വാഷിംഗ്ടൺ: യുഎസ് ബി2 ബോംബർ വിമാനങ്ങൾ ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും ഇറാന്റെ ആണവ ദൗത്യം അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേൽ. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും മൂന്നാമത്തെ കേന്ദ്രമായ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിൽ സുരക്ഷിതമാണെന്നുമാണ് ഇസ്രായേലിന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നത്.
യുഎസ് ആക്രമണങ്ങൾ നടത്തിയിട്ടും അത് പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ല. യുഎസ് ആക്രമണങ്ങളുടെ ആഘാതത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് ഉദ്യോഗസ്ഥന്റെ പ്രസ്താവന.
യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയെ പൂർണ്ണമായും നശിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (ഡിഐഎ) നടത്തിയ ഒരു പ്രാരംഭ റിപ്പോർട്ടിൽ ആക്രമണങ്ങൾ ഈ താവളങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും അവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടില്ല എന്ന് പറയുന്നു.
ഈ ആക്രമണങ്ങളിൽ അമേരിക്ക ബി-2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ചിരുന്നു. ബങ്കർ ബസ്റ്റർ ബോംബുകൾ ഇതിലൂടെയാണ് വർഷിച്ചത്. ഭൂമിക്കുള്ളിൽ ആഴത്തിൽ പൊട്ടിത്തെറിക്കുന്ന ബോംബുകളാണിവ. ബോംബുകൾ എത്രത്തോളം ഫലപ്രദമായി ലക്ഷ്യങ്ങളിൽ എത്തി എന്ന് നിർണ്ണയിക്കുന്നതിനുള്ള ഡാറ്റയ്‌ക്കായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഈ ബോംബുകൾ നിർമ്മിച്ച യുഎസ് ഏജൻസി പറഞ്ഞു.
അതേ സമയം യുഎസ് ആക്രമണങ്ങൾ തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം വരുത്തിയതിനാൽ ഇറാനിയൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ ആ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ ഒരു അഭിമുഖത്തിൽ സമ്മതിച്ചു. ഐഎഇഎയുമായി (ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി) സഹകരണം പുനരാരംഭിക്കാൻ ഇറാൻ തയ്യാറാണെന്നും എന്നാൽ ഇപ്പോൾ യുഎൻ പരിശോധകർക്ക് പൂർണ്ണവും തടസ്സമില്ലാത്തതുമായ പ്രവേശനം വാഗ്ദാനം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ടക്കർ കാൾസണുമായുള്ള സംഭാഷണത്തിൽ പറഞ്ഞു.
എന്നാൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ ഭയന്ന് ഇറാൻ ഇതിനകം തന്നെ യുറേനിയം ശേഖരം മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കാമെന്ന് ആണവ വിദഗ്ധർ വിശ്വസിക്കുന്നു. എന്നിരുന്നാലും ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഈ മൂന്ന് സ്ഥലങ്ങളിലായിരുന്നുവെന്നും മറ്റെവിടെയും മാറ്റിയിട്ടില്ലെന്നും ഇസ്രായേലി ഉദ്യോഗസ്ഥൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: