കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി വിപഞ്ചികയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ കേസ് ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷിക്കും. കുണ്ടറ പോലീസ് ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ നടപടികള്‍ക്ക് ക്രൈംബ്രാഞ്ചിന് കേസ് കൈമാറാനും സാധ്യത.
വിദേശത്ത് ആയതിനാല്‍ പ്രതികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. അതേസമയം വിപഞ്ചികയുടെ അമ്മ ഷൈലജ ബന്ധുവിനൊപ്പം ഇന്നലെ പുലര്‍ച്ചെ ഷാര്‍ജയില്‍ എത്തിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരുവരുടെയും മരണത്തിന് അസ്വാഭാവികത ഉണ്ടെന്നുള്ള കുടുംബത്തിന്റെ ആരോപണം ഷാര്‍ജ ഭരണകൂടത്തിനെ അറിയിക്കാന്‍ വേണ്ടിയാണ് ഷൈലജ ഷാര്‍ജയില്‍ എത്തിയത്.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് നീക്കം. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരന്‍ വിനോദും രാത്രി ഷാര്‍ജയില്‍ എത്തും. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെതിരേ ഷാര്‍ജയില്‍ പരാതി നല്‍കാനും വിപഞ്ചികയുടെ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ബന്ധുക്കള്‍ സംസാരിക്കും. സ്ത്രീധന പീഡനം, ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്തൃസഹോദരി നീതു, നിധീഷിന്റെ അച്ഛന്‍ എന്നിവര്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാണ്. വിപഞ്ചികയുടെ, ഷൈലജയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകളെയും മരിച്ച നിലയില്‍ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. മകളെ യുവതി ജീവനോടെ കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയിലെ എച്ച്ആര്‍ മാനേജരായിരുന്നു എംബിഎ ബിരുദധാരിയായ വിപഞ്ചിക.
















