ടെൽ അവീവ് : ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം 12 ദിവസമാണ് നീണ്ടുനിന്നത്. യുദ്ധസമയത്ത് ഇരു രാജ്യങ്ങളും പരസ്പരം നിരന്തരം ആക്രമിച്ചു. ഇപ്പോൾ ഇസ്രായേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ പുതിയ കണക്ക് ഇറാൻ സർക്കാർ പുറത്തുവിട്ടു.
ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 1,060 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഈ കണക്ക് വർദ്ധിച്ചേക്കാമെന്നും ഇറാൻ സർക്കാർ അറിയിച്ചു. ഇറാനിലെ ‘ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്‌സ് ആൻഡ് വെറ്ററൻസ് അഫയേഴ്‌സ്’ മേധാവി സയീദ് ഒഹാദി തിങ്കളാഴ്ച രാത്രി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് മരിച്ചവരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. ചില ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ 1,100 ആകാമെന്ന് ഒഹാദി കൂട്ടിച്ചേർത്തു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇറാൻ പതുക്കെ തങ്ങൾക്കുണ്ടായ നാശത്തിന്റെ വ്യാപ്തി അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും തങ്ങളുടെ സൈന്യത്തിന് എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 436 സാധാരണക്കാരും 435 സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടെ 1,190 പേർ കൊല്ലപ്പെട്ടതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തക സംഘം പറഞ്ഞു, ആക്രമണങ്ങളിൽ 4,475 പേർക്ക് പരിക്കേറ്റെന്നും സംഘടന പറഞ്ഞു.
ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാന്റെ നഷ്ടം വിലയിരുത്തിയാൽ ഏറ്റവും വലിയ നഷ്ടം അവരുടെ 14 ആണവ ശാസ്ത്രജ്ഞരുടെ മരണമാണ്. ഇറാന്റെ ആണവ പദ്ധതി ഈ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയായിരുന്നു. കൂടാതെ ഈ ആക്രമണങ്ങൾ അവരുടെ വ്യോമ പ്രതിരോധ സംവിധാനത്തെയും തകർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: