ബൊക്കാറോ : ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ഗോമിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിർഹോർദേരയിലെ വനങ്ങളിൽ ബുധനാഴ്ച പുലർച്ചെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഓപ്പറേഷനിടെ സിആർപിഎഫിന്റെ എലൈറ്റ് കോബ്ര-209 ബറ്റാലിയനിലെ ഒരു ജവാൻ വീരമൃത്യു വരിച്ചു.
പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. രാവിലെ 6 മണിയോടെ, സുരക്ഷാ ഉദ്യോഗസ്ഥർ വനം പരിശോധിക്കുനതിനിടെ തീവ്രവാദികളിൽ നിന്ന് കനത്ത വെടിവയ്‌പ്പ് ഉണ്ടായി. പ്രതികാര നടപടിയിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ യൂണിഫോം ധരിച്ചിരുന്നു, മറ്റൊരാൾ സിവിലിയൻ വസ്ത്രത്തിലായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു എകെ-47 റൈഫിൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
അതേ സമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെടുത്തു. ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വെടിവയ്പിലാണ് ഒരു കോബ്രാ ജവാന് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്‌ക്കായി അദ്ദേഹത്തെ മാറ്റാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരിച്ചു. നിബിഡ വനത്തിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ള മറ്റ് മാവോയിസ്റ്റുകൾക്കായി പോലീസ് പ്രദേശത്ത് തിരച്ചിൽ തുടരുന്നതിനാൽ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.
നക്സൽ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി ജാർഖണ്ഡ് പോലീസ് ഈ വർഷം അവസാനത്തോടെ സംസ്ഥാനത്തെ മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യം വച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം മാത്രം ഇതുവരെ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ഏകദേശം 10 പേർ കീഴടങ്ങുകയും ചെയ്തു.
കഴിഞ്ഞ വർഷം 244 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് പേർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു, 24 പേർ കീഴടങ്ങി, ഇതിൽ നാല് സോണൽ കമാൻഡർമാർ, ഒരു സബ് ജനറൽ കമാൻഡർ, മൂന്ന് ഏരിയ കമാൻഡർമാർ എന്നിങ്ങനെ നിരവധി മുതിർന്ന കേഡർമാർ ഉൾപ്പെടുന്നുണ്ട്.
അതേ സമയം തുടർച്ചയായ സൈനിക ഓപ്പറേഷനുകളും വർദ്ധിച്ചുവരുന്ന കീഴടങ്ങലുകളും മേഖലയിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ മേലുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നുണ്ട്. 2026 മാർച്ചോടെ രാജ്യം മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: