പാലക്കാട്: ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം നാളെ മുതല്‍ 13 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ വി. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു. നാളെ രാവിലെ 10ന് സംസ്ഥാന നിര്‍വാഹക സമിതി നടക്കും. 12ന് രാവിലെ 10ന് പ്രതിനിധി സഭ മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് സംഘടനാസഭ, ഭഗിനി സഭ, ബാലപ്രതിഭാ സംഗമം പരിപാടികള്‍ ഉണ്ടായിരിക്കും. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്തപ്രചാരക് എ. വിനോദ്, ഹിന്ദുഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, സീമാ ജാഗരണ്‍ മഞ്ച് സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാത്രി 9ന് ബാലഗോകുലം ജില്ലാ സമിതി അവതരിപ്പിക്കുന്ന സുവര്‍ണോജ്ജ്വലം കലാവിരുന്ന്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ വ്യക്തികള്‍ക്കുള്ള സമാദരണ സഭ എന്നിവ ഉണ്ടായിരിക്കും.
13ന് രാവിലെ 10ന് പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മലയാളം പഞ്ചാംഗം, ഗോകുലഭാരതി, സുവര്‍ണജൂബിലി ലോഗോ എന്നിവയുടെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിക്കും. സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മാസ്റ്റര്‍ സുവര്‍ണ ജയന്തി ആഘോഷ പ്രഖ്യാപനം നടത്തും. ‘ബാലസൗഹൃദ ഗ്രാമങ്ങളാല്‍ നിറയട്ടെ നാടാകെ’ എന്നതാണ് സുവര്‍ണ ജയന്തി സമ്മേളനത്തിന്റെ സന്ദേശം.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി 1000 പ്രതിനിധികള്‍ പങ്കെടുക്കും. 5000 ബാലഗോകുലം യൂണിറ്റുകളാക്കുകയെന്നതാണ് സുവര്‍ണജയന്തി വര്‍ഷത്തിലെ ലക്ഷ്യം. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആഗസ്ത് 31 സങ്കല്‍പദിനമായി ആചരിച്ച് 5000 യൂണിറ്റുകളിലും പതാകയുയര്‍ത്തും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷ പരിപാടികള്‍ക്കും സമ്മേളനത്തില്‍ രൂപം നല്‍കും. ഉത്തരകേരളം ഉപാധ്യക്ഷന്‍ പി.എം. ശ്രീധരന്‍, ജില്ലാ ഉപാധ്യക്ഷന്‍ ടി.എന്‍. മുരളി, ജില്ലാ ജോ. കണ്‍വീനര്‍ എം.പി. രൂപേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: