കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ജൂബേല്‍ ജെ. കുന്നത്തൂരിനെ (36) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ക്കൊപ്പം വെള്ളൂര്‍ ചെറുകര പാലത്തിനു സമീപമുള്ള വീട്ടിലാണ് ഇദ്‌ദേഹം താമസിച്ചിരുന്നത്.
മാതാപിതാക്കള്‍ രാവിലെ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായാണ് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ ജൂബേല്‍ അവശനിലയില്‍ കിടക്കുന്നതായി കണ്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു.
ജൂബേല്‍ വിഷാദരോഗത്തിന് അടിമയായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വെള്ളൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഡോക്ടറായ ഭാര്യ കോയമ്പത്തൂരില്‍ ഉപരിപഠനത്തിലാണ്. മകള്‍ തൊടുപുഴയില്‍ ഭാര്യയുടെ വീട്ടിലുമാണ്. മാതാപിതാക്കളും ജൂബേലും മാത്രമായിരുന്നു വെള്ളൂരില്‍ താമസം.
















