കൊച്ചി: എഡിജിപി എം.ആര്‍.അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി. അജിത്കുമാറിന്റെ പ്രവൃത്തി മനഃപൂർവമെന്നും കോടതി വിമർശിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആംബുലൻസിൽ പോകാമായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു എ ഡി ജിപിയുടെ ട്രാക്ടർ യാത്രയെന്ന് കാണിച്ച് ശബരിമല സ്‌പെഷല്‍ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ട്രാക്ടര്‍ യാത്ര വിവാദമായതിനെ തുടർന്നായിരുന്നു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
നവഗ്രഹ പ്രതിഷ്ഠയ്‌ക്കായി ശബരിമല നട തുറന്നപ്പോഴാണ് എഡിജിപി ദര്‍ശനത്തിനായി എത്തിയത്.ഈ മാസം 12ന് വൈകുന്നേരം സന്നിധാനത്തേക്ക് പോലീസിന്റെ ട്രാക്ടറില്‍ പോയ എം.ആര്‍. അജിത്കുമാര്‍ 13ന് രാവിലെ തിരിച്ചിറങ്ങിയതും ട്രാക്ടറില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ദേവസ്വം വിജിലന്‍സിനോട് സ്‌പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ ആളെ കയറ്റാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുളളപ്പോഴാണ് എഡിജിപി അതു ലംഘിച്ച് മലകയറിയത്. ചരക്കുനീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. മുമ്പും ശബരിമലയിലെത്തുമ്പോള്‍ എഡിജിപി സമാനരീതിയില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: