ടെൽ അവീവ് : ഗാസയിൽ വീണ്ടും ഇസ്രായേൽ സൈനികർക്ക് നേർക്ക് ഹമാസ് തീവ്രവാദികളുടെ ആക്രമണം. വടക്കൻ ഗാസയിൽ പട്രോളിങ്ങിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം ചൊവ്വാഴ്ച അറിയിച്ചു. പട്രോളിങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചപ്പോൾ സൈനികർ പട്രോളിംഗിലായിരുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരെയും പരിക്കേറ്റവരെയും രക്ഷിക്കാൻ അയച്ച അധിക സേനയ്‌ക്ക് നേരെയും ഭീകരർ വെടിയുതിർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസയിൽ കഴിഞ്ഞ 21 മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പിന്തുണയുള്ള വെടിനിർത്തൽ നിർദ്ദേശം ഇസ്രായേലും ഹമാസും പരിഗണിക്കുന്ന സമയത്താണ് ഈ അക്രമം നടന്നത്.
2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണം നടത്തിയതിനെത്തുടർന്നാണ് ഇസ്രായേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചത്. ഹമാസ് ഭീകരർ ഇസ്രായേലിനെ ആക്രമിച്ച് ഏകദേശം 1,200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: