ന്യൂദൽഹി: യെമൻ പൗരൻ തലാൽ അബ്‌ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിൽ ദയാധനം സ്വീകരിക്കില്ലെന്ന നിലപാടിൽ തലാലിന്റെ ഗോത്രം. എത്രയും വേഗം ശിക്ഷ നടപ്പാക്കി തങ്ങളുടെ അഭിമാനം സംരക്ഷിക്കണമെന്ന നിലപാടിലാണ് ഗോത്രവർഗം. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താനാണ് കേന്ദ്രസക്കാർ ശ്രമിക്കുന്നത്.
യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ചർച്ച. കേസിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്ന് ഇന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ദയാധനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും ഒത്തു തീര്‍പ്പ് ചര്‍ച്ചകളും നടക്കുന്നുണ്ട്. അതൊക്കെ അനൗദ്യോഗികമായി നടക്കുന്നതാണ് എന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി ജഡ്‌ജുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വധശിക്ഷ നടപ്പിലായാല്‍ സങ്കടം എന്ന് കോടതി പ്രതികരിച്ചു. ഹർജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീം കോടതി തങ്ങൾക്ക് ഒരു നിർദേശം നൽകാനാവില്ലെന്നും വ്യക്തമാക്കി. . സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര നയതന്ത്ര ഇടപെടല്‍ തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വധശിക്ഷ ഈ മാസം പതിനാറിന് നടപ്പാക്കാൻ യെമൻ അധികൃതർ തീരുമാനിച്ച സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: