തിരുവനന്തപുരം: കിണറ്റില്‍ നിന്നും കുളത്തില്‍ നിന്നും ലഭിക്കുന്ന പച്ചവെള്ളം ചൂടാക്കി കുടിച്ചിരുന്ന കാലം മറന്ന് കുപ്പിവെള്ളം ഫാഷനാക്കിയവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍. എത്ര ശുദ്ധമെന്ന് കരുതിയാലും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ഒരു ലക്ഷം മുതല്‍ 2,40,000 വരെ സൂക്ഷ്മ പ്ലാസ്റ്റിക് തരികള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തല്‍.
നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനത്തിലാണ് ഇക്കാര്യം വെളിവായത്. തലമുടി നാരിന്റെ കനത്തില്‍ ചെറിയ നാനോ പ്ലാസ്റ്റിക് തരികളാണ് കുപ്പിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നത്. കുപ്പികള്‍ നിര്‍മിച്ച് ഉടന്‍തന്നെ അതിലേക്ക് വെള്ളം നിറയ്‌ക്കുന്ന രീതിയാണ് നിലവില്‍ നടക്കുന്നത്. പുതിയതായി നിര്‍മിച്ച കുപ്പികള്‍ വൃത്തിയാക്കാറില്ല.
നിര്‍മാണ സമയത്ത് ഉണ്ടാകുന്ന ചെറിയ തരികളാണ് വെള്ളത്തിലൂടെ മനുഷ്യരക്തത്തില്‍ കലരുന്നത്. കുപ്പിയുടെ അടപ്പ് ഉറപ്പിക്കുന്നതിനിടയിലും പ്ലാസ്റ്റിക് തരികള്‍ വെള്ളത്തില്‍ കലരാറുണ്ട്. മൈക്രോ പ്ലാസ്റ്റിക്കുകളെക്കാള്‍ അപടകരമായി ശരീരത്തിലെ കോശങ്ങളിലും രക്തത്തിലും അതിവേഗം പടരുന്നവയാണ് ഇത്തരം നാനോ പ്ലാസ്റ്റിക് കണങ്ങള്‍. രക്തത്തില്‍ അതിവേഗം പടര്‍ന്ന് അവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും വിവിധതരം കാന്‍സറുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
ഗര്‍ഭിണികളില്‍ പ്ലാസന്റ വഴി നവജാത ശിശുക്കളിലേക്ക് എത്തുന്നതിലൂടെ ജനിതക വൈകല്യങ്ങളും ഓട്ടിസം മുതലായ അവസ്ഥയും ഉടലെടുക്കാനും കാരണമാകുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. കര്‍ശനമായ മുന്‍കരുതലെടുത്തിട്ടും അമേരിക്കയിലെ കുപ്പിവെള്ളത്തില്‍ 3,70,000 മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ വരെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കുപ്പിവെള്ള ഉപഭോക്താക്കളില്‍ വ്യാപകമായ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്.
വ്യാപക പരിശോധനക്ക് സംവിധാനമില്ല
അമേരിക്കയിലെ ഓര്‍ബ് മീഡിയ എന്ന സ്ഥാപനം 250 ബോട്ടിലുകളിലെ വെള്ളത്തില്‍ നടത്തിയ പഠനത്തില്‍ ഭാരതത്തിലടക്കം കുപ്പിവെള്ളത്തിലെ 93 ശതമാനവും നാനോ പ്ലാസ്റ്റിക് സാന്നിധ്യം ഉള്ളവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തില്‍ കലരുന്ന പ്ലാസ്റ്റിക് കണ്ടെത്താനുള്ള പരിശോധനകള്‍ പേരിനുപോലും നടക്കുന്നില്ല. നിര്‍മാണ ഫാക്ടറികളില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു മുന്‍കരുതലുകളോ അതിന് നിര്‍ബന്ധിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിശോധനകളോ ഇല്ല. സാധാരണക്കാര്‍ക്കാകട്ടെ ഇതിനെക്കുറിപ്പ് വേണ്ടത്ര അവബോധം ഉണ്ടായിട്ടുമില്ല. ഏറ്റവും ശുദ്ധമായ വെള്ളം കുപ്പികളില്‍ ലഭിക്കുന്നവയാണെന്നാണ് പൊതുസമൂഹത്തിന്റെ കരുതല്‍. പലപ്പോഴും കുപ്പിവെള്ളം മാത്രം ഉപയോഗിക്കുന്നത് ഫാഷനായും തീര്‍ന്നിട്ടുണ്ട്.
പ്ലാസ്റ്റിക് മാത്രമല്ല, മലിനജലവും
ഇതിനിടയിലാണ് കുപ്പിവെള്ളം മലിനജലം അടങ്ങിയതാണെന്ന വിവരവും പുറത്തുവരുന്നത്. നമുക്ക് ലഭിക്കുന്ന പത്ത് കുപ്പി വെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനജലം അടങ്ങിയതാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി സി.ആര്‍. ചൗധരി തന്നെ 2018 ല്‍ ലോകസഭയെ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ എങ്ങും നടക്കുന്നില്ല. ഐഎസ്‌ഐ മുദ്രയുള്ളവയിലും ഗുരുതരമായ അളവില്‍ പ്ലാസ്റ്റിക് തരികള്‍ കലര്‍ന്നിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന സത്യം.
2016- 17 കാലത്ത് 743 കുപ്പിവെള്ളം സാംപിളായെടുത്ത് പരിശോധിച്ചതില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി (ഫസായ്) 224 സാംപിളുകളും മലിനമാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് 131 കുപ്പിവെള്ള നിര്‍മാതാക്കളുടെ പേരില്‍ ഫസായ് കേസെടുത്തു. ഇതില്‍ 33 കമ്പനികളെ ശിക്ഷിക്കുകയും 40 കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. കുപ്പിവെള്ളത്തെക്കാള്‍ അമിതമായ അളവിലാണ് കൊക്കോകോള മുതലായ സോഫ്റ്റ് ഡ്രിങ്കുകളില്‍ പ്ലാസ്റ്റിക് മാലിന്യം കലര്‍ന്നിരിക്കുന്നത്. അതോടൊപ്പം ഇവയിലെ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന പാനീയം പ്ലാസ്റ്റിക്കുമായി കലരുന്നതായും ആരോഗ്യമേഖലയിലുള്ളവര്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: