മുംബൈ: കുറച്ചുനാളുകളായി ചൈന ലോകത്തെ മുഴുവന്‍ അപൂര്‍വ്വ മൂലകങ്ങളുടെ പേരില്‍ വെല്ലുവിളിക്കുകയാണ്. ഭൂമിയില്‍ നിന്നും ഇത് കുഴിച്ചെടുക്കാനുള്ള സംവിധാനം ചൈനയുടെ പക്കലാണ് കൂടുതലുള്ളത്. ആവശ്യത്തിന് അപ്പപ്പോള്‍ ചൈന അയച്ചുതരുന്നതിനാല്‍ മറ്റ് രാജ്യങ്ങളൊന്നും ഇവ ഉല്‍പാദിപ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചൈന ഇവ നല്‍കാതെ പിടിച്ചുവെച്ച് ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുകയാണ്.
അപൂര്‍വ്വ ധാതുശേഖരം ചൈന നല്‍കാത്തതിന്റെ പേരില്‍ യൂറോപ്പിലും ജപ്പാനിലും കാര്‍ നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കണം എന്ന സ്ഥിതിവിശേഷം വരെ കാര്യങ്ങള്‍ എത്തി. അപൂര്‍വ്വ ധാതുക്കള്‍ യൂറോപ്പിന് നല്‍കാത്തതിനാല്‍ ബിഎംഡബ്ല്യു, മെഴ്സിഡെസ് എന്നീ ലോകപ്രശസ്ത കാര്‍ കമ്പനികളില്‍ വരെ കാര്‍ നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കേണ്ടിവരുമെന്ന ഭീഷണി നേരിട്ടിരുന്നു. ഇന്ത്യയിലെ വൈദ്യുതവാഹനങ്ങളുടെ നിര്‍മ്മാണത്തിന് അപൂര്‍വ്വ ഭൗമകാന്തവും അപൂര്‍വ്വ മൂലകങ്ങലും സുപ്രധാനമാണ്. റെയര്‍ എര്‍ത്ത് സ് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുശേഖരം കയ്യില്‍ വെച്ച് ഇന്ത്യയെ വെല്ലുവിളിക്കാന്‍ ചൈനയെ അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര. ഊനോ മിന്‍ഡ (Uno Minda) എന്ന കമ്പനിയുമായി കൈകോര്‍ത്ത് അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ കമ്പോണന്‍റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഊനോ മിന്‍ഡ. നിര്‍മ്മല്‍ കുമാര്‍ മിന്‍ഡയാണ് ഈ കമ്പനിയുടെ ഉടമ. മഹീന്ദ്ര ആന്‍റ് മഹീന്ദ്രയും ഊനോ മിന്‍ഡയും കൈകോര്‍ത്താല്‍ ഇത് സാധ്യമാകും.
മോദിയുടെ ആത്മനിര്‍ഭര്‍ഭാരതില്‍ പിന്തുണയ്‌ക്കുന്ന ഇന്ത്യ 2047ല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഉറച്ചുവിശ്വസിക്കുന്ന മോദി സര്‍ക്കാരിന്റെ ഉല്‍പാദനബന്ധിത ഉത്തേജകപദ്ധതിയില്‍ അംഗമായ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ ഇന്ത്യയുടെ ഈ വിടവ് പരിഹരിക്കാന്‍ തന്നാല്‍ ആവുന്നത് ചെയ്യാനുള്ള പുറപ്പാടിലാണ്. പല സ്വകാര്യകമ്പനികളും രാജ്യത്തിന് വേണ്ടി മോദി സര്‍ക്കാരിന്റെ ദൗത്യങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും കഷ്ടപ്പെടാന്‍ തയ്യാറുണ്ട് എന്നതും ഈ സര്‍ക്കാരിന്റെ അനുകൂലഘടകമാണ്. അതാണ് കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയില്‍ നടത്തിയ പ്രസംഗത്തില്‍ അജിത് ഡോവല്‍ പ്രഖ്യാപിച്ചത്. ചൈന 12 വര്‍ഷമെടുത്തും 25 ലക്ഷം കോടി രൂപയിലധികം ചെലവഴിച്ചുമാണ് 5ജി ഉണ്ടാക്കിയത്. എന്നാല്‍ ഇന്ത്യ വെറും രണ്ടര വര്‍ഷം കൊണ്ട് അതിനേക്കാള്‍ എത്രയോ കുറഞ്ഞ തുക ചെലവഴിച്ച് തദ്ദേശീയമായ ഒരു 5ജി വികസിപ്പിച്ചിരുന്നു. ഇതിന് പിന്നില്‍ ഇന്ത്യയിലെ ഐഐടി പോലുള്ള സ്ഥാപനങ്ങളും സ്വകാര്യ കോര്‍പറേറ്റുകളുടെ പങ്കാളിത്തവുമാണെന്നും അജിത് ഡോവല്‍ പറഞ്ഞിരുന്നു.
എന്താണ് അപൂര്‍വ്വ ഭൗമ കാന്തം? (Rareearth magnet)
അപൂർവ്വ ഭൗമ കാന്തങ്ങൾ (Rare earth magnets) എന്നത് അപൂർവ്വ ഭൗമ മൂലകങ്ങളുടെ ലോഹസങ്കരങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ശക്തമായ സ്ഥിരമായ കാന്തങ്ങളാണ്. ഇവ മറ്റ് സാധാരണ കാന്തങ്ങളെ അപേക്ഷിച്ച് വളരെ ശക്തമായ കാന്തികക്ഷേത്രങ്ങൾ ഉത്പാദിപ്പിക്കുന്നു. നിയോഡൈമിയം, സമരിയം-ഡിസ് പ്രോസിയം എന്നിവയാണ് അപൂര്‍വ്വ ഭൗമ കാന്തങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന അപൂർവ്വ മൂലകങ്ങൾ. ഇലക്ട്രിക് മോട്ടോറുകള്‍, പ്രതിരോധരംഗത്തെ ഉപകരണ സംവിധാനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ സുപ്രധാനമാണ് അപൂര്‍വ്വ ഭൗമ കാന്തം.
ശക്തിയേറിയ കാന്തികക്ഷേത്രം, ചെറിയ അളവിൽ കൂടുതൽ കാന്തികശക്തി,ഉയർന്ന കാന്തികബലം എന്നിവ അപൂർവ്വ ഭൗമ കാന്തങ്ങളുടെ പ്രത്യേകതകൾ ആണ്. സാധാരണ കാന്തങ്ങളെ അപേക്ഷിച്ച് വളരെ ശക്തമായ കാന്തികക്ഷേത്രം ഇവ ഉത്പാദിപ്പിക്കുന്നു. ചെറിയ വലിപ്പമേ ഉള്ളൂവെങ്കിലും അതിന് ശക്തമായ കാന്തശക്തി ഉണ്ടായിരിക്കും. സാധാരണ കണ്ടുവരുന്ന ഫെറോ മാഗ്നറ്റുകള്‍ക്കും അല്‍നികോ മാഗ്നറ്റുകള്‍ക്കും ഈ ശേഷിയില്ല. വൈദ്യുതകാറുകള്‍ക്ക് വേണ്ട ഉപകരണങ്ങളിൽ ഇവ ഉപയോഗിക്കുന്നു. കാന്തത്തെ ദുർബലപ്പെടുത്തുന്ന ബാഹ്യഘടകങ്ങളെ ചെറുക്കാനും ഇവയ്‌ക്ക് കഴിവുണ്ട്. ഇതാണ് അപൂര്‍വ്വ ഭൗമകാന്തങ്ങള്‍ വൈദ്യുതകാര്‍ മുതല്‍ യുദ്ധവിമാനങ്ങള്‍ വരെ നിര്‍മ്മിക്കുന്നതില്‍ അത്യന്താപേക്ഷിതമാക്കുന്നത്.
വിവിധ മേഖലകളില്‍ അപൂര്‍വ്വ ഭൗമ കാന്ത ഉപയോഗങ്ങള്‍
ഇലക്ട്രോണിക്സ്: ഹാര്‍ഡ് ഡിസ്ക്, ഹെഡ് ഫോണ്‍സ്, സ്പീക്കറുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍
ഓട്ടോമോട്ടീവ്: ഇലക്ട്രിക് വാഹന മോട്ടോറുകള്‍, സെന്‍സറുകള്‍, മറ്റ് ഘടകങ്ങള്‍
റിന്യൂവബിള്‍ എനര്‍ജി: പുനരുപയോഗഊര്‍ജ്ജരംഗത്ത് വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്റുകള്‍ നിര്‍മ്മിക്കാന്‍.
വ്യവസായങ്ങള്‍: മോട്ടോറുകള്‍, ജനറേറ്ററുകള്‍, മറ്റ് വ്യവസായിക ഉപകരണങ്ങള്‍
മെഡിക്കല്‍:എംആര്‍ഐ, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍
പ്രതിരോധം: വിവിധ സൈനിക ഉപകരണങ്ങള്‍
ചൈന വെല്ലുവിളിക്കുന്നു
ഇപ്പോള്‍ ലോകത്തിന് ആവശ്യമായ 90 ശതമാനം അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ നിര്‍മ്മിക്കുന്നത് ചൈനയാണ്. ഏപ്രില്‍ 2025 മുതലാണ് ചൈന ഇവയുടെ കയറ്റുമതി നിര്‍ത്തിവെച്ച് ലോകത്തെ വെല്ലുവിളിക്കുന്നത്. യുഎസിനും യൂറോപ്പിനും കുറഞ്ഞ അളവില്‍ ഇത് ചൈന നല്‍കുന്നുണ്ട്. പക്ഷെ ഇന്ത്യയ്‌ക്ക് ഇവ ലഭിക്കുന്നില്ല. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തന്നെ അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യകമ്പനികളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ഒന്നിച്ച് കുഴിച്ചെടുക്കാനാവില്ല. മറ്റ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്നതിനാല്‍ വേര്‍തിരിച്ചെടുക്കല്‍ ശ്രമകരമാണ്. ഈയിടെ കേന്ദ്രഘനവ്യവസായ രംഗത്തെ കമ്പനികളുടെ യോഗത്തില്‍ അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കാന്‍ താല്‍പര്യമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെ തന്നെ ഒരു പ്രാദേശിക കമ്പനിയുമായി കൈകോര്‍ക്കാമെന്ന തീരുമാനത്തിന്റെ ഭാഗമായി നിര്‍മ്മാണപങ്കാളിയായി ഊനോ മിന്‍ഡയെ കണ്ടെത്തുകയായിരുന്നു ആനന്ദ് മഹീന്ദ്ര. ഇനിയും ഭൂമിയിലെ അപൂര്‍വ്വ മൂലകങ്ങള്‍ കയ്യടക്കിവെച്ചുകൊണ്ടുള്ള വിലപേശലിന് മുന്നില്‍ ചൈനയുടെ കാല്‍ക്കീഴില്‍ അമരാന്‍ കഴിയില്ലെന്ന പ്രഖ്യാപനമാണ് ആനന്ദ് മഹീന്ദ്ര നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: