തിരുവള്ളൂർ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപ്പിടിച്ച സംഭവത്തിൽ അട്ടിമറി സംശയം ഉയരുന്നു. അപകടം നടന്ന സ്ഥലത്ത് പാളത്തിലായിവിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടം അട്ടിമറിയാണോ എന്ന സംശയം ഉയർത്തുന്നത്. ചരക്ക് ട്രെയിൻ പാളം തെറ്റിയതിന് പിന്നാലെയാണ് തീപ്പിടിച്ചത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ പാളംതെറ്റിയതിന് നൂറു മീറ്റർ പരിധിയിൽവെച്ചാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ഈ വിള്ളൽമൂലമാണ് ട്രെയിനിന്റെ മൂന്ന് വാഗണുകൾ പാളംതെറ്റിയതെന്നാണ് വിവരം. തുടർന്ന് ഡീസൽ ചോർച്ച ഉണ്ടാവുകയായിരുന്നു. റെയിൽവേ നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. നേരത്തെതന്നെ പാളത്തിൽ വിള്ളൽ ഉണ്ടായിരുന്നോ എന്ന കാര്യവും റെയിൽവെ പരിശോധിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ 5.30 ഓടെയാണ് ചരക്ക് തീവണ്ടി പാളംതെറ്റിയതിനു പിന്നാലെ അഞ്ച് വാഗണുകൾക്ക് തീപ്പിടിച്ചത്. 27000 ലിറ്ററോളം ഡീസലാണ് വാഗണിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ മംഗളൂരു മെയിൽ പോകുന്നുണ്ടായിരുന്നു. തലനാരിഴയ്‌ക്കാണ് ഈ തീവണ്ടി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: