തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന് അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി. വിലാപയാത്രയായി മൃതദേഹം എത്തിയപ്പോൾ സ്കൂൾ മുറ്റം സങ്കടക്കടലായി. അധ്യാപകരും വിദ്യാർത്ഥികളും സഹപാഠികളും വിങ്ങിപ്പൊട്ടി. പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് മിഥുനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരിക്കുന്നത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും രാവിലെ 10 മണിയോടെ മിഥുന്റെ വിലാപയാത്ര തുടങ്ങിയത്. വഴിനീളെ നൂറു കണക്കിനാളുകൾ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിന്നു. പലയിടത്തും ആംബുലൻസ് നിർത്തി ജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കി നൽകി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ വീട്ടു വളപ്പിൽ സംസ്കാരം നടത്തും. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
തുർക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
















