ നിന്നു തന്നെ രാജ്യങ്ങള്‍ എണ്ണവാങ്ങിയാല്‍ രാജ്യാന്തര തലത്തില്‍ എണ്ണവില താങ്ങാനാകാത്ത വിധം കുതിച്ചുയരും. സാഹചര്യവും ആവശ്യവും രാജ്യാന്തര നിലവാരവും അനുസരിച്ചു തീരുമാനമെടുക്കാന്‍ ഭാരതത്തിന് അറിയാമെന്നും അതിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുമെന്നുമുള്ളതാണ് ഈ സന്ദേശത്തിന്റെ വ്യക്തമായ ഉള്ളടക്കം.
















