കണ്ണടര്‍ന്നു പൊയ്‌പ്പോയാലും
ഇതേ പാത കാണും
കാല്‍ തളര്‍ന്നു വീണെന്നാലും
ഇതേ പാത പുല്‍കും
നാവിതറ്റു നിലം പറ്റുകിലും
ഇതേ മന്ത്രാമോതും
വരികയായി ഞാന്‍ നിന്നുടെ
പിന്നില്‍, നീ ഗമിക്ക മുന്നില്‍
രാഷ്‌ട്രീയ സ്വയം സേവക സംഘം എന്ന ആദര്‍ശ ധാരയെ പിന്‍പറ്റിയെന്ന ഒറ്റക്കാരണത്താല്‍ , ഇരുട്ടിന്റെ മറ പറ്റിയെത്തിയ സിപിഎം ക്രിമിനലുകള്‍ ,ഇരുകാലുകളും ഛേദിച്ചു കളഞ്ഞിട്ടും ഉള്ളില്‍ സംഘ മന്ത്രം അഗ്‌നിയായി ജ്വലിപ്പിക്കുകയായിരുന്നു സി. സദാനന്ദന്‍ എന്ന എല്ലാവരുടെയും സദാനന്ദന്‍ മാസ്റ്റര്‍. ആ ക്രൂര കൃത്യം നടന്ന 1994 ജനുവരി 25 ന് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ അര്‍ദ്ധ ബോധാവസ്ഥയിലും അദ്ദേഹത്തിന്റെ കണ്ഠത്തില്‍ നിന്നുയര്‍ന്നത് ഡോക്ടര്‍ജിയെ കുറിച്ചുള്ള മുകളില്‍ പറഞ്ഞ ഗണഗീതമായിരുന്നു. ആ നിമിഷത്തിന് ഞാനും സാക്ഷിയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പെരിഞ്ചേരിയാണ് സദാനന്ദന്‍ മാസ്റ്ററുടെ ജന്മ ഗ്രാമം. അച്ഛനും ജ്യേഷ്ഠനും അവരുടെ തന്നെ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളില്‍ അധ്യാപകരായിരുന്നു. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ് എസ് കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യ വര്‍ഷം അദ്ദേഹം എസ്എഫ്‌ഐയിലാണ് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് നാട്ടില്‍ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി. നിരവധി യുവാക്കള്‍ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്താല്‍ ശാഖകളിലെത്തി. തുടന്ന് മണ്ഡലത്തിന്റെ ചുമതലയേറ്റു. പിന്നീട് കൂത്തുപറമ്പ് താലൂക്ക് കാര്യവാഹും കണ്ണൂര്‍ ജില്ലാ സഹ കാര്യവാഹും ആയി. ഞാന്‍ തൊട്ടടുത്ത മണ്ഡലമായ ഇരിട്ടി താലൂക്ക് കാര്യവാഹായിരുന്നു.
1994 ജനുവരി 25 നായിരുന്നു സദാനന്ദന്‍ മാസ്റ്റര്‍ക്ക് നേരെ ആക്രമണം . ഞാന്‍ അന്ന് യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. .ഫെബ്രുവരിയിലായിരുന്നു അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ബന്ധുക്കളെ ക്ഷണിക്കുന്നതിനായി പോയതായിരുന്നു സദാനന്ദന്‍ മാസ്റ്റര്‍. കൂത്തുപറമ്പിനടുത്ത് താമസിക്കുന്ന അമ്മാവന്റെ വീട്ടില്‍ വിവാഹം ക്ഷണിച്ചു തിരികെ ബസില്‍ ഉറവുചാലില്‍ വന്നിറങ്ങി. അദ്ദേഹത്തിന്റെ വരവും കാത്തു നിന്ന സിപിഎം ക്രിമിനലുകള്‍ ലൈറ്റുകള്‍ ഓഫ് ചെയ്തും ബോംബ് എറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് സദാനന്ദന്‍ മാഷിനെ ബലമായി പിടിച്ചു നിര്‍ത്തി, അദ്ദേഹത്തിന്റെ കാലുകള്‍ മുറിച്ചെടുത്ത് തൊട്ടടുത്തുള്ള പറമ്പിലേക്ക് എറിഞ്ഞു. കൊല്ലുക എന്നതുതന്നെയായിരുന്നു അവരുടെ ലക്ഷ്യം. മരിച്ചുവെന്ന് കരുതിയാണ് അവര്‍ പോയതും. ചോര ചീറ്റിത്തെറിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ആളുകള്‍ ഭയന്ന് ഓടി അതിലെ കടന്നുപോയ വാഹനങ്ങളും നിര്‍ത്തിയില്ല. ആരോ ഒരാള്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞു. പോലീസ് സ്ഥലത്തെത്തി. മുറിച്ചെടുത്ത കാലുകള്‍ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു എന്ന് പോലീസിനോട് പറഞ്ഞതും സദാനന്ദന്‍ മാസ്റ്ററായിരുന്നു. കാലുകള്‍ കണ്ടെടുത്തു പോലീസ് ജീപ്പില്‍ തന്നെ അദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഞാന്‍ അപ്പോള്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം കണ്ണൂരിലുണ്ട്. വിവരമറിഞ്ഞ് ജനറല്‍ ആശുപത്രിയിലെത്തി. പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. ആംബുലന്‍സില്‍ ഞാനും പി.പി. സുരേഷ് ബാബു (ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്) വും എ.പി. പുരുഷേട്ടനും കൂടി രണ്ടു നഴ്‌സുമാര്‍ക്കൊപ്പം ആശുപത്രിയിലേക്ക് തിരിച്ചു. സദാനന്ദന്‍ മാസ്റ്ററുടെ ബോധം പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നില്ല.
കണ്ണടര്‍ന്നു പൊയ്‌പ്പോയാലും ഇതേ പാത കാണും എന്ന ഗണഗീതം അദ്ദേഹത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു. അദ്ദേഹത്തിന്റെ ഉള്ളിലുള്ള സംഘ ആദര്‍ശവും ധൈര്യവും ഞങ്ങള്‍ നേരില്‍ കണ്ടു. ആശുപത്രിയില്‍ എത്തി. മുറിച്ചു മാറ്റപ്പെട്ട ഭാഗം കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു മണ്ണ്പറ്റിയിരുന്നതിനാല്‍ അത് പ്രായോഗികമല്ലായിരുന്നു. മുട്ടിനു താഴെയുള്ള ഭാഗത്ത് സര്‍ജറി ചെയ്തു.
ആശുപത്രിയില്‍ വച്ച് നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായി.
അദ്ദേഹം ബി എഡിന് പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സഹധര്‍മിണിയായ പാനൂര്‍ സ്വദേശിനി റാണിയുമായി പ്രണയത്തിലാകുന്നത്. അവര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ കാണാന്‍ വന്നു. പരസ്പരം ഇഷ്ടപ്പെട്ടിരുന്നു എന്നതിന്റെ പേരില്‍ ജീവിതം കളയരുതെന്നും സ്‌നേഹബന്ധം മറന്ന് നല്ലൊരു ജീവിതത്തില്‍ പ്രവേശിക്കണം എന്നും ആശംസിച്ചു. അദ്ദേഹം റാണിയെ മടക്കി അയയ്‌ക്കാന്‍ നോക്കി. എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് റാണി പറഞ്ഞത് ‘ അദ്ദേഹത്തിന്റെ കാലുകളെ അല്ല, മനസ്സിനെയാണ് പ്രണയിച്ചതെന്നും സ്വീകരിച്ചാലും ഇല്ലെങ്കിലും സദാനന്ദന്‍ മാസ്റ്ററായിരിക്കും മനസിലെന്നുമാണ്. ഏത് അവസ്ഥയിലും കൂടെക്കാണും എന്ന ഉറപ്പും നല്‍കി. ആ രംഗം അതി വൈകാരികമായിരുന്നു. കുറെ നാളുകള്‍ക്കു ശേഷം എല്ലാവരുടെയും അനുഗ്രഹത്തോടെ ഇരുവരും വിവാഹിതരായി.
മൂന്ന് മാസത്തെ ആശുപത്രി വാസത്തിനും ആറ് മാസത്തെ ചികിത്സയ്‌ക്കും ശേഷം അദ്ദേഹം വീണ്ടും സംഘ പ്രവര്‍ത്തനത്തില്‍ സജീവമായി . ഇതിനിടയില്‍ സിപിഎം മറ്റൊരു ക്രൂരത കൂടി ചെയ്തു. അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന പെരിഞ്ചേരി എല്‍ പി സ്‌കൂളിലെ ചില കുട്ടികളെ ടി സി വാങ്ങി പോകാന്‍ പ്രേരിപ്പിച്ചു. കുട്ടികള്‍ കുറഞ്ഞതോടെ ഒരു ഡിവിഷന്‍ നഷ്ടമായി . ഒപ്പം സദാനന്ദന്‍ മാസ്റ്ററുടെ ജോലിയും. ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം ജന്മഭൂമിയില്‍ സബ് എഡിറ്ററായി. പിന്നീട് സംഘ നേതൃത്വം തൃശൂരില്‍ സംഘ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളില്‍ ജോലി നല്‍കി. തുടര്‍ന്ന് അദ്ദേഹം എന്‍ടിയുവിന്റെ സംസ്ഥാന പ്രസിഡന്റ് വരെയായി. സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാര്‍ത്തയുടെ എഡിറ്ററും ആയി. ആക്രമണത്തിനിരയായ ശേഷം അദ്ദേഹം ആദ്യം നടത്തിയത് താന്‍ പഠിപ്പിച്ച സ്‌കൂള്‍ മുറ്റത്തൊരു സാംഘിക് ആയിരുന്നു. അന്ന് താന്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ചും അക്രമികളെ കുറിച്ചും അദ്ദേഹം മൗനം പാലിച്ചു.. അതെ സമയം അക്രമ രാഷ്‌ട്രീയത്തെയും കമ്യൂണിസത്തെയും വിമര്‍ശിച്ചു.. സ്‌കൂളില്‍ പോകുമ്പോള്‍ കയ്യില്‍ കരുതുന്ന ബാഗില്‍ അദ്ദേഹം കാക്കി ട്രൗസറും കരുതിയിരുന്നു . സ്‌കൂള്‍ വിട്ട ശേഷം അദ്ദേഹം ശാഖകളിലേക്കുള്ള യാത്രയിലായിരുന്നു..സാധാരണക്കാര്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. അടിത്തട്ടില്‍ നിന്ന് സംഘ പ്രവര്‍ത്തനം നടത്തി വളര്‍ന്നു വന്ന കാര്യ കര്‍ത്താവാണ് അദ്ദേഹം. ദുരന്തം സംഭവിച്ചിട്ടും തളര്‍ന്നില്ല. നിരാശനാവുകയോ പ്രകോപിതനാകുകയോ ചെയ്തില്ല. ആശുപത്രിയില്‍ കാണാന്‍ വരുന്ന സന്ദര്‍ശകരെ പോലും പുഞ്ചിരിച്ചു കൊണ്ട് ആശ്വസിപ്പിച്ചു. മുട്ടിനു മീതെ പുതച്ച വെള്ളപ്പുതപ്പിലേക്ക് വേദനയോടെ നോക്കുന്ന കണ്ണുകള്‍. അതൊന്നും ഒരു പ്രശ്‌നം അല്ലെന്ന് അവര്‍ക്ക് ധൈര്യം നല്‍കി. എസ്. സേതുമാധവന്‍, പി.പി മുകുന്ദന്‍ ഉള്‍പ്പടെയുള്ള സംഘ – ബിജെപി നേതൃത്വം അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു. മാന്യതയും സൗമ്യതയുമാണ് സദാനന്ദന്‍ മാസ്റ്ററുടെ മുഖമുദ്ര. വിരല്‍ തുമ്പ് വരെ മാന്യതയുള്ള പെരുമാറ്റം.
കൊല്ലാന്‍ ഉറപ്പിച്ചെത്തിയ അക്രമി സംഘത്തിന് മുന്നിലും സംഘ ആദര്‍ശത്തെ നെഞ്ചേറ്റി. സി പി എം ഒരാളെ കൊല്ലണം എന്ന് നിശ്ചയിച്ചാല്‍ അയാള്‍ കൊല്ലപ്പെടേണ്ടവന്‍ ആണെന്ന് ചാപ്പ കുത്തി, ശേഷം കൊലപ്പെടുത്തുന്നതാണ് രീതി. അവരുടെ ആക്രമണത്തില്‍ അദ്ദേഹം മരിക്കാതിരുന്നത് ചില നിയോഗങ്ങള്‍ സ്വീകരിക്കാനുണ്ട് എന്നതിനാലാവും. രാജ്യ സഭാംഗമായി നോമിനേറ്റ് ചെയ്തുവെന്ന വര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നു എന്നും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ പോവുകയാണെന്നും ആരോടും വിവരം പങ്ക് വയ്‌ക്കരുതെന്നും പറഞ്ഞതായി അദ്ദേഹം പറഞ്ഞു. അപ്പോഴും പദവി ഏതെന്നു അറിഞ്ഞിരുന്നില്ല. ഈ നിയോഗം പ്രസ്ഥാനത്തിനായി ജീവത്യാഗം ചെയ്തവര്‍ക്കും മരിച്ചു ജീവിക്കുന്നവര്‍ക്കുമായി സമര്‍പ്പിക്കുന്നു എന്നായിരുന്നു സദാനന്ദന്‍ മാസ്റ്ററുടെ വാക്കുകള്‍. സംഘ മന്ത്രം ഒരു ജപമായി ഉള്ളില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് ആദര്‍ശത്തിന്റെ വട വൃക്ഷം തന്നെയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: