സിയോൾ: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വെള്ളിയാഴ്ച മുതൽ തന്റെ മൂന്ന് ദിവസത്തെ ഉത്തരകൊറിയയിലെ സന്ദർശനം ആരംഭിക്കും. ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് അദ്ദേഹത്തിന്റെ ഈ യാത്ര.
ഉത്തരകൊറിയയുടെ ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ലാവ്‌റോവിനെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം ക്ഷണിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും മറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ലാവ്‌റോവ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ കാണുമോ എന്നും വ്യക്തമാക്കിയിട്ടില്ല.
നേരത്തെ സെർജി ലാവ്‌റോവിന് മുമ്പ് റഷ്യയുടെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ സെർജി ഷോയിഗു ജൂണിൽ ഉത്തരകൊറിയ സന്ദർശിച്ചിരുന്നു. ഇതിനിടയിൽ പ്യോങ്‌യാങ്ങിൽ വെച്ച് അദ്ദേഹം കിമ്മിനെ കാണുകയും ചെയ്തു. റഷ്യയിലെ യുദ്ധത്തിൽ തകർന്ന കുർസ്ക് മേഖലയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ആയിരക്കണക്കിന് സൈനിക നിർമ്മാണ തൊഴിലാളികളെയും മൈൻ നീക്കം ചെയ്യുന്നവരെയും അയയ്‌ക്കാൻ ഉത്തരകൊറിയ തീരുമാനിച്ചതായി ഷോയിഗു അന്ന് വെളിപ്പെടുത്തിയിരുന്നു.
ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം ജൂലൈയിലോ ഓഗസ്റ്റിലോ ഉത്തര കൊറിയൻ തൊഴിലാളികൾ കുർസ്ക് മേഖലയിൽ എത്തിയേക്കാമെന്നാണ്. ഉക്രെയ്നിനെതിരായ യുദ്ധത്തിൽ സഹായിക്കുന്നതിനായി കിം ആയിരക്കണക്കിന് സൈനികരെയും പീരങ്കികളും ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെടെയുള്ള വലിയ തോതിലുള്ള സൈനിക ഉപകരണങ്ങളും റഷ്യയിലേക്ക് അയച്ചിട്ടുണ്ട്.
10 അംഗ അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിന്റെ യോഗത്തിനായി മലേഷ്യയിലേക്ക് പോകുന്ന സമയത്താണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പ്യോങ്‌യാങ് സന്ദർശനം ഉത്തര കൊറിയ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ കിമ്മിന്റെ റഷ്യ സന്ദർശനത്തെക്കുറിച്ചും ലാവ്‌റോവ് ചർച്ച ചെയ്തേക്കാമെന്ന് ചില ദക്ഷിണ കൊറിയൻ വിശകലന വിദഗ്ധർ പറയുന്നു. കൂടാതെ കുർസ്ക് മേഖലയിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ കൊറിയൻ സൈനികരുടെ ഇടപെടലിനെ കുറിച്ചും ചർച്ചകൾ നടക്കുമെന്നാണ് സൂചന.
നേരത്തെ 2024 ജൂണിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം ഒരു ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്യോങ്‌യാങ്ങിൽ എത്തിയപ്പോഴാണ് ലാവ്‌റോവ് അവസാനമായി ഉത്തരകൊറിയ സന്ദർശിച്ചത്. അന്ന് ഏതെങ്കിലും രാജ്യം ആക്രമിക്കപ്പെട്ടാൽ പരസ്പര സഹായം വാഗ്ദാനം ചെയ്യുന്ന ഒരു തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഇരു നേതാക്കളും ഒപ്പുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: