സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഗവര്‍ണറുടെ അധികാരങ്ങള്‍ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്ന ‘ഭാരിച്ച’ ഉത്തരവാദിത്വത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസവകുപ്പും എസ്‌സിഇആര്‍ടിയും. പ്രത്യക്ഷത്തില്‍ സാധാരണമെന്ന് തോന്നിക്കുന്ന ഒരു നടപടിയാണെങ്കിലും, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവളര്‍ച്ച പടവലം പോലെ ‘തലതിരിഞ്ഞു’ മുന്നേറുന്നതിന്റെ വ്യക്തമായ ചിത്രം അതിലുണ്ട്. കാരണം വകുപ്പുമന്ത്രിയുടെ തിട്ടൂരമനുസരിച്ചുള്ള പാഠഭാഗങ്ങള്‍ അതിവേഗം തയ്യാറാക്കുന്ന ഉത്തരവാദിത്വം മറ്റാലോചനകളും ചര്‍ച്ചകളും ഒന്നുമില്ലാതെ എസ്‌സിഇആര്‍ടി ഏറ്റെടുത്തു കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ ആധാരമുറപ്പിക്കുന്ന പള്ളിക്കൂടങ്ങളില്‍ എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കുകയും അവിടേക്ക് വേണ്ട പാഠഭാഗങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്ന എന്‍സിഇആര്‍ടിയുടെ സംസ്ഥാനതല സ്ഥാപനമാണ് എസ്‌സിഇആര്‍ടി (സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്).
ഗവര്‍ണറെക്കുറിച്ചും അദ്ദേഹത്തിന്റെ ചുമതലകളെയും അധികാരങ്ങളെയും കുറിച്ച് പാഠപുസ്തകങ്ങളിലൂടെ പഠിക്കുന്നത് സ്വാഗതാര്‍ഹമല്ലേ എന്ന് സ്വാഭാവികമായും തോന്നാം. തീര്‍ച്ചയായും പഠിക്കണം. ഗവര്‍ണറുടെ മാത്രമല്ല, എല്ലാ നിലയിലുള്ള ഭരണാധികാരികളുടെയും അധികാരങ്ങളെയും ചുമതലകളെയും കുറിച്ച് വിശദമായി പഠിപ്പിക്കണം. അതില്‍ രണ്ടഭിപ്രായമില്ല. ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിലെ പൗരന്മാരായി നമ്മുടെ സ്വത്വം രൂപപ്പെടുത്തുന്ന ഭരണഘടനയെ പറ്റി ആധികാരികമായി പഠിക്കുക തന്നെ വേണം. അത് പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണെങ്കില്‍ അത്രയും നല്ലത്. എന്നാല്‍ എന്തും എങ്ങനെയും പാഠഭാഗങ്ങള്‍ ആകുമോ? ഒരിക്കലുമില്ല. അങ്ങനെ ആവാന്‍ പാടുള്ളതുമല്ല. ഏറെ അവധാനതയോടെ ചിന്തിച്ചും തയ്യാറെടുത്തും മാത്രമേ പാഠഭാഗങ്ങള്‍ തയ്യാറാക്കാന്‍ പാടുള്ളൂ.
സംസ്ഥാന ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ ഒരു ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം ആദരിക്കാനായി വെച്ചു എന്നതില്‍ വിയോജിച്ചാണല്ലോ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പാഠഭാഗങ്ങളില്‍ ഗവര്‍ണറെ സംബന്ധിച്ച ഉള്ളടക്കം ചേര്‍ക്കാന്‍ ഉത്തരവിടുന്നത്. ആ സംഭവം നടക്കുന്നത് ജൂണ്‍ പത്തൊമ്പതിനാണ്. രണ്ടു ദിവസത്തിനകം തന്നെ പാഠഭാഗങ്ങള്‍ തയ്യാറാക്കി തുടങ്ങിയെന്ന് എസ്‌സിഇആര്‍ടി അറിയിച്ചു. മാത്രമല്ല, ജൂലൈ നാലിലെ കരിക്കുലം കമ്മിറ്റിയില്‍ ഇത് അംഗീകരിച്ചു. ജൂലൈ പത്തിന് അച്ചടിയും തുടങ്ങും. എന്നുവച്ചാല്‍ രാജ്ഭവനിലെ സംഭവത്തിന്റെ കൃത്യം പതിനഞ്ചാം നാള്‍ കരിക്കുലം കമ്മിറ്റി ചേരുകയാണ് (വിശദമായ വിലയിരുത്തലുകള്‍ നടത്തി പ്രസ്തുത ഉള്ളടക്കം എല്ലാ അര്‍ത്ഥത്തിലും പ്രസക്തമാണോ എന്ന് ചര്‍ച്ച ചെയ്യാനല്ല; തയ്യാറാക്കിയത് അതേപോലെ അംഗീകരിച്ച് പാസാക്കാനാണ് കമ്മിറ്റി കൂടുന്നതെന്ന് സ്ഥാപനമേധാവിയുടെ പത്രപ്രതികരണത്തില്‍ നിന്നുതന്നെ വ്യക്തം). ഇവിടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും അന്വേഷിക്കേണ്ടത് ഈ പാഠഭാഗങ്ങള്‍ വികസിപ്പിക്കുന്ന പ്രക്രിയ പതിനഞ്ചു ദിവസം കൊണ്ട് അര്‍ത്ഥപൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്നാണ്.
ഗവര്‍ണര്‍ എന്നല്ല, ഏതൊരു ഭരണാധികാരിയുടേയും നടപടികളില്‍ തെറ്റുണ്ടാകാം. അതിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ അവരുടെ അധികാര പരിധിയിലുള്ള മേഖലകളിലെ വഴിവിട്ട നീക്കങ്ങള്‍ക്ക് അതൊരു ന്യായീകരണമായി എടുക്കുകയാണെങ്കില്‍ അതൊട്ടും അഭിലഷണീയമല്ല.
പണ്ട് എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ ‘ജീവന്റെ മതം’ എന്ന പാഠം ചേര്‍ത്തത് ആരും മറന്നിട്ടുണ്ടാവില്ല. മതനിഷേധത്തെ പാഠപുസ്തകത്തിന്റെ ഭാഗമാക്കി ഭൗതികവാദ രാഷ്‌ട്രീയം പ്രചരിപ്പിക്കാന്‍ ഇടതുസര്‍ക്കാര്‍ നടത്തിയ ആ ശ്രമം പാഠപുസ്തകങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ച വിലകുറഞ്ഞ അല്ലെങ്കില്‍ അപകടകരമായ നീക്കമായിരുന്നു. പൊതുജന പ്രതിഷേധത്തിനൊടുവില്‍ അത് പിന്‍വലിക്കേണ്ട ഗതികേട് അന്നത്തെ സര്‍ക്കാരിനുണ്ടായി എന്ന് നിലവിലെ മന്ത്രിമാരും നേതാക്കളും ഓര്‍ക്കുന്നത് നല്ലതാണ്.
എന്നാല്‍, അധികാര ദുര്‍വിനിയോഗം രാഷ്‌ട്രീയ ശൈലിയായി കൊണ്ടുനടക്കുന്ന ഇവിടുത്തെ ഇടതുപക്ഷ ഭരണകൂടം ഏതെങ്കിലുമൊരു ഉള്ളടക്കമല്ല പാഠപുസ്തകത്തിന്റെ മുഖചിത്രം പോലും രാഷ്‌ട്രീയനേട്ടത്തിനായി ഇനിയും ഉപയോഗിക്കും. അതിനെ പ്രതിരോധിക്കണമെങ്കില്‍ നിരന്തരം ജാഗ്രതയോടെ നമ്മള്‍ നിലകൊണ്ടേ മതിയാകൂ. അതുകൊണ്ടുതന്നെ എങ്ങനെയാണ് എസ്.സിഇആര്‍ടി പാഠഭാഗങ്ങള്‍ വികസിപ്പിക്കുന്നത് എന്നത് മനസ്സിലാക്കേണ്ടതുണ്ട്.
പാഠഭാഗങ്ങള്‍ തയ്യാറാക്കുന്ന വിധം
പേരിലുള്ളതുപോലെ ഗവേഷണത്തില്‍ അധിഷ്ഠിതമായിരിക്കണം എസ്.സിഇആര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍. വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് നീണ്ട കാലത്തെ ആഴമേറിയ ഗവേഷണങ്ങളിലൂടെയാണ് എസ്.സിഇആര്‍ടി നിശ്ചയിക്കുന്നത്; അല്ലാതെ വിദ്യാഭ്യാസ മന്ത്രിയുടേയോ മറ്റാരുടെയെങ്കിലും ആജ്ഞയനുസരിച്ചല്ല. എന്നാല്‍ തീര്‍ച്ചയായും മന്ത്രിക്ക് അങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവയ്‌ക്കാം. മന്ത്രിക്കെന്നല്ല, ഏതൊരു പൗരനും പാഠഭാഗങ്ങളായി വേണമെന്ന് തോന്നുന്ന ഏതൊരു ആശയത്തെക്കുറിച്ചും എന്‍സിഇആര്‍ടിയേയോ എസ്.സിആര്‍ടിയേയോ അറിയിക്കാം. അതിവിടെ നിരന്തരം നടന്നുവരുന്ന കാര്യവുമാണ്. സമിതി (എന്‍സിഇആര്‍ടി അല്ലെങ്കില്‍ എസ്.സിഇആര്‍ടി) തന്നെ നടത്തുന്ന അവലോകനങ്ങളില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങളും മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളും പരിശോധിച്ച ശേഷം ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്ന ഭാഗങ്ങള്‍ വികസിപ്പിക്കാനായി വിദഗ്ധ സമിതിയെ നിയോഗിക്കും. അതില്‍ വിഷയ വിദഗ്ധരെ കൂടാതെ പഠനരീതി വിദഗ്ധര്‍ (Pedagogue), അദ്ധ്യാപകര്‍, മനശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ഉണ്ടാകും. ഈ സമിതിയാണ് ബന്ധപ്പെട്ട ക്ലാസിലെ കുട്ടികളുടെ പ്രായത്തിന് പ്രാപ്യമായ രീതിയില്‍ പഠനരീതി സമ്പ്രദായത്തിനും പൊതുവിദ്യാഭ്യാസ നയത്തിനും അനുസരിച്ച് നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങളുടെ ഉള്ളടക്കം നിര്‍മിക്കുന്നത്.
ആ ഉള്ളടക്കം നിലവിലെ അംഗീകരിക്കപ്പെട്ട കരിക്കുലം പദ്ധതിക്ക് ചേരുന്നതായിരിക്കണം. തുടര്‍ന്ന് പുറത്തുള്ള വിദഗ്ധരെയും കാണിച്ച് ഉള്ളടക്കത്തിലെ തെറ്റുകുറ്റങ്ങള്‍ പരമാവധി ഒഴിവാക്കണം. ക്ലാസ് മുറിയില്‍ പഠിപ്പിക്കുമ്പോള്‍ ഇതെങ്ങനെ അവതരിപ്പിക്കപ്പെടുമെന്നും സ്വീകരിക്കപ്പെടുമെന്നും നേരിട്ടറിയാനായി തിരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകരുടേയും മറ്റുള്ളവരുടേയും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കണം. അതും കഴിഞ്ഞാണ് കരിക്കുലം കമ്മിറ്റിയുടെ മുന്നിലേക്ക് പാഠഭാഗം എത്തുന്നത്. അതുവരെ ലഭിച്ച എല്ലാ പ്രതികരണങ്ങളും കൂടി പരിശോധിച്ച ശേഷമാണ് കരിക്കുലം കമ്മിറ്റി പ്രസ്തുത ഉള്ളടക്കം പാഠഭാഗമാക്കി സ്വീകരിക്കണമോയെന്ന് നിശ്ചയിക്കുന്നത്. തുടര്‍ന്നാണ് അച്ചടിയിലേക്ക് നീങ്ങേണ്ടത്.
എന്നുവച്ചാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ രാഷ്‌ട്രീയനേതൃത്വത്തിനോ പരിമിതമായ സ്ഥാനം മാത്രമേ പാഠഭാഗങ്ങള്‍ നിശ്ചയിക്കുന്നതിലുള്ളൂ. അതായത് പാഠ പുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ പൊതുവേ അംഗീകരിക്കപ്പെട്ട ഒരു വ്യവസ്ഥ ഇവിടെ നിലവിലുണ്ട്. അധികാരികളുടെ താല്‍പര്യങ്ങള്‍ അതേപോലെ നടപ്പിലാക്കുന്ന തരത്തിലല്ല എന്‍സിഇആര്‍ടിയോ എസ്.സിഇആര്‍ടിയോ വിഭാവനം ചെയ്തിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിയുടെ ആജ്ഞാനുസരണം പാഠഭാഗങ്ങളില്‍ കൂട്ടിചേര്‍ക്കലുകളോ ഒഴിവാക്കലുകളോ ഒട്ടും പാടുള്ളതല്ല. ആ സ്ഥാപനങ്ങള്‍ക്കുള്ള പ്രസക്തിയും സ്വാധീനവും തിരിച്ചറിഞ്ഞാണ് മേല്‍പ്പറഞ്ഞ വ്യവസ്ഥ തന്നെ കാലക്രമേണ രൂപപ്പെട്ടത്. ആ വിശ്വാസമാണ് ബന്ധപ്പെട്ട മന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ഇവിടെ തകര്‍ക്കുന്നത്.
ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ഗവര്‍ണറെ സംബന്ധിച്ച ഭാഗങ്ങള്‍ ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് ഇന്ന് സംഘടിപ്പിക്കാനാകും. പക്ഷേ അത് പള്ളിക്കൂടങ്ങളിലെ പാഠഭാഗങ്ങള്‍ ആക്കുന്നത് ഗൗരവമായ ആലോചനകളും നിരവധി ഘട്ടങ്ങളിലൂടെ ക്രമേണ വികസിപ്പിക്കേണ്ടതുമായ ഒരു പ്രക്രിയയാണ്. അത്ര ഗൗരവവും സൂക്ഷ്മവുമായ സമീപനം അനിവാര്യമായ പ്രവൃത്തിയെ, ഒരു മന്ത്രിയുടെ അഹങ്കാര സാക്ഷാത്കാരത്തിന് വേണ്ടി എസ്.സിഇആര്‍ടി അതിലാഘവത്തോടെ സമീപിക്കുമ്പോള്‍, ആ പാഠഭാഗങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അവരെത്ര അവജ്ഞയോടെയാണ് പരിഗണിക്കുന്നത് എന്ന് ആലോചിച്ചു നോക്കൂ! ഭരണകൂടത്തിന്റെയോ അല്ലെങ്കില്‍ ഏതെങ്കിലും നേതാവിന്റെയോ അപ്പപ്പോഴുള്ള ആജ്ഞകള്‍ക്കനുസൃതമായി പാഠഭാഗങ്ങള്‍ ധൃതി പിടിച്ച് തയ്യാറാക്കി പുറത്തിറക്കുന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ‘സ്വകാര്യ’ പ്രസിദ്ധീകരണശാലയാവരുത് എസ്.സിഇആര്‍ടി.
മറുവശത്ത്, ഗവര്‍ണറെ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച മന്ത്രിയും കൂടെയുള്ളവരും പഴയൊരു നിയമസഭാരംഗവും കൂടി പൊടിതട്ടിയെടുത്താല്‍ ഉചിതമായിരിക്കും. കെ.എം. മാണിയുടെ ബജറ്റവതരണത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നടന്ന അതിക്രമവും പൂരപ്പാട്ടും ഓര്‍ത്തെടുക്കാനാകുമെങ്കില്‍, നിയമസഭയ്‌ക്കകത്ത് സാമാജികര്‍ എങ്ങനെ പെരുമാറണമെന്നത് കൂടി പാഠപുസ്തകങ്ങളില്‍ ചേര്‍ക്കാന്‍ (പ്രത്യേകിച്ചും) മന്ത്രി ശിവന്‍കുട്ടിക്ക് തന്നെ നിര്‍ദ്ദേശം കൊടുക്കാനാകും. അല്ലാത്തപക്ഷം അദ്ദേഹത്തോട് അതാവശ്യപ്പെടാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാലം അത്ര വിദൂരമായിരിക്കില്ല.
(പിറവം ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)











