ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ആക്രമണങ്ങൾ പതിവാകുന്നു. ജൂലൈ 9 ന് രാജ്യതലസ്ഥാനത്തെ മിറ്റ്ഫോർഡ് ആശുപത്രിക്ക് സമീപം ലാൽ ചന്ദ് സെഹാഗ് എന്ന സ്ക്രാപ്പ് വ്യാപാരിയെ മതമൗലിക വാദികൾ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊലപ്പെടുത്തി. അക്രമികൾ ഇതിന്റെ വീഡിയോ നവമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്തു. ഇത് രാജ്യത്ത് ഉടനീളം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വീഡിയോയിൽ അക്രമികൾ വ്യവസായിയെ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടിച്ചു കൊല്ലുകയും മരിക്കുന്നതുവരെ മർദ്ദിക്കുകയും ചെയ്യുന്നതായി കാണാം. തുടർന്ന് അക്രമികൾ അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നൃത്തം ചെയ്യുന്നത് വ്യക്തമായി കാണാനാകും. അതേ സമയം ഈ കൊലപാതകം ബംഗ്ലാദേശിലുടനീളം രോഷം പരത്തി. ശനിയാഴ്ച നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി ആൾക്കൂട്ട അക്രമം തടയുന്നതിൽ ഇടക്കാല സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.
സംഭവത്തെത്തുടർന്ന് കേസിൽ ഇതുവരെ കുറഞ്ഞത് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ചതായും ബംഗ്ലാദേശ് ആഭ്യന്തര ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറൽ (റിട്ടയേർഡ്) ജഹാംഗീർ ആലം ചൗധരി പറഞ്ഞു.
ഒരു ബിസിനസ് തർക്കത്തെ തുടർന്നാണ് വ്യാപാരിയെ കോൺക്രീറ്റ് കഷ്ണങ്ങൾ കൊണ്ട് അടിച്ചുകൊന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് ആരോപിച്ച് അഞ്ച് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
















