ന്യൂദല്‍ഹി: ബീഹാറിലെ 7,89,69,844 വോട്ടര്‍മാരില്‍ 6,60,67,208 പേരെ കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ആഗസ്ത് ഒന്നിനാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപുനഃപരിശോധന പുരോഗമിക്കുകയാണ്. ബിഎല്‍ഒമാരുടെ രണ്ടുവട്ട ഗൃഹസന്ദര്‍ശനത്തിനുശേഷം 7,89,69,844 വോട്ടര്‍മാരില്‍ 6,60,67,208 പേരുടെ (83.66%) പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം ശേഖരിച്ചിട്ടുണ്ട്, 1.59% വോട്ടര്‍മാര്‍ മരണപ്പെട്ടതായും 2.2% പേര്‍ സ്ഥിരതാമസം മാറിയതായും 0.73% വോട്ടര്‍മാരുടെ പേര് ഒന്നിലധികം ഇടങ്ങളിലുള്ളതായും പരിശോധയില്‍ കണ്ടെത്തി.
അതിനാല്‍, 88.18% വോട്ടര്‍മാരുടെ എന്യുമറേഷന്‍ ഫോം സമര്‍പ്പിച്ചതായി കണക്കാക്കുന്നു. 11.82% വോട്ടര്‍മാരാണ് പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം ഇനി സമര്‍പ്പിക്കാനുള്ളത്. വരുന്ന പത്ത് ദിവസത്തിനിടയില്‍ ഇവരും എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.
അര്‍ഹരായ വോട്ടര്‍മാരെ ആരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. ബാക്കിയുള്ള വോട്ടര്‍മാര്‍ എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്മീഷന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. ഏകദേശം ഒരുലക്ഷം ബിഎല്‍ഒമാര്‍ ഉടന്‍ മൂന്നാംവട്ട ഗൃഹസന്ദര്‍ശനം ആരംഭിക്കും. വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ നിയോഗിച്ച ഒന്നരലക്ഷം ബിഎല്‍എമാരും ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
നഗരപ്രദേശങ്ങളിലെ അര്‍ഹതയുള്ള വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കില്ലെന്ന് ഉറപ്പാക്കാന്‍, ബിഹാറിലെ 261 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 5,683 വാര്‍ഡുകളിലും പ്രത്യേകക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
















