കോഴിക്കോട് : കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ദമ്പതികളെ കാവിലുംപാറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാവിലുംപാറയിലെ തങ്കച്ചന്‍, ഭാര്യ ആനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെളളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന കുട്ടിയാണ് ആക്രമിച്ചത്.
കാട്ടാന ഇവരുടെ വീട്ടുമുറ്റത്തെത്തി ആക്രമിക്കുകയായിരുന്നു.ഈ സമയം തങ്കച്ചന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഭാര്യ ആനി കാട്ടാനയെ കണ്ട ഉടന്‍ തങ്കച്ചനെ വിളിച്ചു വരുത്തുകയായിരുന്നു. തങ്കച്ചന്‍ വരുമ്പോള്‍ കാട്ടാന ആനിയെ ഓടിക്കുന്നതാണ് കണ്ടത്. തങ്കച്ചന്‍ നിലവിളിച്ചതോടെ കാട്ടാന കുട്ടി തങ്കച്ചന് നേരെ പാഞ്ഞടുത്തു.
ഓടുന്നതിനിടെ തങ്കച്ചന്‍ മറിഞ്ഞു വീണു. പിന്നാലെ എത്തിയ കാട്ടാന കുട്ടി വലതു കൈയില്‍ ചവിട്ടുകയും തുമ്പിക്കൈ കൊണ്ട് ഉരുട്ടുകയും ചെയ്യുകയായിരുന്നു.കാട്ടാന കുട്ടി ആയതിനാല്‍ മാത്രമാണ് താന്‍ രക്ഷപ്പെട്ടത് എന്ന് തങ്കച്ചന്‍ പറഞ്ഞു.















