ന്യൂദല്‍ഹി: ഉദയ് പൂരില്‍ ഒരു സാധാരണ തയ്യല്‍ക്കാരനായ കനയ്യ ലാല്‍ കുമാറിനെ പട്ടാപ്പകലാണ് വാള്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്നത് സത്യമാണ്. കനയ്യ ലാലിന്റെ ചോര ഉദയ് പൂരിലെ റോഡില്‍ വീണു എന്നതും സത്യമാണ് . പക്ഷെ ഈ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ‘ഉദയ്പൂര്‍ ഫയല്‍സ്’ എന്ന സിനിമ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഗ്യാന്‍വാപി മോസ്ക് മുന്‍പ് ക്ഷേത്രമായിരുന്നു എന്ന വാദം തെളിയിക്കുന്ന വിധം മുസ്ലിങ്ങള്‍ ഉപയോഗിക്കുന്ന കിണറ്റില്‍ ശിവലിംഗം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശം നബിയെ അധിക്ഷേപിച്ചെന്നും മതനിന്ദയാണെന്നും ആരോപണമുയര്‍ന്നിരുന്നു. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് അന്ന് കനയ്യ ലാല്‍ കുമാറിനെ പട്ടാപ്പകല്‍ രണ്ട് മുസ്ലിം യുവാക്കള്‍ കഴുത്തറുത്ത് കൊന്നത്. കനയ്യ ലാലിന്റെ അയല്‍വാസിയായ നസീം ആണ് കനയ്യ ലാലിന്റെ ഫോട്ടോ വാട്സാപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്.
ജമാ അത്തെ- ഇ- ഉലമയ്‌ക്ക് വേണ്ടി ഹാജരായ കപില്‍ സിബലിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ദല്‍ഹി ഹൈക്കോടതി ‘ഉദയ്പൂര്‍ ഫയല്‍സ്’ എന്ന സിനിമയ്‌ക്ക് സ്റ്റേ നല്‍കിയത്. സിനിമോട്ടോഗ്രാഫ് ആക്ടിലെ 6 വകുപ്പ് പ്രകാരം സിനിമയുടെ നിര്‍മ്മാതാക്കളോട് ഇനി സ്റ്റേ ഒഴിവാക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ദല്‍ഹി ഹൈക്കോടതി. ഇനി കേന്ദ്ര സര്‍ക്കാര്‍ ഈ സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് അനുമതി നല്‍കും വരെ ‘ഉദയ്പൂര്‍ ഫയല്‍സ്’ എന്ന സിനിമ തിയറ്ററുകളില്‍ എത്തില്ല.
സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുത്ത കപില്‍ സിബലിന്റെ വാദങ്ങള്‍
ദല്‍ഹി ഹൈക്കോടതിയില്‍ സിനിമയുടെ ട്രെയ് ലര്‍ കാണിച്ചിരുന്നു. അതിന് ശേഷമാണ് വാദങ്ങള്‍ ആരംഭിച്ചത്. ഈ സിനിമ കണ്ടപ്പോള്‍ അമ്പരന്നു എന്നതായിരുന്നു സിനിമയ്‌ക്കെതിരെ ഹര്‍ജി നല്കിയ ജമാ അത്തെ- ഇ- ഉലമയ്‌ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ഉയര്‍ത്തിയ ഒരു വാദം. സിനിമയില്‍ കണ്ടത് ഭയാനകമാണെന്നും കപില്‍ സിബല്‍ വാദിച്ചു. ഈ സിനിമ ഒരേയൊരു സമുദായത്തെ ലക്ഷ്യം വെയ്‌ക്കുകയാണെന്നും ഒരു സമൂദായത്തെ മാത്രം അധിക്ഷേപിക്കുകയാണെന്നും കപില്‍ സിബല്‍ വാദിച്ചിരുന്നു. ഇത് കലയല്ല. സിനിമാറ്റിക് ആയ നശീകരണവാസനയാണ് ഇതില്‍ കാണാന്‍ കഴിഞ്ഞത് എന്നതായിരുന്നു കപില്‍ സിബലിന്റെ മറ്റൊരു വാദം. “സിനിമയില്‍ വിദ്വേഷപരാമര്‍ശങ്ങളാണ് ഉടനീളമെന്നും കപില്‍ സിബല്‍ ആരോപിക്കുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ രോഗമായി ന്യൂനപക്ഷ സമൂദായത്തെ ചിത്രീകരിക്കുന്ന സിനിമയില്‍ ആ സമുദായത്തോട് നഗ്നമായ വെറുപ്പ് അല്ലാതെ യാതൊന്നും ഇല്ല. മുസ്ലിം സമുദായത്തെ രാക്ഷസീയമായി ചിത്രീകരിക്കുന്നു. അങ്ങേയറ്റം പ്രകോപനപരമായ സ്വഭാവം സിനിമയ്‌ക്കുണ്ട്.” – കപില്‍ സിബല്‍ വാദിച്ചു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം കൂടിയാണ് കപില്‍ സിബല്‍.
സംഭവിച്ച വികൃതമായ സത്യം കാണിക്കാന്‍ പാടില്ലേ?
ഉദയ് പൂരില്‍ ഒരു സാധാരണ തയ്യല്‍ക്കാരനായ കനയ്യ ലാല്‍ കുമാറിനെ പട്ടാപ്പകലാണ് രണ്ട് ഇസ്ലാമിക തീവ്രവാദികള്‍ വാള്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത് എന്നത് സത്യമാണ്. കനയ്യ ലാലിന്റെ ചോര ഉദയ് പൂരിലെ റോഡില്‍ വീണു എന്നതും സത്യമാണ് . വികൃതമായ ഈ സത്യത്തെ സിനിമയാക്കി ചിത്രീകരിച്ചാല്‍ മാത്രം അത് ഒരു സമുദായത്തോടുള്ള നഗ്നമായ വെറുപ്പും ഒരു സമൂദായത്തെ ലക്ഷ്യം വെയ്‌ക്കുന്നതും ആകുന്നത് എങ്ങിനെ എന്നാണ് ചില വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം.
നേരത്തെ സെന്‍സര്‍ ബോര്‍ഡ് 55 കട്ടുകള്‍ക്ക് ശേഷം റിലീസിനായി അനുമതി നല്‍കിയ സിനിമയാണിത്. ദിയോബന്ദ്, ഗ്യാന്‍വാപി എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു പ്രധാനമായും നീക്കം ചെയ്തത്. അമിത് ജാനിയാണ് നിര്‍മ്മാതാവ്. 2000 തീയറ്ററുകളില്‍ ജൂലായ് 11ന് റിലീസ് ചെയ്യാനിരുന്ന, നിരവധി പേര്‍ അഡ്വാന്‍സായി ടിക്കറ്റ് ബുക്കിംഗ് നടത്തിക്കഴിഞ്ഞ ഈ സിനിമയ്‌ക്ക് ഇപ്പോള്‍ എങ്ങിനെയാണ് കോടതി സ്റ്റേ നല്‍കിയതെന്നും ചോദ്യം ഉയരുന്നു.
സത്യത്തെ കോടതി ഭയക്കുന്നോ?- ബിജെപി നേതാവ് അമിത് മാളവ്യ
സത്യത്തെ കോടതി ഭയക്കുന്നോ എന്ന ചോദ്യമാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഉയര്‍ത്തുന്നത്. “ഇസ്ലാമിക മതമൗലികവാദം ആണ് ക്രൂരമായ ഈ കൊലയ്‌ക്ക് പിന്നിലെങ്കില്‍, അതിനെ സിനിമയായി ചിത്രീകരിക്കുമ്പോള്‍ ഇവര്‍ ഭയപ്പെടുന്നത് എന്തിനാണ്?”- അമിത് മാളവ്യ ചോദിക്കുന്നു.
2022 ജൂണ്‍ 28നാണ് പട്ടാപ്പകല്‍ രണ്ട് മതമൗലികവാദികളായ ചെറുപ്പക്കാര്‍ കനയ്യാലാലിനെ കൊലപ്പെടുത്തിയത്. മുഹമ്മദ് റിയാസ് അട്ടാരി, ഗോസ് മുഹമ്മദ് എന്നീ രണ്ട് വെല്‍ഡര്‍മാരായിരുന്നു കൊലയാളികള്‍. പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായുള്ള ഭീകരവാദിയുടെ അനുയായികള്‍ ആണ് ഇരുവരും. പ്രവാചകനെ നിന്ദിയ്‌ക്കുന്നവരുടെ തലവെട്ടുന്നതില്‍ വിട്ടുവീഴ്ചയില്ലാത്തവരാണ് ഈ ഭീകരസംഘം. ഷര്‍ട്ട് തയ്‌ക്കാന്‍ കടയില്‍ വന്നവരെപ്പോലെ അഭിനയിച്ച് അളവെടുക്കുന്നതിനിടയില്‍ കനയ്യലാലിനെ കടയില്‍ നിന്നും വലിച്ച് പുറത്തിട്ട് കഴുത്തറുക്കുകയും ദേഹമാസകലും കുത്തിപ്പരിക്കേല്‍പിക്കുകയും തലയില്‍ വെട്ടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തുക മാത്രമല്ല, കൊലപ്പെടുത്തുന്നതിന്റെ വീഡിയോ പകര്‍ത്തിയ ശേഷം ഇവര്‍ ഓണ്‍ലൈനില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്രയും ക്രൂരത ചെയ്യുന്നത് ഞെട്ടലുളവാക്കുന്നില്ല, അത് സിനിമയായി ചിത്രീകരിച്ചത് കാണുമ്പോള്‍ മാത്രമാണോ ഞെട്ടിയത് എന്ന ചോദ്യവും കപില്‍ സിബലിനെതിരെ ഉയരുന്നു.
കുറ്റം ചെയ്ത മുഹമ്മദ് റിയാസ് അട്ടാരി, ഗോസ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. ഈ കേസ് എന്‍ഐഎ അന്വേഷിച്ച് 11 പേരെ പിടികൂടി. മൂന്ന് വര്‍ഷമായി വിചാരണ നടക്കുന്നുവെങ്കിലും ആരെയും ശിക്ഷിച്ചിട്ടില്ല. ഇതിനിടെ കേസില്‍ വാദം കേള്‍ക്കേണ്ട ജഡ്ജി ഒഴിഞ്ഞു. പകരം കഴിഞ്ഞ ദിവസമാണ് പുതിയ ജഡ്ജിയെ നിയമിച്ചത്. വാദം കേള്‍ക്കല്‍ തുടരും. കേസില്‍ മൂന്ന് വര്‍ഷമായും വിധിവരാത്തതിലും പ്രതികളെ ശിക്ഷിക്കാത്തതിലും കനയ്യലാലിന്റെ ഭാര്യയും മകനും പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: