കോട്ടയം: ജില്ലയില്‍ പലയിടത്തും ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. മലിനമായ ആഹാരവും കുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകും. മലിനമായ ജല സ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ ആരംഭിച്ചാല്‍ രോഗബാധ തടയാനാകും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: