കോണ്‍ഗ്രസിനും അവരുടെ അണികള്‍ക്കും ഇതുവരെ മനസ്സിലാകാത്ത ഒരു സത്യം ശശി തരൂര്‍ ഉറക്കെ പറഞ്ഞത് സ്വാഗതാര്‍ഹം തന്നെ. ആ തിരിച്ചറിവിന് ഇത്രയും കാലതാമസം വന്നത് എന്തുകൊണ്ട് എന്നതുമാത്രം ചെറിയ അത്ഭുതമായി ബാക്കിനില്‍ക്കുന്നു. അടിയന്തരാവസ്ഥയുടെ ഭീകര മുഖത്തെക്കുറിച്ചാണ് തരൂര്‍ ലേഖനത്തിലൂടെ വാചാലനായത്. ഇരുണ്ട ആ കാലഘട്ടത്തേക്കുറിച്ച് രാഷ്‌ട്രീയ സ്വയം സേവക സംഘം പറഞ്ഞിരുന്ന കാര്യങ്ങള്‍ മുഴുവന്‍ ശരിവയ്‌ക്കുന്ന ലേഖനത്തില്‍ തരൂര്‍ വിരല്‍ ചൂണ്ടുന്നത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മകന്‍ സഞ്ജയ് ഗാന്ധിക്കും നേരെ തന്നെയാണ്. ഇന്ദിരയ്‌ക്കെതിരെ മിണ്ടാന്‍ പോലും പേടിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഇതുണ്ടാക്കുന്ന തലവേദനയും വെപ്രാളവും എത്രയായിരിക്കുമെന്ന് ഊഹിക്കാം. അതിന്റെ അനന്തര ഫലങ്ങള്‍ എന്തൊക്കെയെന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളു. ഫാസിസത്തേക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തേക്കുറിച്ചും അതിന്റെ നിഷേധത്തേക്കുറിച്ചും അധികാര ദുര്‍വിനിയോഗത്തേക്കുറിച്ചും വാചാലരാകാറുള്ള നേതാക്കളുടെ കക്ഷിയാണ് കോണ്‍ഗ്രസ്. ഇന്ദിരയെ രാജ്യത്തിന്റെ പ്രതിരൂപമായി ചിത്രീകരിച്ച് ആരാധിച്ചവര്‍, അന്നത്തെ കിരാത ഭരണത്തില്‍ ഒരു പന്തികേടും അവര്‍ കണ്ടിരുന്നില്ല. അന്ന് ആ ഭീകര ഭരണത്തിന്റെ തിക്ത ഫലം അനുഭവിച്ചവര്‍ക്കു നേരെ അതേ ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്നു വിഷം തുപ്പുന്ന തിരക്കില്‍ പഴയകാര്യങ്ങള്‍ അവര്‍ മറന്നു പോയതായി നടിക്കുകയായിരുന്നു ഇത്രകാലവും. സ്വന്തം പാളയത്തില്‍ നിന്നു തന്നെ ഇത്തരമൊരു പ്രതികരണം വന്ന സ്ഥിതിക്ക് അവര്‍ക്ക് ഇനി പ്രതികരിക്കേണ്ടിവരും. പ്രതികരിച്ചാല്‍, അന്ന് ഇരുമ്പു മറയ്‌ക്കു പിന്നില്‍ നടന്ന ഭീകരതയുടെ മുഖം കൂടുതല്‍ കൂടുതല്‍ പുറത്തു വന്നെന്നിരിക്കും. മറച്ചുവച്ചിരുന്നതൊക്കെ തുറന്നു കാട്ടപ്പെടും.
നേരിനെ നേരായിക്കാണാന്‍ വേണ്ട വിവരവും വിവേകവുമുള്ളവര്‍ക്ക് എന്നെങ്കിലും തിരിച്ചറിവുണ്ടാകുമെന്നതിന്റെ തെളിവാണ് തരൂരിന്റെ നിലപാട്. രാഷ്‌ട്രീയ ചേരിതിരുവുകള്‍ക്കപ്പുറമുള്ളൊരു വ്യക്തിത്വത്തിനുടമയായ അദ്ദേഹം ഇന്നത്തെ ഭരണത്തെ ഒളിഞ്ഞും തെളിഞ്ഞും അംഗീകരിക്കാന്‍ തുടങ്ങിയിട്ടു കുറച്ചുകാലമായി. അതു പ്രതിപക്ഷ നിരയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ സത്യത്തെ മറച്ചുപിടിക്കാന്‍ ശ്രമിച്ചവര്‍ക്ക് അതൊന്നും ദഹിക്കുമായിരുന്നുമില്ല. രാജ്യം ദുഃഖകരവും അതിനിര്‍ണായകവുമായ സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോഴും രാഷ്‌ട്രീയ മുതലെടുപ്പിനു ശ്രമിച്ചുപോന്നവരാണ് പ്രതിപക്ഷ നേതാവ് രാഹുലും അദ്ദേഹത്തിന്റെ സ്തുതിപാഠകരും. തെരഞ്ഞെടുപ്പു ജയിക്കാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തയ്യാറായവര്‍ അതു ചെയ്യുന്നതില്‍ അത്ഭുതമില്ലതാനും. വ്യക്തമായ അഴിമതികളുടെ പേരില്‍ ഇക്കൂട്ടര്‍ക്കെതിരെ നിയമപരമായി നീങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ അധിക്ഷേപിച്ചും പ്രതികാര നടപടി എന്ന് ആരോപിച്ചും പിന്‍തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍, രക്ഷപ്പെടാനുള്ള പ്രത്യാക്രമണ തന്ത്രമായാണ് ദേശവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ചുള്ള നീക്കങ്ങള്‍ ആവിഷ്‌കരിച്ചത്. ദേശത്തേയും ദേശാഭിമാനത്തേയും സൈനികരുടെ ആത്മവീര്യത്തേയും പോലും അധിക്ഷേപിക്കുന്ന നിലയിലേയ്‌ക്ക് അതൊക്കെ തരംതാണപ്പോള്‍ കോടതിക്കു തന്നെ ഇടപെടേണ്ടതായും വന്നു.
അന്നു രാഷ്‌ട്രീയം മാറ്റിവച്ചു സത്യങ്ങള്‍ അംഗീകരിക്കുന്ന നിലപാടിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് ശശി തരൂര്‍. ആ നിലപാടിനു രാജ്യം അര്‍ഹമായ അംഗീകാരം നല്‍കുകയും ചെയ്തു. രാഷ്‌ട്രം ഏല്‍പിച്ച ചുമതല പൗരബോധത്തോടെ പൂര്‍ത്തിയാക്കാനുള്ള ആത്മാര്‍ഥത തരൂര്‍ കാണിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ നിലപാടും ശ്രദ്ധിക്കപ്പെടും. അംഗീകരിക്കപ്പെടുകയും ചെയ്യും. ഇവിടെയാണ് കോണ്‍ഗ്രസ് പാളയവും കൂടെയുള്ളവരും ആശയക്കുഴപ്പത്തിലാകുന്നത്. നാട്ടിലും വിദേശത്തും പോയി വിഴുപ്പലക്കുന്നതുപോലെയല്ല രാഷ്‌ട്ര മനസ്സില്‍ ഉണങ്ങാതെ കിടക്കുന്ന ഒരു മുറിവിനെക്കുറിച്ചു വിശകലനം നടത്തുന്നത്. അതും സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ, പ്രഖ്യാപിത നിലപാടിന് എതിരെ ശബ്ദം ഉയര്‍ന്ന സാഹചര്യത്തില്‍. അവര്‍ ചിന്തിക്കട്ടെ. പ്രതികരണം എന്തായാലും, മൂടിവച്ചതു പലതും പുറത്തുവരാന്‍ അതു വഴിവച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: