Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല...അതിന് മുന്‍പേ വീണുപോയി...ജൊക്കോവിച്ചിനും വയസ്സായി

ലണ്ടന്‍: പ്രായം എന്നത് വെറും നമ്പര്‍ മാത്രമാണെന്ന ആപ്തവാക്യം ഒരു പക്ഷെ ശാരീരികാധ്വാനം ഏറെ ആവശ്യമായ ടെന്നീസ് പോലെയുള്ള ഒരു കളിക്ക് ബാധകമാവില്ല. പ്രായത്തിനെ ഒന്നുകൊണ്ടും മറയ്‌ക്കാനാവില്ലെന്ന നഗ്നസത്യം ലണ്ടനിലെ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ നടക്കുന്ന വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ തെളിഞ്ഞുനിന്ന ദിവസമായിരുന്നു ജൂലായ് 11 വെള്ളിയാഴ്ചത്തെ സായാഹ്നം. പുല്‍കോര്‍ട്ടില്‍ നടക്കുന്ന ലോകത്തിലെ ഏക ഗ്രാന്‍റ് സ്ലാം ടൂര്‍ണ്ണമെന്‍റായ വിംബിള്‍ഡണിന്റെ സെമിഫൈനല്‍ മത്സരം നടക്കുകയാണ്. 38കാരനായ സെര്‍ബിയക്കാരന്‍ നൊവാക് ജൊകോവിച്ചിന് ഒറ്റ ലക്ഷ്യമേ മനസ്സില്‍ ഉള്ളൂ- സെമിയില്‍ എതിരാളിയായ ഇറ്റലിക്കാരനായ ജന്നിക് സിന്നറെ തോല്‍പിക്കുക, എന്നിട്ട് ഫൈനലില്‍ കടക്കുക.

ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ടെന്നീസ് കളിക്കാർ ഏറെ വിലമതിക്കുന്നതുമായ ടെന്നീസ് ടൂർണമെന്‍റായ വിംബിൾഡണില്‍ ഏഴ് തവണ കിരീടം ചൂടിയ ജൊകോവിച്ചിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്- എട്ടാമത്തെ വിംബിള്‍ഡണ്‍ കിരീടം. അതുവഴി എട്ട് തവണ വിംബിള്‍ഡണ്‍ കിരീടം ചൂടിയ സ്വിറ്റ്സര്‍ലാന്‍റുകാരനായ റോജര്‍ ഫെഡററുടെ റെക്കോഡിന് ഒപ്പമെത്തുക എന്ന ലക്ഷ്യം, സ്വപ്നം.

-->

സെമിയില്‍ എത്തിയതോടെ ജൊകോവിച്ചിന് പ്രതീക്ഷ വാനോളം വളര്‍ന്നു. സ്വപ്നം സഫലമാകുമെന്നും കരുതി. പക്ഷെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിക്കാരനായ ഫ്ലേവിയോ കൊബോളിയുമായി കളിക്കുമ്പോള്‍ ജൊകോവിച്ച് കോര്‍ട്ടിലൊന്ന് അടിതെറ്റി വീണുപോയിരുന്നു. അപ്പോള്‍ പരിക്ക് സാരമായി തോന്നിയില്ല. അതുകൊണ്ടാണ് സെമിഫൈനല്‍ മത്സരത്തില്‍ ഇരട്ടി ഊര്‍ജ്ജത്തോടെയും ആവേശത്തോടെയും കളിക്കാനിറങ്ങിയത്. ഈയിടെ ജൊകോവിച്ചിനെ പരിക്കുകള്‍ അടിക്കടി അലട്ടുന്നുണ്ട്. പ്രായമാവുന്നതിന്റെ ലക്ഷണം. ശരീരം വിചാരിക്കുന്ന വേഗത്തില്‍ എത്തുന്നില്ല. ബുള്ളറ്റ് പോലെ പാഞ്ഞുവരുന്ന എതിരാളികളുടെ സെര്‍വിലേക്ക് ബാറ്റ് എത്തുന്നില്ല. എങ്കിലും സെമിയില്‍ 23കാരനായ ജാനിക് സിന്നറെ തോല്‍പിച്ച് ഫൈനലില്‍ കടക്കാനാകും എന്ന് തന്നെ ജൊകോവിച് കരുതി.

പക്ഷെ കളിയിലുടനീളം ജാനിക് സിന്നര്‍ ആധിപത്യം പുലര്‍ത്തി. ആദ്യ സെറ്റില്‍ മാത്രം ജാനിക് സിന്നര്‍ അല്‍പമൊന്നു പതറി. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ 0-3ന് പിന്നിലായിപ്പോയ ജാനിക് സിന്നര്‍ പക്ഷെ പൊടുന്നനെ ഉയിര്‍ത്തെഴുന്നേറ്റു. കളിയുടെ താളം കണ്ടെത്തിയ 23 കാരനായ സിന്നര്‍ തുടര്‍ന്നങ്ങോട്ട് കളം നിറഞ്ഞ് കളിക്കുകയായിരുന്നു. ജൊകോവിച്ചിന്റെ സെര്‍വുകള്‍ പോലും തകര്‍ത്ത് ജാനിക് സിന്നര്‍ പോയിന്‍റ് നേടിക്കൊണ്ടിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അനായാസം ജാനിക് സിന്നര്‍ ജൊകോവിച്ചിനെ തോല്‍പിച്ചു (സ്കോര്‍: 6-3, 6-3, 6-4). ഒരിയ്‌ക്കല്‍ ടെന്നീസിലെ സിംഹമായിരുന്ന ജൊകോവിചിനെ തോല്‍പിക്കാന്‍ വെറും ഒരു മണിക്കൂര്‍ 55 മിനിറ്റ് മാത്രമേ ജാനിക് സിന്നറിന് വേണ്ടി വന്നുള്ളൂ. 38ാം വയസ്സിലും ടെന്നീസ് കോര്‍ട്ടില്‍ തകര്‍ത്താടുന്ന ജൊകോവിചിനെ കാലത്തിന് തോല്‍പിക്കാനാകാത്തവന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ജേണലിസ്റ്റുകള്‍ ഇക്കുറി വാക്കുകള്‍ക്ക് വേണ്ടി പരതി. മൂന്നാമത്തെ ഗെയിമില്‍ ഒരു തകര്‍പ്പന്‍ ഫോര്‍ഹാന്‍റ് ഷോട്ട് കോര്‍ട്ടിന് മധ്യത്തിലേക്ക് സിന്നര്‍ പായിച്ചപ്പോള്‍ അതിന് മറുപടി നല്‍കാന്‍ മറുഭാഗത്തെ കോര്‍ട്ടില്‍ ജൊകോവിച്ച് ഉണ്ടായിരുന്നില്ല. ഇതോടെ ജൊകോവിചിന്റെ തോല്‍വിയെയും സിന്നറിന്റെ ആധിപത്യത്തെയും കമന്‍റേറ്റര്‍ വിശദീകരിച്ചത് ഇങ്ങിനെ::”ജൊകോവിച്ച് നിശ്ശൂന്യനായി കളിക്കളം വിട്ടിരിക്കുന്നു….വേദി സിന്നറിനായി വിട്ടുകൊടുത്തുകൊണ്ട്….ഒരു പുത്തന്‍ പ്രഭാതത്തിന് സമയമായിരിക്കുന്നു…”. അതെ, ഇളംപ്രായത്തില്‍ കാലത്തെ മടക്കിയൊടിച്ച് വെച്ച് മൈതാനങ്ങള്‍ കീഴടക്കിയ യോദ്ധാവ് ഇന്ന് എല്ലാം മറന്നവനെപ്പോലെ ആയിരിക്കുന്നു.

വിംബിള്‍ഡണിന്റെ കളിമണ്‍ കോര്‍ട്ടില്‍ ഉദിച്ചയുരുകയായിരുന്ന ജാന്നിക് സിന്നറെ ഒന്നു വെല്ലുവിളിക്കാന്‍ പോലുമാകാതെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജൊകോവിച് വീഴുമ്പോള്‍ എല്ലാവര്‍ക്കും ആ നഗ്നസത്യം ബോധ്യമായി- കാലത്തിനെ തോല്‍പിക്കാന്‍ ജൊകോവിചിനും ആകില്ല.

എക്കാലത്തും ബോഡി ഫിറ്റ്നെസിന് പേര് കേട്ട കളിക്കാരനായിരുന്നു ജൊകോവിച്ച്. കടഞ്ഞെടുത്ത ശരീരം. 6 അടി രണ്ടിഞ്ച് ഉയരം. 24 ഗ്രാന്‍റ് സ്ലാം ടൂര്‍ണ്ണമെന്‍റുകളില്‍ കിരീടം നേടിയ അത്ഭുത ടെന്നീസ് പ്രതിഭ. പക്ഷെ റോജര്‍ ഫെഡററുടെ റെക്കോഡിന് ഒപ്പം ഓടിയെത്തുന്ന കാര്യത്തില്‍ ജൊകോവിച്ചിന് പിഴച്ചു. കാരണം ശരീരത്തെ കീഴടക്കുന്ന പ്രായാധിക്യം തന്നെ. 38 വയസ്സേ ഉള്ളൂവെങ്കിലും നാലാം വയസ്സില്‍ ആരംഭിച്ച ടെന്നീസ് യാത്രയില്‍ നിരന്തരമായ മത്സരങ്ങള്‍ അദ്ദേഹത്തിന്റെ ഉരുക്ക് ശരീരത്തെ ഉലച്ചിരിക്കണം. അത് വെള്ളിയാഴ്ച സെമിഫൈനല്‍ മത്സരത്തിലെ തോല്‍വിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജൊകോവിച് തന്നെ തുറന്ന് സമ്മതിച്ചൂ. “ഈ തോല്‍വി നിര്‍ഭാഗ്യം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് പ്രായമാണ്. ശരീരത്തിന്റെ നിരന്തരോപയോഗം കൊണ്ട് സംഭവിച്ച തേയ്മാനം. എത്ര തന്നെ കരുതലെടുത്താലും സത്യം എന്നെ വേട്ടയാടുന്നു….പ്രായം എന്ന സത്യം…കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി, മുമ്പെങ്ങുമില്ലാത്ത വിധം….”. ജൊകോവിച്ച് പറഞ്ഞത് ശരിയാണ്. 2023ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടിയ ശേഷം വലിയ വിജയങ്ങള്‍ ജൊകോവിച്ചിന് നേടാനായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ കിരീടം നേടിയതായിരുന്നു ഒടുവിലത്തെ വന്‍ജയം.

ജൊകോവിച്ചിന്റെ ഈ വെളിപ്പെടുത്തല്‍ കേട്ട് അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാരായ സെര്‍ബിയക്കാര്‍ പലരും പൊട്ടിക്കരഞ്ഞു. ദൈവം പോലെ ആരാധിച്ചിരുന്ന താരത്തിന്റെ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരീടത്തിനായി ഇവര്‍ കണ്ണും കാതും തുറന്നിട്ടിരിക്കുകയായിരുന്നു സെര്‍ബിയക്കാര്‍. പക്ഷെ അവരുടെ ദൈവം ഇതാ പ്രായത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു..ദേശീയതയ്‌ക്ക് പേര് കേട്ട നാടാണ് സെര്‍ബിയ. ഏത് പരീക്ഷണഘട്ടങ്ങളെയും അതിജീവിക്കുന്നതില്‍ സമര്‍ത്ഥര്‍. പക്ഷെ പ്രായം, വാര്‍ധക്യം…അത് സത്യമാണ്. നഗ്നമായ സത്യം.

വാര്‍ധക്യം, രോഗം, മരണം- പണ്ട് ശ്രീബുദ്ധന്‍ കണ്ടെത്തിയ ജീവിതത്തിലെ മൂന്ന് മാറ്റിവെയ്‌ക്കാനാവാത്ത സത്യങ്ങളില്‍ ഒന്ന് ജൊകോവിച്ചിനെയും ബാധിച്ചിരിക്കുന്നു. 2011ല്‍ തുടങ്ങിയതാണ് ജൊകോവിച്ചിന്റെ വിംബിള്‍ഡണ്‍ കിരീടവേട്ട. 2014, 2015, 2018, 2019, 2021, 2022 – ആറ് തവണ കൂടി വിംബിള്‍ഡണില്‍ ജൊകോവിച് തകര്‍ത്താടി, കിരീടവും നേടി നാട്ടിലേക്ക് തിരിച്ചുപോയി. പക്ഷെ ഇനി എട്ടാമത്തെ വിംബിള്‍ഡണ്‍ കിരീടമോഹവുമായി അടുത്ത വര്‍ഷം ജൊകോവിച്ച് എത്തുമെന്ന് തോന്നുന്നില്ല. അതാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. “നിരന്തരോപയോഗം കൊണ്ട് ശരീരം ക്ഷയിച്ചിരിക്കുന്നു….”. ഒരു പക്ഷെ റോജര്‍ ഫെഡററുടെ എട്ട് വിംബിള്‍‍ഡണ്‍ കിരീടം എന്ന റെക്കോഡ് തകര്‍പ്പെടാതെ കിടക്കുമായിരിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റോജര്‍ ഫെഡററുടെ ആരാധനകനായിരുന്നു. ടെന്നീസ് ജീവിതത്തിലെ ഫെഡററുടെ ദീര്‍ഘായുസ്സ് സച്ചിനെ എന്നും വിസ്മയിപ്പിച്ചിരുന്നു. ടെന്നീസിലെ മാത്രമല്ല, കായികരംഗത്തെ തന്നെ എക്കാലത്തേയും മഹദ് പ്രതിഭ എന്നാണ് സച്ചിന്‍ ഫെഡററെ വിശേഷിപ്പിച്ചത്. അതെ, ഫെഡററുടെ എട്ട് വിംബിള്‍ഡണ്‍ കിരീടം എന്ന നേട്ടത്തിന് ഒപ്പമെത്താന്‍ ഫിറ്റ്നസിന് പേരെടുത്ത ജൊകോവിച്ചിന് സാധിച്ചില്ലെങ്കില്‍, ഇനി അത് തകര്‍ക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക? അതും പ്രതിഭകള്‍ക്ക് ദീര്‍ഘായുസ്സില്ലാത്ത ഈ എഐ യുഗത്തില്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക