കൊല്ലം : ടെക്‌സ്‌റ്റൈല്‍സ് ഉടമയെയും ജീവനക്കാരിയെയും കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയൂരിലെ ലാവിഷ് ടെക്‌സ്‌റ്റൈല്‍സ് ഉടമ മലപ്പുറം സ്വദേശിയായ അലി, മാനേജര്‍ പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയബദ്ധരായിരുന്നതായി പറയുന്നു.
ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ആരംഭിച്ച കാലം മുതല്‍ മാനേജരാണ് ദിവ്യാമോള്‍. ഇവര്‍ ഒന്നിച്ചാണ് ബെംഗളൂരുവിലും കോയമ്പത്തൂരിലും മറ്റും വസ്ത്രങ്ങള്‍ എടുക്കാന്‍ പോയിരുന്നത്. അത്തരം യാത്രകള്‍ ഉള്ളപ്പോള്‍ പിറ്റേന്നാണ് ഇവര്‍ മടങ്ങിയിരുന്നത്. അതിനാല്‍ വ്യാഴാഴ്ച ജോലി കഴിഞ്ഞ് ദിവ്യമോള്‍ വീട്ടില്‍ എത്തിയിരുന്നില്ലെങ്കിലും വീട്ടുകാര്‍ അന്വേഷിച്ചില്ല. വസ്ത്രങ്ങള്‍ എടുക്കാന്‍ പോയിരിക്കുമെന്നാണ് കരുതിയത്. വെള്ളിയാഴ്ച രാവിലെ ടെക്‌സ്‌റ്റൈല്‍സില്‍ ജോലിക്കെത്തിയ ജീവനക്കാരാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹിതയും രണ്ടു മക്കളുടെ മാതാവുമാണ് ദിവ്യമോള്‍.
















