ചെന്നൈ: കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. മൂന്ന് കുട്ടികളുടെയും വാൻ ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്.
കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ആറാം ക്ലാസ് വിദ്യാർത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ചാരുമതി, ചെഴിയൻ എന്നിവരാണ് മരിച്ചത്. ട്രെയിൻ വരുംമുൻപ് വാൻ കടത്തി വിടണമെന്ന് ഡ്രൈവര്‍ നിർബന്ധിച്ചു. ഇതു കാരണം ഗേറ്റ് അടയ്‌ക്കാൻ വൈകിയതാണ് അപകട കാരണമെന്ന് റെയിൽവേ അറിയിച്ചു. ഗേറ്റ് കീപ്പറെ റെയിൽവേ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അപകടത്തിൽ ഖേദം പ്രകടിപ്പിച്ച റെയിൽവേ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും. അപകടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചു.
ഗുരുതരമായി പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും, പരിക്കേറ്റ മറ്റുള്ളവർക്ക് 50,000 രൂപയും ധനസഹായം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: