കോഴിക്കോട്ടെ പ്രശസ്തമായ ത്യാഗരാജ ആരാധനാ സംഗീതോത്സവത്തില്‍ ഒരു വര്‍ഷം പാടാനെത്തിയ നെയ്യാറ്റിന്‍കര വാസുദേവന്‍ കച്ചേരിയ്‌ക്കു മുന്‍പ് സ്വന്തം ഗുരുവും അന്നത്തെ കച്ചേരിക്ക് വയലിന്‍ വായിച്ച വിദ്വാനുമായ ചാലക്കുടി നാരായണ സ്വാമി സാറുമായി ദീര്‍ഘനേരം കച്ചേരിയുടെ കെട്ടിനേയും മട്ടിനേയും കുറിച്ച് ചര്‍ച്ച ചെയ്തതിന് അന്ന് കോളേജ് വിദ്യാര്‍ത്ഥിയും കര്‍ണാടക സംഗീത ഭ്രാന്തനുമായിരുന്ന ഈ ലേഖകന്‍ സാക്ഷി. ചര്‍ച്ചയുടെ ഫലമായി വാസുദേവന്‍ സാര്‍ തയ്യാറാക്കി കൊണ്ടുവന്ന കല്യാണി, ഖരഹരപ്രിയ തുടങ്ങിയ ലിസ്റ്റ് പൂര്‍ണ്ണമായി മാറി കാനഡ, ശുദ്ധ സാവേരി, ലതാംഗി, മോഹനം എന്നിവയുള്‍പ്പെട്ട ഒരു പുതുപട്ടിക ഇഴപേര്‍ത്തു വന്നത് അത്ഭുതാദരങ്ങളോടെ കേട്ടും കണ്ടും നിന്നത് ഇന്നും ഞാനോര്‍ക്കുന്നു! എത്ര ഗൗരവമായും അച്ചടക്കത്തോടെയുമാണ് നെയ്യാറ്റിന്‍കര വാസുദേവന്‍ ഓരോ കച്ചേരിയും ആസൂത്രണം ചെയ്ത് അവതരിപ്പിക്കുന്നത് എന്ന അറിവിലേയ്‌ക്കുള്ള വാതിലായിരുന്നൂ എന്നെ സംബന്ധിച്ചിടത്തോളം ആ ചര്‍ച്ച!
ഇരുപതാം നൂറ്റാണ്ടിനെ സംബന്ധിച്ചിടത്തോളം കര്‍ണാടക സംഗീതലോകത്തിലെ ഏറ്റവും സ്വാധീനശക്തിയും വിശാലവും വിശദവുമായ അറിവും ഉണ്ടായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെയും കര്‍ണാടക സംഗീതത്തെ ബുദ്ധിപൂര്‍വ്വം, അപഗ്രഥനാത്മകമായി മനസ്സിലാക്കി ശ്രദ്ധേയമായ വിധത്തില്‍ രംഗത്ത് അവതരിപ്പിച്ച രാമനാട് കൃഷ്ണന്റെയും ശിഷ്യത്വത്തിന്റെ കഴിവും മിഴിവും ഒത്തിണങ്ങിയ പ്രസന്നതയായിരുന്നു വാസുദേവന്റെ കച്ചേരികള്‍. ഉച്ചാരണത്തിലെ വ്യക്തത, സ്വരവിന്യാസത്തിലെ അച്ചടക്കം, താളാനുധാവനത്തിന്റെ കൃത്യത എന്നിവ വാസുദേവ സംഗീതത്തിന് ആകര്‍ഷകത്വം ഏറ്റിയിരുന്നു.
തിരുവനന്തപുരത്തു നിന്നും അധികമകലയല്ലാത്ത, കന്യാകുമാരിയിലേക്കുള്ള ദേശീയപാത തൊട്ടു തലോടിപ്പോകുന്ന നെയ്യാറ്റിന്‍കരയ്‌ക്കടുത്ത്, അത്താഴമംഗലം ഗ്രാമത്തിലായിരുന്നു വാസുദേവന്റെ ജനനം – 1940ല്‍. അത്താഴമംഗലത്ത് നാരായണനും ജാനകിയുമായിരുന്നു മാതാപിതാക്കള്‍. സ്വന്തം സംഗീതാഭിരുചിയല്ലാതെ മറ്റ് പരമ്പരാഗത സംഗീത ബന്ധങ്ങളൊന്നും അദ്ദേഹത്തിന് അവകാശപ്പെടാനില്ലായിരുന്നു.
തിരുവനന്തപുരത്തെ പ്രസിദ്ധമായ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്ന് കെ.ജെ. യേശുദാസ്, തിരുവിഴ ജയശങ്കര്‍, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭരുടെ കൂടെ അദ്ദേഹം ഔപചാരിക സംഗീത പഠനം പൂര്‍ത്തിയാക്കി. 1960-ല്‍ ഗാനഭൂഷണവും 1962-ല്‍ ഗാനപ്രവീണയും അദ്ദേഹം ഉയര്‍ന്ന നിലയില്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക്കില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഒരു പതിറ്റാണ്ടോളം ജോലി ചെയ്തു. 1974-ല്‍ ആകാശവാണിയില്‍ നിലയ വിദ്വാനായി ചേര്‍ന്നു. ഈ മാറ്റം ഗായകനെന്ന നിലയില്‍ വാസുദേവന്റെ ഉയര്‍ച്ചയ്‌ക്ക് ഒട്ടല്ലാ വഴിവച്ചത്. ചാലക്കുടി നാരായണ സ്വാമി, മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയ ഇതിഹാസങ്ങളുമായുള്ള സഹവാസം നെയ്യാറ്റിന്‍കര വാസുദേവനിലെ കച്ചേരി അവതരാകനെ performing artist- വളരെയേറെ മെച്ചപ്പെടുത്തി. കച്ചേരികള്‍ പ്ലാന്‍ ചെയ്യുക, പുതിയ കൃതികള്‍ കണ്ടെത്തുക, നിര്‍ദ്ദിഷ്ട വിഷയങ്ങളിലോ ഭാവങ്ങളിലോ രാഗങ്ങളിലോ മാത്രമുള്ള കൃതികള്‍ ഉള്‍പ്പെടുത്തി കച്ചേരികള്‍ ധാരാളമായി അവതരിപ്പിക്കുക തുടങ്ങി നെയ്യാറ്റിന്‍കര വാസുദേവന് ആകാശവാണി ധാരാളം അവസരങ്ങള്‍ നല്‍കി.
കര്‍ണാടക സംഗീത മാതൃകയിലുള്ള പല കൃതികളും നെയ്യാറ്റിന്‍കര വാസുദേവന്‍ മലയാള ചലച്ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാള്‍ എന്ന ചലച്ചിത്രത്തില്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ പാടിയ ദശാവതാര രാഗമാലിക ഏറെ അനുവാചക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
1988-ല്‍ വന്‍പിച്ച സഹൃദയ ശ്രദ്ധ പിടിച്ചു പറ്റിയ ‘ചിത്രം’ എന്ന മോഹനന്‍ലാല്‍ ചിത്രത്തിലും നെയ്യാറ്റിന്‍കര വാസുദേവന്‍ പിന്നണി പാടിയിട്ടുണ്ട്. ആഭേരി രാഗത്തിലുള്ള നഗുമോമു എന്ന ത്യാഗരാജ കൃതിയാണ് മോഹന്‍ലാലിനു വേണ്ടി നെയ്യാറ്റിന്‍കര വാസുദേവന്‍ ഈ സിനീമയില്‍ പാടിയിട്ടുള്ളത്. തകഴിയുടെ വിഖ്യാത നോവലായ ഏണിപ്പടികള്‍ ചലച്ചിത്രമാക്കിയപ്പോള്‍ അതില്‍ കല്ല്യാണി രാഗത്തിലുള്ള സ്വാതി കൃതി ‘സാരസ സുവദന’ പാടിയതും നെയ്യാറ്റിന്‍കര വാസുദേവനായിരുന്നു. മധു, ശാരദ, ജയഭാരതി തുടങ്ങിയവര്‍ അഭിനയിച്ച ‘ഏണിപ്പടികള്‍’ ഏറെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ച മലയാള ചലച്ചിത്രമായിരുന്നു.
ആകാശവാണിയില്‍ നിന്ന് 2000-ല്‍ വിരമിച്ച അദ്ദേഹം പിന്നീട് ക്ലാസിക്കല്‍ സംഗീതജ്ഞര്‍ക്ക് ആകാശവാണി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘എ ടോപ്പ്’ റാങ്ക് നേടിയെടുത്തു.
ആകാശവാണിയില്‍ സ്ഥിരമായി, ചിട്ടയായി കര്‍ണാടക സംഗീത ക്ലാസ്സുകള്‍ കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹത്തിനു ശ്രീവത്സന്‍ മേനോന്‍, മുഖത്തല ശിവജി തുടങ്ങി താരനിബദ്ധമായ വലിയൊരു ശിഷ്യ സമ്പത്തുമുണ്ട്.
2008 മെയ് മാസം 13-ന് 68-ാമത്തെ വയസ്സിലാണ് നെയ്യാറ്റിന്‍കര വാസുദേവന്‍ അന്തരിച്ചത്. നെയ്യാറ്റിന്‍കര ദേശദേവതയായ വസുദേവ കൃഷ്ണന്റെ കണ്ഠത്തില്‍ ഇഴചേര്‍ന്ന് കിടക്കുന്ന വാടാമാല പോലെ നെയ്യാറ്റിന്‍കര വാസുദേവന്റെ സംഗീതം ഇന്നും ഒഴുകുന്നൂ, സ്വഛന്ദസുന്ദരമായി !
പ്രതികരിക്കാൻ ഇവിടെ എഴുതുക: