ബെംഗളൂരു: ലഷ്കര്‍ ഇ- ത്വയിബയ്ക്ക് വേണ്ടി 2023ല്‍ കര്‍ണ്ണാടകത്തിലെ ജയിലിലെ തടവുകാര്‍ക്കിടയില്‍ ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയായ തടിയന്‍റവിട നസീറിനെ ഉപയോഗിച്ച് മതമൗലികവാദപ്രചാരണം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ എന്‍ഐഎ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ആര്‍ടി നഗറില്‍ സുല്‍താന്‍ പാള്യയിലെ ഭൂവനേശ്വരി നഗര്‍ സ്വദേശിനി അനീസ് ഫാത്തിമ, എഎസ് ഐ ചാന്‍ പാഷ, ജയിലില്‍ സൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്ന ഡോ. നാഗരാജ് എസ് എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് സംഭവം.
അനീസ് ഫാത്തിമയുടെ മകന്‍ ജുനൈദ് അഹമ്മദ് ഒളിവിലാണ്. ഇതുവരെയും എന്‍ഐഎയ്‌ക്ക് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഡോ. നാഗരാജ് ആണ് ജയിലിലെ കുറ്റവാളികള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ട മൊബൈല്‍ ഫോണുകള്‍ ജയിലിലേക്ക് കടത്തിയത്. ഭീകരവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടിയന്‍റവിട നസീറിന് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ ജയലിനകത്ത് ഫോണ്‍ എത്തിച്ചത് ഡോ. നാഗരാജ് ആണ്.
യുവാക്കളെ മതമൗലികവാദികളാക്കി മാറ്റുക എന്ന ലഷ്കര്‍ ഇ ത്വയിബയുടെ അജണ്ട നടപ്പാക്കാന്‍ ജയിലില്‍ നിന്നും പുറത്തുള്ളവരെ തടിയന്‍റവിട നസീര്‍ ബന്ധപ്പെട്ടത് ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ്. ഇക്കാര്യത്തില്‍ തടിയന്‍റവിട നസീറിനെ സഹായിക്കാന്‍ പവിത്ര എന്ന പേരുള്ള ഒരു സ്ത്രീയും പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ പവിത്രയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. കേസുകളില്‍ വിചാരണ നേരിടുന്ന ജയിലില്‍ കഴിയുന്ന പലര്‍ക്കും ഭീകരവാദ പരിശീലനം തടിയന്‍റവിട നസീര്‍ നല്‍കിയിരുന്നു. 2008ലെ ബെംഗളൂരു ബോംബ് സ്ഫോടനക്കേസില്‍ പ്രതിയാണ് തടയിന്‍റവിട നസീര്‍. പുതുതായി ജയിലില്‍ എത്തുന്ന മുസ്ലിം വിഭാഗത്തില്‍പെട്ട തടവുകാരെ മതമൗലികവാദികളാക്കാന്‍ തടിയന്‍റവിട നസീര‍് പ്രത്യേക ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ എന്‍ഐഎ അന്വേഷിച്ചുവരുന്ന നിരവധി ഭീകരവാദ കേന്ദ്രങ്ങളുമായി ജയിലില്‍ നിന്നു തടിയന്‍റവിട നസീര്‍ ബന്ധപ്പെട്ടിരുന്നു.
തടിയന്‍റവിട നസീറില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മകന്‍ ജുനൈദ് അഹമ്മദിന് കൈമാറിയിരുന്നത് ഫാത്തിമ അഹമ്മദാണ്. ജയിലിനകത്ത് കഴിയുന്ന തടിയന്‍റവിട നസീറിന് മകന്‍ നല്‍കുന്ന പണം കൈമാറിയതും ഫാത്തിമ അഹമ്മദാണ്. പരസ്പരമുള്ള ആശയവിനിമയം സുഗമമാക്കലും ഭീകരവാദത്തിനുള്ള പണം ശേഖരിക്കലും കൈമാറലും നടത്തലായിരുന്നു ഫാത്തിമ അഹമ്മദിന്റെ ജോലി.
തടിയന്‍റവിട നസീറിനെ ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആരൊക്കെയാണ് എസ്കോര്‍ട്ട് ഡ്യൂട്ടിക്കുള്ളത് എന്നത് സംബന്ധിച്ച് മുന്‍ കൂട്ടി വിവരങ്ങള്‍ നല്‍കലായിരുന്നു എഎസ്ഐ ചാന്‍ പാഷയുടെ ജോലി. ഈ വിവരങ്ങള്‍ നല്‍കുന്നതിന് ചാന്‍ പാഷയ്‌ക്ക് കൃത്യമായ കൈക്കൂലി ലഭിച്ചിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി.
















