സിംഗപ്പൂർ: മൂന്ന് ദിവസത്തെ വിദേശ പര്യടനത്തിന്റെ ആദ്യ പാദത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഞായറാഴ്ച സിംഗപ്പൂരിലെത്തി. സിംഗപ്പൂരുമായുള്ള വിവിധ ഉഭയകക്ഷി സംരംഭങ്ങളിൽ തുടർച്ചയായ പുരോഗതി കാണുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപപ്രധാനമന്ത്രി ഗാൻ കിം യോങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിംഗപ്പൂരിലേക്കും ചൈനയിലേക്കും മൂന്ന് ദിവസത്തെ സന്ദർശനത്തിലാണ് ജയശങ്കർ.
ഉപപ്രധാനമന്ത്രി ഗാൻ കിം യോങ്ങിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജയശങ്കർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. വിവിധ ഉഭയകക്ഷി സംരംഭങ്ങളിൽ തുടർച്ചയായ പുരോഗതി കാണുന്നതിൽ തനിക്ക് സന്തോഷമുണ്ട്. മൂന്നാമത്തെ ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശ സമ്മേളനത്തിനായി (ഐഎസ്എം ആർ) താൻ കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഞായറാഴ്ച രാവിലെ തന്നെ ജയശങ്കർ സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണനെ സന്ദർശിച്ചിരുന്നു. നേരത്തെ മൂന്നാമത്തെ ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശ സമ്മേളനത്തിനായി ന്യൂദൽഹിയിൽ ജയശങ്കറിനെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബാലകൃഷ്ണൻ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു.
ഐഎസ്എംആർ-ന്റെ ആദ്യ യോഗം 2022 സെപ്റ്റംബറിൽ ന്യൂദൽഹിയിലും രണ്ടാമത്തെ യോഗം 2023 ഓഗസ്റ്റിൽ സിംഗപ്പൂരിലും നടന്നിരുന്നു. ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ ചർച്ച ചെയ്ത ടെമാസെക് ഹോൾഡിംഗ്‌സ് ചെയർമാൻ-നിയുക്ത ടിയോ ചീ ഹീനുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.
അതേ സമയം സിംഗപ്പൂർ സന്ദർശനത്തിന് ശേഷം, ചൈനീസ് നഗരമായ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) സമ്മേളനത്തിൽ പങ്കെടുക്കാൻ ജയശങ്കർ പോകും. 2020 ൽ ലഡാക്കിലെ കിഴക്കൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈനയുമായുള്ള സൈനിക സംഘർഷത്തിന് ശേഷം ചൈനയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാൽവാൻ താഴ്‌വരയിലെ അക്രമത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: