കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ നടൻ ഉണ്ണി മുകുന്ദൻ മർദിച്ചതിന് തെളിവില്ലെന്ന് പോലീസിന്റെ കുറ്റപത്രം. ഇൻഫോപാർക്ക് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ ഉണ്ണി മുകുന്ദൻ മർദിച്ചതായി കാണാൻ കഴിഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്ത് തന്നെ ഉണ്ണി വ്യക്തമാക്കിയിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മുൻ മാനേജറും പിആർഓയുമായിരുന്ന വിപിൻ പോലീസിനെ സമീപിച്ചത്. കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് ഉണ്ണി മുകുന്ദൻ അപായപ്പെടുത്താൻ ശ്രമിച്ചു, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി താടിക്ക് മർദിച്ചു, കൈകൾ ചേർത്തുപിടിച്ച് വീണ്ടും മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി, പിന്നാലെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചുവെന്നും മറ്റൊരു ഫ്ലാറ്റ് താമസക്കാരൻ ഇടപെട്ട് പിടിച്ചുമാറ്റിയെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു. കൂടാതെ, “ഇനി കൺമുന്നിൽ വന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി” എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്.
എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ മർദനം നടന്നിട്ടില്ലെന്നും, എന്നാൽ പരസ്പരം പിടിവലി നടന്നിട്ടുണ്ടെന്നും വ്യക്തമായി. ഉണ്ണി മുകുന്ദൻ വിപിൻ കുമാറിന്റെ കണ്ണട എറിഞ്ഞുപൊട്ടിക്കുകയും ഫോൺ താഴെയിടുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്റെ ഫ്ലാറ്റിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: