ഇസ്ലാമബാദ്: ആന്തരികമായി ദുര്‍ബലമായ പാകിസ്ഥാനെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പല കഷണമാക്കി മുറിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മൂന്ന് സേനകളും ചേര്‍ന്ന് നടത്തിയ അതിശക്തമായ ആക്രമണത്തോടെ പാകിസ്ഥാനിലെ അഭിപ്രായഭിന്നതകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സൈന്യം ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തില്‍ ഒരു വശത്ത് നിലകൊള്ളുന്നുവെങ്കില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവും പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫും കൂട്ടരും മറ്റൊരു വശത്ത് നിലകൊള്ളുകയാണ്. പ്രധാനപാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ (എന്‍) ഭരണത്തിലെ സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി മറ്റൊരു വശത്ത് നിലകൊള്ളുന്നു. ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭാഗമാണ്. ഇതിന് പുറമെ ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക് ഇ-ഇന്‍സാഫ് മറ്റൊരു പക്ഷത്തും നിലകൊള്ളുന്നു. എല്ലാവരും പരസ്പരം പോരടിക്കുന്ന അധികാരഗ്രൂപ്പുകളായി നിന്നും തമ്മിലടിക്കുന്ന സ്ഥിതിയാണിപ്പോള്‍.
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ട്രംപും ചൈനയും
പാകിസ്ഥാന്‍ എന്ന ഈ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചൈനയും. ട്രംപ് ഈയിടെ അമേരിക്കയിലേക്ക് രാജ്യം ഭരിയ്‌ക്കുന്ന പ്രധാനമന്ത്രിയെ വിളിക്കുന്നതിന് പകരം എല്ലാ പ്രൊട്ടോക്കോളും തെറ്റിച്ച് ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെയാണ് കൂടിക്കാഴ്ചയ്‌ക്ക് അമേരിക്കയിലേക്ക് ക്ഷണിച്ചത്. ഇത് പാക് സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും പാകിസ്ഥാന്റെ ഭരണത്തലവനായ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കും വലിയ തിരിച്ചടിയാണ് നല്‍കിയത്. അസിം മുനീര്‍ ശക്തനാണെന്ന് കണ്ട് ട്രംപ് പാക് സൈന്യത്തിലൂടെ പാകിസ്ഥാനില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്.
അതിന് ഉദാഹരണമാണ് പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ഭരണത്തലവനായ ഷെഹ്ബാസ് ഷെരീഫിനെ ക്ഷണിക്കാതെ വെറും ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെ ക്ഷണിച്ച സംഭവം. മുന്‍പും സൈനിക മേധാവികളായ മുഷറഫ്, യാഹ്യാഖാന്‍, അയൂബ് എന്നിവരെ അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവര്‍ പാകിസ്ഥാന്റെ ഭരണത്തവന്മാര്‍ കൂടിയായിരുന്നു.
ട്രംപിന്റെ ലക്ഷ്യങ്ങള്‍
പാകിസ്ഥാന്റെ സൈനികവിമാനത്താവളങ്ങള്‍ അമേരിക്കയ്‌ക്കു കൂടി ഉപയോഗിക്കാനുള്ള അനുവാദം ശക്തനായ അസിം മുനീര്‍ വഴി സംഘടിപ്പിക്കാന്‍ യുഎസ് ശ്രമിക്കുന്നതായി പറയുന്നു. ചൈന, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളെ നിരീക്ഷിക്കാന്‍ പാകിസ്ഥാനില്‍ ഒരു താവളം നല്ലതാണെന്നും യുഎസ് ചിന്തിക്കുന്നു. ചൈന വിട്ടുകൊടുക്കാതെ പിടിച്ചുവെച്ചിരിക്കുന്ന അപൂര്‍വ്വ മൂലകങ്ങള്‍ക്ക് ബദലായി അപൂര്‍വ്വ മൂലകങ്ങളാല്‍ സമ്പന്നമായ പാകിസ്ഥാന്‍ മണ്ണില്‍ നിന്നും അത് ലഭിക്കാനും അമേരിക്ക ശ്രമിക്കുന്നു. ഈയിടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ സ്വാധീനമായി മാറിക്കൊണ്ടിരിക്കുകയാണ് ചൈന. അത് ഇന്ത്യയ്‌ക്ക് വലിയ ഭീഷണി എന്ന തലത്തിലേക്ക് വളര്‍ന്നിട്ടുമുണ്ട്. ചൈനയുടെ അമിതമായ ഏഷ്യന്‍ അധിനിവേശത്തിന് തടയിടാന്‍ അമേരിക്കയ്‌ക്ക് സാധിച്ചാല്‍ അത് ഇന്ത്യയ്‌ക്കും ഗുണാകും.
ചൈന ഇമ്രാന്‍ ഖാനെ കൊണ്ടുവരുമോ?
ചൈന ഇതുവരെ പാകിസ്ഥാനില്‍ വന്‍സ്വാധീനത്തോടെ വിലസുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയും ട്രംപും പാകിസ്ഥാന്‍ സൈനികമേധാവിയുടെ മേല്‍ പിടിമുറുക്കിയതോടെ ഷെഹ്ബാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ സര്‍ക്കാരില്‍ പിടിമുറുക്കാനാണ് ചൈനയുടെ ശ്രമം. എന്നാല്‍ പാകിസ്ഥാന്‍ മുസ്ലീംലീഗും (എന്‍) പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രാഷ്‌ട്രീയമായി ദുര്‍ബലമായിട്ടുണ്ട്. ഇതോടെ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാനിലും ചൈനയ്‌ക്ക് ഒരു കണ്ണുണ്ട്. ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്നും പുറത്തെത്തിച്ച് അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ചൈനയ്‌ക്ക് ഒരു ബി പ്ലാനും ഉണ്ടെന്ന് അറിയുന്നു. പാകിസ്ഥാനില്‍ വിവിധ ശക്തികള്‍ പലഗ്രൂപ്പുകളായി തിരിഞ്ഞ് അധികാരവടംവലികള്‍ നടത്തുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉള്ളത്.
ആസിഫ് അലി സര്‍ദാരിയെ പ്രസിഡന്‍റ് പദവിയില്‍ നിന്നും നീക്കിയെന്ന കിംവദന്തി പിന്നില്‍ ആര്?
കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ പ്രസിഡന്‍റ് പദവിയില്‍ നിന്നും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ആസിഫ് അലി സര്‍ദാരിയെ നീക്കം ചെയ്തതായി ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ സൈനിക മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീറാണെന്ന് പറയപ്പെടുന്നു. പകരം പാകിസ്ഥാന്റെ പ്രസിഡന്‍റ് പദവി പിടിച്ചെടുത്ത് തന്റെ അധികാരപരിധി വര്‍ധിപ്പിക്കാനാണ് അസിം മുനീറിന്റെ ശ്രമമെന്നറിയുന്നു.
എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ് വി രംഗത്ത് വന്നിരുന്നു. ഇത് പാകിസ്ഥാനില്‍ വിവിധ അധികാരഗ്രൂപ്പുകള്‍ തമ്മില്‍ നടത്തുന്ന വടം വലികള്‍ എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവാണ്. “പ്രസിഡന്‍റ് അലി സര്‍ദ്ദാരിയെ മാറ്റിയെന്ന പ്രചാരണം നടത്തുന്നതിന് പിന്നില്‍ ആരാണെന്ന് അറിയാം” എന്ന് മൊഹ്സിന്‍ നഖ് വി പ്രസ്താവിച്ചെങ്കിലും ആരാണെന്ന് തുറന്ന് പറഞ്ഞിട്ടില്ല. പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ ലക്ഷ്യം പാകിസ്ഥാന്റെ സ്ഥിരതയിലും കരുത്തിലും മാത്രമാണെന്നും മൊഹ്സിന്‍ നഖ് വി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: