കൊച്ചി: ഡാര്‍ക്ക്‌നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസണെയും കൂട്ടാളികളേയും എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ഡാര്‍ക്ക് നെറ്റ് ലഹരിക്കേസിലെ മുഖ്യപ്രതി എഡിസണ്‍, രണ്ടാം പ്രതി അരുണ്‍ തോമസ്, എഡിസന്റെ കൂട്ടാളി ഡിയോള്‍ എന്നിവരെയാണ് 4 ദിവസത്തേക്ക് എറണാകുളം അഡീ. സെഷന്‍സ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്.
പ്രതികളെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലൂടെ നി
ര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ കരുതുന്നത്. വിപുലമായ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ് മൂന്നുപ്രതികളും, ഇവര്‍ സഹപാഠികളുമാണ്. എഡിസണെ ലഹരി ഇടപാടിലേക്ക് എത്തിച്ചത് ഡിയോളാണെന്നാണ് എന്‍സിബിയുടെ നിഗമനം. രാജ്യാന്തര ലഹരി ഇടപാടിലെ കണ്ണികളാണ് പ്രതികളെല്ലാവരുമെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ലഹരി ഉപയോഗത്തിനായി ഡാര്‍ക്ക്‌നെറ്റ് വെബ് സാധ്യതകള്‍ മനസിലാക്കിയ എഡിസണ്‍ പിന്നീട് കെറ്റാമെലോണ്‍ എന്ന ബ്രാന്‍ഡില്‍ ഡാര്‍ക്ക്‌നെറ്റിലെ പ്രധാന ലഹരി വില്‍പനക്കാരനായി മാറുകയായിരുന്നു.
യുകെയില്‍ നിന്നായിരുന്നു എഡിസണ് എല്‍എസ്ഡി എത്തിയിരുന്നത്. കൊറിയര്‍ പാര്‍സലുകളില്‍ പരിശോധന കാര്യമായി നടക്കാത്തതും എഡിസണ് സൗകര്യമായി. 2023ലെ ലഹരിക്കേസില്‍ പിടിയിലായ പാഞ്ചാലിമേട്ടിലെ റിസോര്‍ട്ട് ഉടമ കൂടിയായ ഡിയോളിനെ എഡിസനൊപ്പം ഇരുത്തി ചോദ്യംചെയ്യും. പ്രതികള്‍ പിടിയിലായതിന് പിന്നാലെ ഓരോ ദിനവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.











