മുംബൈ: ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വില്‍പനയില്‍ മാന്ദ്യം നേരിട്ടതോടെ ഇന്ത്യയിലേക്ക് തിരിഞ്ഞ ഇലോണ്‍ മസ്കിന്റെ ടെസ് ല കാറിന്റെ ആദ്യ ഷോറൂം ജൂലൈ 15 ചൊവ്വാഴ്ച മുംബൈയില്‍ തുറക്കും. ടെസ്ല എന്ന സ്വപ്നതുല്യമായ ഇലക്ട്രിക് കാര്‍ അടുത്ത ആഴ്ച മുതല്‍ മുംബൈയില്‍ വില്‍പന ആരംഭിക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഷോറൂം സന്ദര്‍ശിച്ച് അവരവര്‍ക്ക് ആവശ്യമുള്ള ടെസ് ല കാറുകള്‍ക്ക് ഓര്‍ഡര്‍ നല്കാനാവും. ആഗസ്ത് തുടക്കത്തോടെയാണ് ഉപഭോക്താക്കള്‍ക്ക് ടെസ് ല കാര്‍ കയ്യില്‍ കിട്ടിത്തുടങ്ങുക. രണ്ടാമത്തെ ഷോറൂം ജൂലായ് അവസാനത്തോടെ ന്യൂദല്‍ഹിയില്‍ ആരംഭിക്കും.
മോദിയെ സംബന്ധിച്ചിടത്തോളം നീണ്ട വര്‍ഷങ്ങളുടെ ശ്രമഫലമായാണ് ടെസ് ല കാറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത്. ടെസ് ലയുടെ നിര്‍മ്മാണ ഫാക്ടറി കൊണ്ടുവരാനാണ് മോദി ശ്രമിച്ചതെങ്കിലും തല്‍ക്കാലം വില്‍പന ഷോറൂം മാത്രമാണ് ഇലോണ്‍ മസ്ക് ആദ്യം ആരംഭിക്കുന്നത്. അതിലെ ഫലം അറിഞ്ഞ ശേഷം ഉല്‍പാദന ഫാക്ടറിയെക്കുറിച്ച് ചിന്തിക്കും. എന്തായാലും ഇലക്ട്രിക് കാര്‍ വില്‍പനയുടെ കാര്യത്തില്‍ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. മുംബൈയിലെ ഷോറൂമില്‍ നേരിട്ട് സന്ദര്‍ശിച്ച് കാര്‍ കണ്ട് അവരവരുടെ ഇഷ്ടത്തിനും ബജറ്റിനും അനുസരിച്ച് ടെസ് ലയുടെ മോഡലുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.
ചൈനയിലെ ഫാക്ടറിയില്‍ നിന്നാണ് ഇന്ത്യയിലെ ഷോറൂമിലേക്കുള്ള കാര്‍ ടെസ് ല എത്തിച്ചിരിക്കുന്നത്. ആദ്യം എത്തിയിരിക്കുന്നത് ടെസ് ലയുടെ വൈ എസ് യുവി കാര്‍ ആണ്. ടെസ് ലയുടെ ഏറ്റവും വില്‍പന കൂടിയ കാര്‍ ആണിത്. ഏകദേശം 40 ലക്ഷം രൂപയാണ് വില.
എന്തായാലും മുംബൈയില്‍ അടുത്ത ആഴ്ച മുതല്‍ ടെസ് ല വില്‍പന ആരംഭിക്കുന്നതോടെ ഉടമ ഇലോണ്‍ മസ്കും സന്തുഷ്ടനാണ്. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം ഇന്ത്യന്‍ വിപണിയെ ഉറ്റുനോക്കുന്നത്. മാത്രമല്ല, മോദിയുടെ ഇന്ത്യയില്‍ സമ്പന്നരും നല്ലൊരളവില്‍ ഉണ്ടെന്നത് ആപ്പിള്‍ ഐ ഫോണിന്റെ ഇന്ത്യയിലെ വില്‍പനക്കുതിപ്പില്‍ ലോകത്തെ വന്‍കിട ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് മനസ്സിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: