തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി അജിത്കുമാറിന് ഗുരുതര വീഴ്ച. പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി അറിയിച്ചിട്ടും എഡിജിപി ഇടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
പൂരത്തിനിടെ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മന്ത്രി അടക്കം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തത് ഗുരുതര കൃത്യവിലോപമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരനടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പകല്‍ സമയത്തും ശേഷവും ഉന്നയിച്ചിട്ടും വിഷയം ഗൗരവത്തിലെടുക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ വീഴ്ച അന്വേഷിക്കാനാണ് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബിനെ ചുമതലപ്പെടുത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അജിത് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന നിലയില്‍ ഗുരുതരമായ കൃത്യവിലോപം തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അജിത് കുമാറിനുണ്ടായി. പൂരം അലങ്കോലപ്പെടുമെന്ന മുന്നറിയിപ്പ് എഡിജിപി അവഗണിച്ചു. എഡിജിപി തൃശ്ശൂരില്‍ ഉണ്ടായിരുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടാണ്. പൂരം അലങ്കോലപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടും എഡിജിപിയുടെ ഔദ്യോഗിക ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: