ടെൽ അവീവ് : ജനുവരിയിൽ ഹമാസുമായുള്ള വെടിനിർത്തൽ കരാർ തകർന്നതുമുതൽ ഇസ്രായേൽ സൈന്യം ഗാസയിൽ നാശം വിതയ്‌ക്കുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ കനത്ത ബോംബിങിൽ തീവ്രവാദികളടക്കം 93 പേരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച നടത്തിയ വലിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയുടെ വടക്കൻ ഷാത്തി അഭയാർത്ഥി ക്യാമ്പിന് സമീപമാണ് ഒരു വലിയ ആക്രമണം നടന്നതെന്ന് ഷിഫ ആശുപത്രിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിൽ പലസ്തീൻ നിയമസഭയിലെ ഒരു ഹമാസ് അംഗം കൊല്ലപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 93 പേരുടെ മൃതദേഹങ്ങൾ ഗാസയിലെ ആശുപത്രികളിലേക്ക് എത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒരു ദൈനംദിന റിപ്പോർട്ടിൽ പറഞ്ഞു.
ഇതോടൊപ്പം പരിക്കേറ്റ 278 പേരെയും ആശുപത്രികളിലേക്ക് എത്തിച്ചിട്ടുണ്ട്. അതേ സമയം ഈ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.
2023 ഒക്ടോബർ 7 ന് ഹമാസ് ഭീകരർ ഇസ്രായേലിനെതിരെ ഒരു വലിയ ആക്രമണം അഴിച്ചുവിട്ടു. ഇസ്രായേലിന് നേരെ ഒരേസമയം ഹമാസ് 5000 ത്തിലധികം റോക്കറ്റുകൾ തൊടുത്തുവിടുകയും അതിർത്തിയിൽ അതിക്രമിച്ചുകയറി 238 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഈ ആക്രമണത്തിൽ 1200 ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു. മറുപടിയായി ഇസ്രായേൽ സൈന്യവും ഹമാസിനെ ആക്രമിക്കാൻ തുടങ്ങി.
ഇതുവരെ ഹമാസ് മേധാവികളായ ഇസ്മായിൽ ഹനിയ, യഹ്യ സിൻവാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ഭീകരർ ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 58,000 ത്തിലധികം പേർ മരിച്ചുവെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: