തിരുവനന്തപുരം/ബാലരാമപുരം: ലഹരി മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ബോധനം നല്‍കാന്‍ ബാലഗോകുലത്തിനാവുന്നതായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും അരുവിപ്പുറം മഠം മഠാധിപതിയുമായ സ്വാമി സാന്ദ്രാനന്ദ. ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സാന്ദ്രാനന്ദ സ്വാമി. വിദേശ സംസ്‌കാരവും ഉപഭോഗ സംസ്‌കാരവും കാര്‍ന്നുതിന്നുന്ന സമൂഹത്തിന് പരിഹാരമാണ് ബാലഗോകുലം.
കുഞ്ഞുങ്ങള്‍ക്ക് സംസ്‌കാരം പകരുന്നത് സ്‌കൂളുകള്‍ വഴിയെന്നാണ് സമുഹത്തിന്റെ ധാരണ. എന്നാല്‍ മഹര്‍ഷി പരമ്പര നമ്മെ പഠിപ്പിച്ചത് അത് അമ്മ ഗര്‍ഭാവസ്ഥയില്‍ തുടങ്ങണമെന്നാണ്. വിവാഹം ചടങ്ങുകളാവുന്ന പുതുസമൂഹത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളാവുന്നതില്‍ അത്ഭുതമില്ല. ബുദ്ധിവൈകല്യമുണ്ടാക്കുന്നതാണ് ഏതൊരു ലഹരിയും. ഇന്ന് ഇല്ലാത്ത ജാതി പറഞ്ഞ് മനുഷ്യര്‍ പരസ്പരം വിലപിക്കുകയാണ്. ‘തത്വമസി’ എന്ന് ഗുരു പഠിപ്പിക്കുമ്പോള്‍ ‘അഹം ബ്രഹ്മാസ്മി’ എന്ന് ശിഷ്യന്‍ മനസിലാക്കിയിരുന്നു. ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയുടെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത നരേന്ദ്രമോദി ‘മഹര്‍ഷിമാരുടെ ദര്‍ശനമാണ് ഭാരത സര്‍ക്കാര്‍ പിന്തുടരുന്നത്’ എന്നുപറഞ്ഞത് അറിവുള്ളവര്‍ ഋഷിപാത പിന്തുടരുന്നു എന്നതിന് തെളിവാണെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
കൃഷ്ണദര്‍ശനവും ബുദ്ധഹൃദയവുമാണ് പുതിയ തലമുറകളിലേക്ക് സന്നിവേശിപ്പിക്കേണ്ടതെന്ന് കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. പൗരാണിക ഋഷീശ്വരന്‍മാര്‍ മുതല്‍ ആധുനിക നവോത്ഥാന നായകര്‍ വരെ പിന്തുടരുന്നത് ആത്മീയതയാണ്. ശ്രീനാരായണ ഗുരുദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത് ആചാരങ്ങളെ ലംഘിക്കുകയല്ല, മറിച്ച് കാലഹരണപ്പെട്ട ആചാരങ്ങളെ നവീകരിക്കുകയാണ്. കൃഷ്ണന്‍ നടത്തിയത് ആചാരലംഘനമായിരുന്നെന്ന് ഇന്ന് ചിലര്‍ പറയും. അതും മത പരിഷ്‌കരണമാണെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ദക്ഷിണ കേരളം പൊതുകാര്യദര്‍ശി ബിജു ബി.എസ്., ഭഗിനീപ്രമുഖ് ആര്‍.കെ. രമാദേവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: