വാഷിങ്ടൻ : ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഇറാൻ യാത്രയ്‌ക്കെതിരെ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പുതിയ വെബ്സൈറ്റ് ആരംഭിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു.
‘‘യുഎസ് പൗരന്മാർക്ക് ഇറാനിലേക്കുള്ള യാത്രയുടെ ഗുരുതരമായ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു പുതിയ അവബോധ ക്യാംപയിൻ പ്രഖ്യാപിക്കുകയാണ്. ഇറാൻ ഭരണകൂടം ഇരട്ട പൗരത്വം അംഗീകരിക്കുന്നില്ല. തടവിലാക്കപ്പെട്ട യുഎസ് പൗരന്മാർക്ക് കോൺസുലാർ സേവനങ്ങൾ പതിവായി നിഷേധിക്കുന്നു. ബോംബാക്രമണം നിലച്ചു. എന്നാലും ഇറാനിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്ന് അതിനർഥമില്ല. ഇറാനിലേക്കുള്ള യാത്രയ്‌ക്കെതിരെ യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പുതിയ വെബ്‌സൈറ്റും ഞങ്ങൾ ആരംഭിക്കുന്നു’’ – യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
യാത്ര ഉപദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ആരും ഇറാനിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. തങ്ങളുടെ സന്ദേശം വ്യക്തമാണെന്ന് കരുതുന്നതായും ടാമി ബ്രൂസ് പറഞ്ഞു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിലും സൈനിക സ്ഥാപനങ്ങളിലും യുഎസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: