സി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍
ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം
തികച്ചും രാഷ്‌ട്രീയപ്രേരിതമാണ് നാളെ നടക്കുന്ന ദേശീയ പണിമുടക്ക്. ആവശ്യങ്ങളില്‍ വ്യക്തത കൊണ്ടുവരാന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തവര്‍ക്ക് കഴിഞ്ഞിട്ടില്ല. യോജിക്കാന്‍ കഴിയുന്ന മേഖലകളില്‍ സംയുക്ത ട്രേഡ് യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും ഇടതു ട്രേഡ് യൂണിയനുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്.
ലേബര്‍ കോഡുകള്‍ അപ്പാടെ ഉപേക്ഷിക്കണമെന്നതാണ് പ്രധാന ആവശ്യം. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണ്. 1999 ല്‍ മുന്‍ കേന്ദ്രമന്ത്രി രവീന്ദ്ര വര്‍മ്മ കമ്മീഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച രണ്ടാം തൊഴില്‍ കമ്മീഷന്‍ 2002 ജൂണില്‍ , 24 കേന്ദ്ര നിയമങ്ങളെ നാല് തൊഴില്‍ നിയമങ്ങളാക്കി ചുരുക്കണമെന്നും നിയമങ്ങള്‍ കൂടുതല്‍ സുതാര്യവുമാകണമെന്നും സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
ഇതിന്റെ ചുവടു പിടിച്ചാണ് ഒന്നാം മോദി സര്‍ക്കാര്‍ നാല് ലേബര്‍ കോഡുകള്‍ ശുപാര്‍ശ ചെയ്യുന്നതും എളമരം കരീമടക്കമുള്ള പാര്‍ലമെന്ററി (തൊഴില്‍കാര്യ)സമിതി മുമ്പാകെ ചര്‍ച്ചയ്‌ക്കു വന്നതും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാഷ്‌ട്രപതി ഒപ്പുവച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയതും. ഇതില്‍ ഉള്‍പ്പെട്ട വേജ് കോഡ്-സോഷ്യല്‍ സെക്യൂരിറ്റി കോഡ്- വ്യവസായ ബന്ധ കോഡ് (Indtsurial Relation code) ഇവയില്‍ ഏറ്റവും വിപ്ലവകരവും ചരിത്രപരവുമായി മാറുന്ന രണ്ടു കോഡുകളാണ് വേജ് കോഡും സാമൂഹ്യ സുരക്ഷാ കോഡ് അഥവാ സോഷ്യല്‍ സെക്യൂരിറ്റി കോഡും.
1948ല്‍ നിലവില്‍ വന്ന മിനിമം വേജസ് നിയമം 1952 മുതലാണ് നടപ്പാക്കിയത്. ഇന്ത്യന്‍ തൊഴിലാളി സമൂഹത്തില്‍ കേവലം ഏഴു ശതമാനം തൊഴിലാളികള്‍ക്കു മാത്രമാണ് ഇതിന്റെ പ്രയോജനം.
എന്നാല്‍ വേജ് കോഡ് നടപ്പാകുന്നതോടുകൂടി രാജ്യത്തെ സംഘടിത, അസംഘടിത മേഖല എന്ന വ്യത്യാസമില്ലാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേജസ് ഉറപ്പു നല്‍കുന്നു. വേതനം
നിശ്ചയിക്കുന്നതിന് കേന്ദ്ര സംസ്ഥാന ഘടനയും കൃത്യമായി നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സാധാരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന വേജ്‌കോഡ് തള്ളിക്കളയണമെന്നു പറയുന്നതിന്റെ യുക്തിയെന്താണ്?
ഇന്നലെ വരെ ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയുമില്ലാതിരുന്ന അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സോഷ്യല്‍ സെക്യൂരിറ്റി കോഡിലൂടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുമ്പോള്‍ എന്തര്‍ത്ഥത്തിലാണ് കോഡുകളാകെ തള്ളിക്കളയണമെന്ന് ആവശ്യപ്പെടുന്നത് പകരം തെറ്റായ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചു നടപ്പാക്കാനല്ലെ ആവശ്യപ്പെടേണ്ടത്, അവിടെയാണ് ട്രേഡ് യൂണിയന്‍ ഐക്യത്തെ അപ്പാടെ അസ്ഥിരപ്പെടുത്തിക്കൊണ്ട് രാഷ്‌ട്രീയ ലാഭത്തിനു വേണ്ടിയുള്ള പണിമുടക്കു മാത്രമായി ഇത് അധഃപതിക്കുന്നത്.
വേതന നിയമം ചരിത്രപരവും വിപ്ലവകരവുമാണ് എന്നാണ് ബിഎംഎസ്സിന്റെ അഭിപ്രായം. സാര്‍വത്രികമായി ഒരു മിനിമം വേതനം നടപ്പാക്കുന്നതിന് നിയമം വഴിയൊരുക്കുകയാണ്. സംഘടിത മേഖലയിലും അസംഘടിത മേഖലയിലും ഒരുപോലെ മിനിമം വേതനം നിശ്ചയിക്കുന്നത് രാജ്യത്ത് ആദ്യമായിട്ടാണ്. പ്രോസിക്യൂഷനുള്ള അധികാരം ലേബര്‍ ഇന്‍സ്പെക്ടര്‍മാരില്‍ മാത്രം നിക്ഷിപ്തമായിരുന്നുവെങ്കില്‍ ആയത് പരാതിക്കാരനായ തൊഴിലാളിക്കും ട്രേഡ് യൂണിയനും പുതിയ നിയമത്തിലൂടെ ലഭ്യമാവുകയാണ്. സാമൂഹ്യ സുരക്ഷാ കോഡി (oscial securtiy code)ലെ പല വകുപ്പുകളും തൊഴിലാളികള്‍ക്ക് ഗുണകരമാണ്. ദുര്‍ഘട ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴിലാളികളുടെ എണ്ണം പരിഗണിക്കാതെ തന്നെ ഇഎസ്ഐ ആനുകൂല്യം നല്‍കുന്നതിന് ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം അധികാരം നല്‍കുന്നു. ഇഎസ്ഐയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തൊഴിലുടമ തയ്യാറാകാതിരുന്നാലും തൊഴിലാളി വിഹിതം അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയാലും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. ഈ വ്യവസ്ഥ എല്ലാ സാമൂഹ്യ സുരക്ഷാ പദ്ധതികളിലേക്കും വ്യാപിക്കേണ്ടതുണ്ട്. ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും വേര്‍തിരിവില്ലാതെ ഇപിഎഫ്, ഇപിഎസ്, ഇഡിഎല്‍ഐ എന്നിവ നടപ്പാക്കണമെന്ന് നയം അനുശാസിക്കുന്നു. ഇപ്പോള്‍ ചില വ്യവസായങ്ങളെ മാത്രമാണ് ലിസ്റ്റില്‍പ്പെടുത്തിയിരിക്കുന്നത്. ജോലി സ്ഥലത്തുനിന്നുള്ള യാത്രക്കിടയിലും ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടയിലും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കൂടി നിയമം നഷ്ടപരിഹാരം ഉറപ്പുനല്‍കുന്നു. തൊഴിലാളികളുടെ എണ്ണം പരിഗണിക്കാതെ തന്നെ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് സാമൂഹ്യ സുരക്ഷാ കോഡ് നിഷ്‌കര്‍ഷിക്കുന്നു. തൊഴിലാളി സമൂഹത്തിന് ഗുണകരമായ ഈ സാമൂഹ്യ സുരക്ഷാ കോഡാണ് പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.
സിപിഎം നയരേഖയും പണിമുടക്ക് ഡിമാന്റുകളും എങ്ങനെ
പൊരുത്തപ്പെടും നയരേഖയില്‍ പറഞ്ഞത് ”കേരളത്തില്‍ വ്യവസായം വരാന്‍ തൊഴിലാളി സംഘടനകള്‍ തെറ്റുതിരുത്തണം; വേതനം നിര്‍ണയിക്കുമ്പോള്‍ തൊഴിലാളി ഭാഗത്തുനിന്ന് മാത്രമല്ല വ്യവസായികളുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കണം” എന്നാണ്. മാത്രമല്ല മിനിമം വേതനം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ വ്യവസായ സ്ഥാപനം നടത്തേണ്ടതില്ല എന്ന നയം രാജ്യത്തു നിലനില്‍ക്കെ പാര്‍ട്ടി നയരേഖ പറയുന്നത് ”വേതനം നിശ്ചയിക്കുമ്പോള്‍ സ്ഥാപനത്തിന്റെ കൂടി സാമ്പത്തിക സ്ഥിതി പരിഗണിക്കണം; മിനിമം വേതനം കൊടുക്കാന്‍ ശേഷിയില്ലെങ്കില്‍ കൊടുക്കേണ്ടതില്ല എന്നു തന്നെയല്ലേ പറഞ്ഞതിന്റെ അര്‍ത്ഥം. ഈ നയവും പണിമുടക്കു ഡിമാന്റും എങ്ങനെ ഒത്തുപോകും.
മിനിമം വേതനം 26000 രൂപയാക്കണമെന്നാണ് അവരുടെ ആവശ്യം. സിപിഎം ഉം സിപിഐയുമാണ് കേരളം ഭരിക്കുന്നത്. കേരളത്തിലെ തൊഴിലാളികളുടെ സ്ഥിതിയെന്താണ്, മഴയും വെയിലുംകൊണ്ട് തെരുവില്‍ പോരാടുന്ന ആശാ വര്‍ക്കര്‍മാരോട് ഇവര്‍ എന്തു നീതിയാണ് കാട്ടിയത്. 50രൂപ കൂട്ടിക്കൊടുക്കാന്‍ തയ്യാറായോ, ചില്ലിക്കാശ് തരില്ല എന്നതായിരുന്നു ഇടതുപക്ഷ നയം.
കേരളത്തില്‍ 800 ല്‍ അധികം കശുവണ്ടി ഫാക്ടറികളും മൂന്നരലക്ഷത്തിലധികം കശുവണ്ടി തൊഴിലാളികളുമുണ്ടായിരുന്നു. ഇന്ന് എന്താണവരുടെ സ്ഥിതി. ബഹുഭൂരിപക്ഷം ഫാക്ടറികളും പൂട്ടി. 100 ല്‍ താഴെ മാത്രം ഫാക്ടറികള്‍ വലപ്പോഴും പുക ഉയരുന്നു. നാമമാത്രമായി തൊഴിലാളികള്‍ക്കു പണി കിട്ടുന്നു, മാസത്തില്‍ ആറായിരം രൂപ കിട്ടിയാലായി. ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. ഒരാശ്വാസവും സര്‍ക്കാര്‍ നല്‍കുന്നില്ല.
ആലപ്പുഴ കയര്‍മേഖലയില്‍ തൊഴിലാളി പട്ടിണിയിലാണ്. കയര്‍ പിരിക്കുന്നവരുടെ കൂലി 2018 ല്‍ നിശ്ചയിച്ചത് 2022 ല്‍ കാലഹരണപ്പെട്ടു. പിന്നീട് ഒരു മാറ്റവും വരുത്താന്‍ തയ്യാറായില്ല. തൊഴിലുമില്ല കൂലിയുമില്ല എന്നതാണ് സ്ഥിതി. കേരളത്തില്‍ ചകിരി തമിഴ് നാട്ടില്‍ നിന്നു വരണം, സ്ഥാപനങ്ങള്‍ ഒന്നൊന്നായി തമിഴ്നാട്, കര്‍ണാടകത്തിലേക്കു ചേക്കേറുന്നു. കേരളത്തില്‍ തോട്ടം തൊഴിലാളികളുടെ അവസ്ഥയെന്താണ്. ഏതാനും വിഭാഗത്തിന് ഒഴിച്ചുനിര്‍ത്തിയാല്‍ 500 രൂപയില്‍ താഴെയാണ് ദിവസക്കൂലി. അതും വല്ലപ്പോഴും മാത്രമാണ് ജോലിയുള്ളത്. അവര്‍ക്ക് ഇനിയും അടച്ചുറപ്പുള്ള വീടു നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല പതിവുപോലെ ചോര്‍ന്നൊലിക്കുന്ന ലയങ്ങളില്‍ ചുരുണ്ടുകൂടാന്‍ അവര്‍ വിധിക്കപ്പെട്ടിരിക്കുന്നു. കെഎസ്ആര്‍ടിസിയില്‍ 4000 ത്തില്‍ അധികം എംപാനലുകാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കൊടുത്തിരുന്ന കൂലി 400 രൂപയായിരുന്നു. ഒടുവില്‍ അവര്‍ കണ്ണീരോടെ റാക്ക് താഴെ വച്ച് പടിയിറങ്ങി. ഇങ്ങനെ തൊഴിലാളി ചൂഷണത്തിന്റെ എത്രയെത്ര ഉദാഹരണങ്ങള്‍, കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ 60 ശതമാനത്തിലധികം ഇന്ന് കരാര്‍ തൊഴിലാളികളാണ്. പാര്‍ട്ടി ഓഫീസുകള്‍ കരാര്‍ നിയമനത്തിന്റെ ആസ്ഥാനമാക്കി മാറ്റി. കരാര്‍വല്‍ക്കരണം അവസാനിപ്പിക്കണമെന്ന ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം എത്ര സുന്ദരമാണ്. സെക്രട്ടറിയേറ്റിനുള്ളില്‍ മാത്രമുണ്ട് ആയിരത്തിലധികം കരാറുകാര്‍.
കര്‍ഷകര്‍ക്കു നീതിക്കും താങ്ങുവിലക്കും വേണ്ടിയാണല്ലോ ഈ മഹാസമരം കേരളത്തിലെ സ്ഥിതിയെന്നാണ് നെല്ലിന് താങ്ങുവിലയായി (ഒരു കിലോക്ക്) 28 രൂപ 20 പൈസ ആണ് കൊടുക്കുന്നത്. ഇതില്‍ 23 രൂപ കേന്ദ്രവും 5.20 രൂപ കേരളവും നല്‍കുന്നു. കേരളം കൊടുത്തിരുന്നത് 9.52 രൂപയായിരുന്നു (2020-2021 ല്‍). എന്നാല്‍ ഓരോ പ്രാവശ്യവും കേന്ദ്രം താങ്ങുവില വര്‍ധിപ്പിക്കുമ്പോള്‍ കേരളം കൂട്ടുന്നില്ല. മറിച്ച് സംസ്ഥാന വിഹിതം കുറച്ചുകൊണ്ടേയിരുന്നു. 9.52 രൂപ 5.20 രൂപ എന്ന നിലയില്‍ താഴ്ന്നു, വീണ്ടും 69 പൈസ കേന്ദ്രം കൂട്ടാന്‍ പോകുന്നു. പക്ഷേ കര്‍ഷകര്‍ക്ക് കേരളത്തില്‍ ആ ഗുണം കിട്ടില്ല.
കര്‍ഷകര്‍ കൊയ്‌ത്തു കഴിഞ്ഞ് അടുത്ത കൃഷിക്ക് സമയമായിട്ടും ഏപ്രിലില്‍ കൊടുത്ത നെല്ലിന്റെ പൈസ കിട്ടിയിട്ടില്ല. പിആര്‍എസ് ബാങ്കില്‍ കര്‍ഷകനറിയാതെ അവന്റെ പേരില്‍ ലോണെടുക്കുന്ന മറ്റൊരു തട്ടിപ്പ്, കേരളത്തില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കൂടിയില്ല. 2015 നു ശേഷമുള്ള അതിവര്‍ഷ ആനുകൂല്യം പോലും കൊടുത്തിട്ടില്ല.
കെട്ടിടത്തിന് അനുമതി വേണമെങ്കില്‍ സെസ്സ് കൃത്യമായി അടയ്‌ക്കണം. പക്ഷേ നിര്‍മാണ തൊഴിലാളിക്ക് ക്ഷേമ പെന്‍ഷന്‍ കിട്ടിയിട്ട് 16 മാസമായി. 2024 മാര്‍ച്ച് മുതല്‍ മരണ സഹായധനം പോലും നല്‍കുന്നില്ല. 3,82,000 പേരാണ് ഈ ദുരിതം അനുഭവിക്കുന്നത്. തൊഴിലുറപ്പു മേഖലയില്‍ കേന്ദ്രം 369 രൂപ കൂലി ഇന്ന് നല്‍കുന്നുണ്ട്, എട്ടു തവണ കൂടിയാണ് ഈ തുക എത്തിയത്.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥിതിയെന്ത് ?
45 മാസത്തെ ഡിഎ കുടിശികയാണ് (18%). 10,000 ത്തോളം കോടി രൂപ ഈ ഇനത്തില്‍ ജീവനക്കാര്‍ക്കു കൊടുക്കാനുണ്ട്. അവരുടെ ഒട്ടുമിക്ക ആനുകൂല്യങ്ങളും ലീവ് സറണ്ടര്‍ അടക്കം മരവിപ്പിച്ചു.
കേന്ദ്രമാകട്ടെ കൃത്യമായി, ഡിഎ പ്രഖ്യാപിക്കുന്നു. 8-ാം ശമ്പള കമ്മീഷന്‍ കൃത്യസമയത്ത് പ്രഖ്യാപിച്ച് 2026 ല്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കേരളത്തില്‍ 12-ാം ശമ്പള കമ്മീഷന്‍ സര്‍ക്കാരിന്റെ ചിന്തയില്‍പ്പോലുമില്ല.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പാകുമെന്നതായിരുന്നു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇപ്പോള്‍ എല്ലാം മറന്നവരാണ് ഓള്‍ഡ് പെന്‍ഷനുവേണ്ടി പണിമുടക്കുന്നത്. കേന്ദ്രം പ്രഖ്യാപിച്ച യൂണിഫൈസ് പെന്‍ഷന്‍ സ്‌കീമെങ്കിലും കേരളത്തില്‍ നടപ്പാക്കി ജീവനക്കാരോട് നീതി പുലര്‍ത്തുമോ? ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ പരിപാലനത്തിനുള്ള ‘മെഡിസെപ്പ്’ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. ആശുപത്രി ചെലവിന്റെ പകുതി പോലും ലഭിക്കാത്ത സാഹചര്യം.
കെഎസ്ആര്‍ടിസിയുടെ സ്ഥിതി എന്താണ്. ശമ്പളത്തിനും പെന്‍ഷനും വേണ്ടി ജീവനക്കാര്‍ ഓരോ മാസവും സമരം നടത്തേണ്ട സാഹചര്യം. സ്ഥാപനത്തെ എങ്ങനെ ഇല്ലാതാക്കാം ജീവനക്കാരെ എങ്ങനെയൊക്കെ പ്രതിസന്ധിയിലാക്കാമെന്ന് കച്ചകെട്ടിയിരിക്കുകയാണ്. പാര്‍ട്ടിയും സര്‍ക്കാരും. ബിഎംഎസ് എന്ന സംഘടനയുടെ ആര്‍ജവം ഒന്നുകൊണ്ടു മാത്രമാണ് ജീവനക്കാര്‍ നിലനിന്നു പോകുന്നത്.
കോട്ടയത്തെ ട്രാവന്‍കൂര്‍ സിമിന്റ്സ് എന്ന സംസ്ഥാന പൊതുമേഖലയിലെ ജീവനക്കാരുടെ സ്ഥിതിയെന്താണ്, മാസങ്ങളായി ശമ്പളമില്ല. വിരമിച്ച ജീവനക്കാരന്റെ ഗ്രാറ്റുവിറ്റിക്കു വേണ്ടി കോടതികള്‍ കയറിയിറങ്ങി അവര്‍ മടുത്തു. മുദ്രാവാക്യവുമായി തെരുവില്‍ വരുമ്പോള്‍, സ്വന്തം ഉത്തരവാദിത്വങ്ങളെക്കുറിച്ച്, കേരളത്തിലെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഓര്‍മിപ്പിച്ചുവെന്നു മാത്രം. ഈ സമരം വാസ്തവത്തില്‍ നിങ്ങള്‍ക്കെതിരെ നിങ്ങള്‍ നടത്തുന്ന പണിമുടക്കാണ്.
രാജ്യം വില വര്‍ദ്ധനവ് നിയന്ത്രിച്ച് പൗരന് ആശ്വാസം നല്‍കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വില വര്‍ധനവും നേരിടുകയാണ് മലയാളി. മട്ട അരിക്ക് 62 രൂപ. ഒരു കിലോ വെളിച്ചെണ്ണ 500 രൂപ. ഒരു കിലോ നാളികേരം 92 രൂപ. ഓരോ വസ്തുക്കളുടെയും വില നിയന്ത്രണാതീതമായി കുതിക്കുകയാണ്.
ഏറ്റവും കൂടിയ നികുതി, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, ഫെയര്‍ ചാര്‍ജ് എന്നു വേണ്ട ജനജീവിതം ദുസ്സഹമാക്കിയ ഇടതു സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പണിമുടക്ക് എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങള്‍ ഇവിടെ അവശേഷിക്കുകയാണ്.
കേരളത്തിന്റെ ആശുപത്രികളുടെ പതിതാപകരമായ അവസ്ഥ ഡോ. ഹാരിസിലൂടെ നാം കേട്ടു. കോട്ടയത്ത് ആശുപത്രി കെട്ടിടം തകര്‍ന്ന് ജീവന്‍ പൊലിഞ്ഞതും നാം കണ്ടു. നമ്പര്‍ വണ്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് മുഖ്യമന്ത്രി ചികിത്സക്ക് പോകുന്നു. ഈ വേളയില്‍ തന്നെ വേണം പണിമുടക്കു നടത്താന്‍.
2022 മാര്‍ച്ച് 28, 29 ന് രണ്ടു ദിവസത്തെ പണിമുടക്കില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ”ദേശത്തെ രക്ഷിക്കുക-റിപ്പബ്ലിക്കിനെ രക്ഷിക്കൂ” എന്നായിരുന്നു. വാസ്തവത്തില്‍ നിങ്ങള്‍ രക്ഷിക്കുകയല്ല. കേരളത്തിലെ ജനങ്ങളെ മാത്രം ശിക്ഷിക്കുകയാണ്‌ചെയ്തത് പണിമുടക്ക് രാജ്യത്ത് ഒരു ചലനവും ഉണ്ടാക്കിയില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, പതിവുപോലെ പ്രവര്‍ത്തിച്ചു. സാധാരണക്കാരന്റെ ജീവിതം മാത്രം നിങ്ങള്‍ താറുമാറാക്കി, കേരളത്തെ കൂടുതല്‍ സാമ്പത്തിക അരാജകത്വത്തിലേക്കും നയിച്ചു. അതല്ലാതെ മറ്റൊന്നും ഈ പണിമുടക്കിലും സംഭവിക്കില്ല.
നിയന്ത്രണം കൊണ്ടുവരേണ്ടത് കേരളത്തിലെ ധൂര്‍ത്തിനാണ്. പിഎസ്സി ചെയര്‍മാന്റെ ശമ്പളം 2.45 ല.ക്ഷത്തില്‍നിന്ന് 3.87 ലക്ഷമാക്കിയും അംഗങ്ങളുടേത് 2.19 ലക്ഷത്തില്‍നിന്ന് 3.80 ലക്ഷമായും ഉയര്‍ത്തി. 2016 മുതലുള്ള ആനുകൂല്യവും കൊടുത്തിരിക്കുന്നു. 3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ 21 പേരാണ് പിഎസ്സി അംഗങ്ങള്‍. 30കോടിയോളം ജനസംഖ്യയുള്ള മഹാരാഷ്‌ട്രയില്‍ 7 പേര്‍. ഇവിടെ ലിസ്റ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയല്ലാതെ നിയമനം ഇവരുടെ ഉത്തരവാദിത്വവുമല്ല. ഇതാണു മാതൃകയെന്നിരിക്കെ സംസ്ഥാനത്തെ സാധാരണക്കാര്‍, തൊഴിലാളികള്‍ വലിയ പ്രതിഷേധത്തിലുമാണ്. രാഷ്‌ട്രീയപ്രേരിതമായ ഈ പണിമുടക്കില്‍ നിന്നും ബിഎംഎസ് വിട്ടുനില്‍ക്കുന്നു.
















